തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ സിപിഐ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതിനെതിരെയാണ് സിപിഐയുടെ രൂക്ഷവിമർശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

എഡിറ്റോറിയൽ പൂർണരൂപം: ഗവര്‍ണര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണ പ്രക്രിയയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോഡി ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു. ശക്തമായ കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവി. ഗവര്‍ണര്‍മാരുടെ അത്തരം ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും നിയമസഭകളുടെയും പ്രവര്‍ത്തനത്തിനു ഭീഷണിയും വിഘാതവുമായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് നിയമസഭ സമ്മേളിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി അത്തരത്തില്‍ ഭരണഘടനാ വിരുദ്ധവും നിഷേധാത്മകവുമായ നടപടി പരമ്പരകളില്‍ ഏറ്റവും പുതിയതു മാത്രമാണ്.


കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ കേരളത്തിന്റെ നിലപാട് കേവലം നിയമസഭയുടേതു മാത്രമായിരുന്നില്ല. അത് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പൊതു വികാരത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതിനെതിരെ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം പിന്നീട് തിരുത്തേണ്ടിവന്നുവെങ്കിലും അത്യന്തം പരിഹാസ്യവും ഭരണഘടനാ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതും ആയിരുന്നു. ഇന്ന് അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവര്‍ണറുടെ എതിര്‍പ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണര്‍, പിന്നീട് പിന്‍വലിച്ചെങ്കിലും, പ്രകടിപ്പിച്ചത്.


കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്. ഗവര്‍ണര്‍ എന്നതിനെക്കാള്‍ ഉപരി ബിജെപിയുടെയും സംഘ്പരിവാര്‍ ആശയസംഹിതയുടെയും ഏജന്റായാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു വരുന്നത്. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് വിലക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് ഭരണഘടനയുടെയും പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളുടെയും ലംഘനം മാത്രമല്ല. അത് എല്ലാ അര്‍ത്ഥത്തിലും സംസ്ഥാന സര്‍ക്കാരിനോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് എതിരായി പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്.


തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയോഗിക്കപ്പെട്ടവരാണ് മോഡി ഭരണകൂടം അവരോധിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍. സുപ്രീം കോടതി വിധികളെപ്പോലും കാറ്റില്‍പറത്തിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ചെയ്‌തികള്‍. തെലങ്കാനയിലും ചത്തീസ്ഗഢിലും പഞ്ചാബിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗവര്‍ണര്‍മാര്‍ മികച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പകരം സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തിലും നയപരിപാടികളിലും പ്രതിബന്ധം സൃഷ്ടിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കുന്നതിനുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.


പ്രതിപക്ഷ ഗവണ്മെന്റുകള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഗവര്‍ണര്‍മാരുടെ സാഹസിക ശ്രമങ്ങള്‍ ഭരണഘടനയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകര്‍ച്ചയായിരിക്കും ഫലം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.