സുശാന്തിൻ്റെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം, ആദരാഞ്ജലികൾ നേർന്ന് താരങ്ങൾ
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വാർത്ത വിശ്വസിക്കാൻ ഇപ്പോഴും സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് ആരും ചിന്തിച്ചില്ലെന്ന് വേണം കരുതാൻ.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വാർത്ത വിശ്വസിക്കാൻ ഇപ്പോഴും സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് ആരും ചിന്തിച്ചില്ലെന്ന് വേണം കരുതാൻ.
ചിച്ചോരെ എന്ന ചിത്രത്തിൽ ആത്മഹത്യാ ഒന്നും ഒരു പരിഹാരമല്ലെന്ന് കാണിച്ച അതെ മനുഷ്യൻ സ്വന്തം ജീവിതത്തിൽ അത് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. സീ ടീവിയുടെ പവിത്ര രിസ്ത എന്ന സീരിയലിലൂടെയായിരുന്നു സുശാന്തിന്റെ അഭിനയത്തിലേക്കുള്ള പ്രവേശനം.
വൈകാതെ ബിഗ് ശ്രീനിലേക്ക് പ്രവേശിച്ചു.ബോളിവുഡിൽ കായി പോ ചെ (2013) എന്ന ചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്ത് സിംഗി(Sushant Singh Rajput)ന് ലഭിച്ചു.
രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാൻസ് കൂടിയെത്തിയതോടെ ബോളിവുഡിലെ എണ്ണം പറഞ്ഞ നടനായി മാറി സുശാന്ത്. പ്രേക്ഷകന് അത്രയേറെ അടുപ്പം തോന്നിപ്പിക്കുന്ന അഭിനയം. പികെയിലെ സർഫ്റാസ് എന്ന കഥാപാത്രത്തിലൂടെ 2014ൽ അദ്ദേഹം വീണ്ടും ആ അടുപ്പം ഉറപ്പിച്ചു. ഇന്ത്യക്കാരിയെ പ്രേമിക്കുന്ന പാക്കിസ്ഥാൻ പയ്യനായി ‘പികെ’യിലെ ക്ലൈമാക്സിൽ അദ്ദേഹം നടത്തിയ അഭിനയം ഇന്നും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും. 2015ൽ ഡിറ്റക്ടീവ് ബ്യോംകേഷ് ഭക്ഷി എന്ന ആക്‌ഷൻ ത്രില്ലറിലും തകർപ്പൻ പ്രകടനമായിരുന്നു.
2016ൽ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ 'എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി' ആയിരുന്നു നടന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രം. കേരള പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി.
മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപ് അമ്മയുടെ ചിത്രം സുശാന്ത് പോസ്റ്റ് ചെയ്തിരുന്നു. മങ്ങിയ ഭൂതകാലം എന്നാണ് അതിന് തലക്കെട്ട് നൽകിയിരുന്നത്.
താരത്തിൻ്റെ വേർപാടിൽ സിനിമാ മേഖലയിൽ നിന്നും കായിക ലോകത്തുനിന്നും രാഷ്ട്രീയ പ്രമുഖരുമൊക്കെയായി നിരവധി പേർ ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്.