നടൻ ആന്റണി വർ​ഗീസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. സിനിമയ്ക്കായി വാങ്ങിച്ച പ്രതിഫലം കൊണ്ടാണ് ആന്റണി വർ​ഗീസ് അനിയത്തിയുടെ കല്യാണം നടത്തിയതെന്നായിരുന്നു ജൂഡ് ജോസഫ് പറഞ്ഞത്. ഇത് തന്റെ കുടുംബത്തിനെ ഏറെ വേദനിപ്പിച്ചെന്ന് പെപ്പെ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജൂഡ് മാപ്പ് പറഞ്ഞത്. റേഡിയോ മാം​ഗോയിക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് മാപ്പ് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

''സത്യമാണെന്ന് പോലും എനിക്ക് അറിയാത്ത കാര്യമായിരുന്നു. അവന്റെ പെങ്ങടെ കല്യാണം ആ സമയത്ത് കഴിഞ്ഞിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഈ കാശ് കൊണ്ടാണ് നടത്തിയതെന്ന്. എന്നിട്ട് ആ കാശ് പ്രൊഡ്യൂസറിന് തിരിച്ച് കൊടുത്തതാകുമെന്ന്. പറഞ്ഞ ടോണും മാറിപ്പോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ പെങ്ങൾക്കും ഫാമിലിക്കും അത് വിഷമമായിട്ടുണ്ട്. ഞാൻ അവരോട് മാപ്പ് പറയുകയാണ്. ഞാൻ അവരെ വിളിച്ചിരുന്നു. പക്ഷേ അവർ ഫോൺ എടുത്തില്ല. ഇത്രയും പറഞ്ഞിട്ട് ഒരാള് വിളിക്കുമ്പോൾ എങ്ങനെ എടുക്കും. ഞാൻ ആ പ്രൊഡ്യൂസറെ മാത്രമെ ഓർത്തുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും പിള്ളേരും കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് ഓർത്ത് പറഞ്ഞതാണ്. ഉള്ളിൽ ഇല്ലാത്ത ദേഷ്യം ആവശ്യമില്ലാതെ വെറുതെ പുറത്തുവന്നപോലെയായി. ഇമോഷണൽ ആയിക്കഴിയുമ്പോൾ വരുന്നതാണ്. പക്ഷേ വളരെ ചീപ്പായി പോയി.'' - ജൂഡ് പറഞ്ഞു.



Also Read: Antony Varghese: 'അദ്ദേഹം ചതിക്കില്ലെന്ന് വിശ്വസിച്ചു, നടത്തിയത് വ്യക്തിഹത്യ'; ജൂഡിനെതിരെ ആന്റണി പെപ്പെ


അതേസമയം സംഭവത്തിൽ പ്രതികരിച്ച് ആന്റണി പെപ്പെ ഇന്ന് വാർത്താ സമ്മേളനം നടത്തിയിരുന്നു. ആന്റണി വർ​ഗീസ് വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞത് - 


ഇതുവരെ മിണ്ടാതിരുന്നത് തന്റെ ഭാ​ഗത്ത് ന്യായമുള്ളത് കൊണ്ടാണെന്നും ആന്റണി വർ​ഗീസ് പറഞ്ഞു. തന്നെക്കുറിച്ച് ‍ജൂഡിന് എന്തും എവിടെയും പറയാം. അതിൽ പ്രശ്നമില്ല. എന്നാൽ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിൽ പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് പെപ്പെ വ്യക്തമാക്കി. 


സിനിമയ്ക്കായി വാങ്ങിയ പണം ഉപയോ​ഗിച്ച് അനിയത്തിയുടെ കല്യാണം നടത്തിയെന്ന പരാമർശം അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ നാണക്കേടാവും. ജൂഡ് നടത്തിയത് വ്യക്തിഹത്യയാണ്. നിങ്ങൾ ആണെങ്കിൽ എങ്ങനെ പ്രതികരിക്കും? അതിൽ വ്യക്തത വരുത്തണം. പരാമർശം വന്നതില്പിന്നെ വീട്ടുകാർ വീടിനു പുറത്തിറങ്ങിയിട്ടില്ലെന്നും പെപ്പെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


താൻ വാങ്ങിയ പണം തിരികെ നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് നിരത്തിയാണ് ആന്റണി വാദിച്ചത്. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മിൽ ഒരു വർഷത്തോളം ഇടവേളയുണ്ട്. പണം കൊടുത്ത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വർഷത്തിന് ശേഷമാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പറഞ്ഞു.


കഥ കേട്ട് ഇഷ്‌ടപ്പെട്ടതും അഡ്വാൻസ് ലഭിച്ചു. ജൂഡിന്റെ സിനിമകൾ ഇഷ്‌ടമായതും ഒരു കാരണമാണ്. സ്വന്തം നാട്ടുകാരനാണ്. പുള്ളി ഒരിക്കലും ചതിക്കില്ല എന്ന് വിശ്വാസം ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ച് എന്റെ കൺഫ്യൂഷനുകൾ പറഞ്ഞു. എന്നാൽ അതിൽ വ്യക്തത വരുത്തിയില്ല. അന്നും ഇന്നും താൻ ജൂഡ് ആന്റണിയുടെ ഫാൻ ആണ് താൻ. സ്വന്തം ചേട്ടനെ പോലെയാണ് അദ്ദേഹം. 


2018 എന്ന സിനിമ ഒരു മികച്ച കലാസൃഷ്‌ടിയാണ്. ഒരുപാട് സുഹൃത്തുക്കൾ ആ സിനിമയുടെ ഭാഗമായിട്ടുണ്ട്. തന്നെക്കുറിച്ചുള്ള പരാമർശത്തിനിടെ RDX എന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ നഹാസിന്റെ പേരും വലിച്ചിട്ടിരുന്നു. വളർന്നു വരുന്ന ഒരു സംവിധായകന്റെ പേര് മറ്റൊരു സംവിധായകൻ എടുത്തിടാൻ പാടില്ലായിരുന്നുവെന്നും ആന്റണി പറഞ്ഞു.


പെല്ലിശ്ശേരി ഇല്ലെങ്കിൽ ജീവിക്കാനുള്ള വകുപ്പ് പോലും തനിക്കു കൊടുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു. ഈ ലോകത്തുള്ള എല്ലാവരും ആരെങ്കിലും നൽകുന്ന അവസരം കൊണ്ടാണ് ഉയർന്നു വന്നിട്ടുള്ളത്. വലിയൊരു പടം ചെയ്യുന്ന ആളിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊന്നും ഉണ്ടാവരുത്. താരസംഘടനയായ അമ്മയുടെ അനുവാദത്തോടെയാണ് താൻ വാർത്താസമ്മേളനം നടത്തുന്നതെന്നും കാര്യങ്ങൾ ഇടവേള ബാബുവിനോട് വിശദീകരിച്ചിട്ടുണ്ട് എന്നും ആന്റണി വർഗീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.