'ഹിമഗിരി തനയേ ഹേമലതേ...' എന്ന പ്രസിദ്ധമായ കീർത്തനത്തിൻ്റെ ചുവടുപിടിച്ച് രവീന്ദ്രൻ ചിട്ടപ്പെടുത്തിയതാണ് മഴയെത്തും മുമ്പേയിലെ 'എന്തിനു വേറൊരു സൂര്യോദയം' എന്ന പാട്ടിൻ്റെ ഈണം. കൈതപ്രത്തിൻ്റെ രചന വൈഭവവും  യേശുദാസിൻ്റെയും ചിത്രയുടെയും ഭാവസാന്ദ്രമായ ആലാപനവും  സിനിമയുടെ തീവ്രമായ പ്രമേയത്തെ പ്രേക്ഷകരിലെത്തിക്കുന്നതിൽ
ഈ ഗാനം വഹിച്ച പങ്കും ഇതിനെ  അനശ്വരഗാനങ്ങളുടെ പട്ടികയിൽ നിർത്തുന്നു. ചരിത്രമായി മാറിയ  ഈ ഗാനത്തിൻ്റെ ഈണം, മഴയെത്തും മുമ്പേ എന്ന സിനിമയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയതല്ലെന്ന കൗതുകകരമായ വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കമൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴയെത്തും മുമ്പേ എന്ന ചിത്രത്തിൻ്റെ രൂപമാകുന്നതിനു മുമ്പ് പാലക്കാട് പശ്ചാത്തലത്തിൽ ഒരു കഥയായിരുന്നു കമലിൻ്റെയും തിരക്കഥയൊരുക്കിയ ശ്രീനിവാസൻ്റെയും മനസ്സിൽ. അഗ്രഹാരത്തിൻ്റെയും രഥോത്സവത്തിൻ്റെയുമൊക്കെ  പശ്ചാത്തലത്തിലുളള കഥ. മമ്മൂട്ടിയോട് കഥ പറഞ്ഞു. അദ്ദേഹത്തിന്  ഇഷ്ടപ്പെട്ടതോടെ സിനിമ മുന്നോട്ടു നീങ്ങാനാരംഭിച്ചു.   പാട്ടുകൾ ചിട്ടപ്പെടുത്താൻ രവീന്ദ്രനെ ഏൽപ്പിച്ചു. ചെന്നൈയിലുളള രവീന്ദ്രനോട് ഫോണിലാണ് കഥ പറഞ്ഞത്. പശ്ചാത്തലം അഗ്രഹാരവും പാലക്കാടുമൊക്കെയായതിനാൽ  കർണാടക സംഗീതച്ചുവയുളള പാട്ടുകൾ മതിയെന്ന് തീരുമാനികുകയായിരുന്നുവെന്ന് കമൽ പറയുന്നു.  


ALSO READ: Director Shafi: ത്രീ കൺട്രീസ് വരുന്നു... ടൂ കൺട്രീസ് രണ്ടാം ഭാ​ഗത്തെ കുറിച്ച് സംവിധായകൻ ഷാഫി


ഒരു പാട്ട് ഹിമഗിരിതനയേ ഹേമലതേ എന്ന കീർത്തനത്തിൻ്റെ ചുവടുപിടിച്ചായാലോ എന്ന നിർദ്ദേശം വച്ചത് രവീന്ദ്രനാണ്. അത് 


സംവിധായകൻ സംഗീതസംവിധായകൻ്റെ ഇഷ്ടത്തിനു വിട്ടു. കമ്പോസിംഗിനായി
പിറ്റേന്നു തന്നെ കോഴിക്കോട്ടേക്ക് തിരിക്കാനും അദ്ദേഹത്തോട്  നിർദ്ദേശിച്ചു. മുരളി ഫിലിംസ് മാധവൻ നായരായിരുന്നു നിർമ്മാതാവ്.  എന്നാൽ അടുത്ത ദിവസം കാര്യങ്ങൾ തകിടംമറിഞ്ഞു. കഥ ചർച്ച ചെയ്യാനിരുന്ന കമലും ശ്രീനിവാസനും ആശയക്കുഴപ്പത്തിലായി. ഈ കഥ പ്രേക്ഷകർ സ്വീകരിക്കുമോ എന്നായിരുന്നു സംശയം. ഒടുവിൽ  ഉച്ചയോടെ തീരുമാനത്തിലെത്തി- ഈ കഥ വിട്ടുകളയാം. പകരം മറ്റൊരു കഥ ആലോചിക്കാം.


നിർമ്മാതാവിനെ വിളിച്ചു കാര്യം പറഞ്ഞു. കമലിനെയും ശ്രീനിവാസനെയും വിശ്വാസമുളളതിനാൽ  അദ്ദേഹത്തിന് എതിരഭിപ്രായം ഉണ്ടായിരുന്നില്ല. മറ്റൊരു കഥ ഇരുവരും കണ്ടെത്തിക്കൊളളും എന്ന ഉറച്ച വിശ്വാസം  അദ്ദേഹത്തിനുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് വൈകിട്ട് പുറപ്പെടാൻ തയ്യാറായിരുന്ന രവീന്ദ്രനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. 
അയ്യോ! എന്തു പറ്റി? എന്നായി അദ്ദേഹം. അങ്ങനെ ആ സിനിമ  അവിടെ കഴിഞ്ഞു.


പ്രശ്നം അതല്ല. മമ്മൂട്ടിയുടെ ഡേറ്റ് ഉളളതാണ്. രണ്ടു  മാസത്തിനകം ഷൂട്ട് തുടങ്ങണം. ഡേറ്റ് നഷ്ടപ്പെട്ടാൽ നിർമ്മാതാവ് പ്രതിസന്ധിയിലാവും.  ആ സമയത്ത് ശ്രീനിവാസൻ തേന്മാവിൻ കൊമ്പത്തിൽ അഭിനയിക്കുന്നുണ്ട്. പൊളളാച്ചിയിലാണ് ഷൂട്ട്. ശ്രീനിവാസൻ കമലിനോടു പറഞ്ഞു," നിങ്ങൾ ഇങ്ങോട്ടു പോരൂ. എനിക്ക് ഇടയ്ക്കേ ഷൂട്ട് ഉണ്ടാവൂ. ഇവിടെയിരുന്നാലോചിക്കാം.  കമലും ശ്രീനിയും പൊളളാച്ചിയിലിരുന്നാലോചിച്ചു. പിന്നീട് ശ്രീനി തിരുവനന്തപുരത്തു ഷൂട്ടിനു പോയി. അവിടെയും കമലും കൂടെപ്പോയിരുന്ന് ആലോചിച്ചു.  ആലോചന നീണ്ടുപോയി. തൃപ്തി തോന്നുന്ന കഥയുണ്ടായതുമില്ല.  


രവീന്ദ്രൻ ഇടയ്ക്കിടെ വിളിച്ച് എന്തായെന്ന് അന്വേഷിക്കും. ഇതിനിടെ മമ്മൂട്ടിയുടെ ഡേറ്റ് പോയി. കഥ പൂർത്തിയാകുന്ന മുറയ്ക്ക് അദ്ദേഹം ഡേറ്റു തരാമെന്ന ധാരണയിലെത്തി. ഇതോടെ നിർമ്മാതാവിന് വേവലാതി തുടങ്ങി. ഇനി കഥയുണ്ടായേ മതിയാവൂ എന്ന പ്രതിസന്ധി ഉടലെടുത്തു.  കഥയ്ക്കായി ഒരാഴ്ചയോളം ശ്രീനിവാസനും കമലും കോഴിക്കോട്  ചർച്ച നടത്തി. ഒന്നും സംഭവിച്ചില്ല. എങ്കിൽപ്പിന്നെ ഷൊർണൂരേക്ക് പോകാം.  അവിടെയിരുന്ന് ആലോചിക്കാമെന്നായി ഇരുവരുടെയും തീരുമാനം. ഈ യാത്രയ്ക്കിടെയാണ്
വനിതാ കോളേജിൽ പഠിപ്പിക്കാനെത്തുന്ന സുന്ദരനും അവിവാഹിതനുമായ പ്രൊഫസറായി മമ്മൂട്ടി എന്ന ആശയം ശ്രീനി പറയുന്നത്. 


സംഗതി കൊളളാം എന്നു തോന്നിയതോടെ കഥ വികസിപ്പിച്ചു. കഥ ഏതാണ്ടു രൂപമായപ്പോൾ മമ്മൂട്ടിയെ വിളിച്ച് ശ്രീനിവാസൻ കഥ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടമായി. കഥ കേട്ട് മമ്മൂട്ടി കുറേ നേരം ചിരിച്ചു.  പിന്നെ കാര്യങ്ങൾ വേഗത്തിലായി. കമ്പോസിംഗിനായി രവീന്ദ്രനെ വിളിച്ചു.  ഇനി മാറ്റമൊന്നുമുണ്ടാവില്ലല്ലൊ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. പാതി  കളിയായിട്ടാണ് ഈ ചോദ്യം. അദ്ദേഹത്തിന് റെക്കോർഡിംഗ് ഉണ്ടായിരുന്നു ചെന്നൈയിൽ.


മാറ്റമൊന്നുമില്ല, കഥയൊക്കെ പൂർത്തിയായെന്ന് കമലിൻ്റെ മറുപടി. അങ്ങനെ കോഴിക്കോട്  മഹാറാണി ഹോട്ടലിൽ രവീന്ദ്രനെത്തി. കൈതപ്രം ഇരിപ്പുണ്ട്. വന്നയുടനെ  പെട്ടിയെടുത്തു വച്ച് (ഹാർമോണിയം) ട്യൂൺ പാടി. അതേ ഹിമഗിരി തനയേ...തൊട്ടുമുമ്പ് ഉപേക്ഷിച്ച സിനിമയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയ അതേ ഈണം.  കമലും ശ്രീനിവാസനും പരസ്പരം നോക്കി. കമൽ പറഞ്ഞു " അല്ല മാഷേ... ഇത് വേറേ കഥയല്ലേ. ഈ കഥയ്ക്ക് ഇത് ചേരില്ല. നമുക്ക് വേറേ ട്യൂൺ പിടിക്കാം..."


അത് രവീന്ദന് വിഷമമായി. പക്ഷെ സംവിധായകന് വേണ്ടത് കൊടുക്കണമല്ലോ.  കൈതപ്രവുമൊത്ത് വേറേ ട്യൂൺ തേടി പെട്ടിയുമായി ഇരുന്നു. വൈകുന്നേരം വരെ പല ട്യൂണുകൾ പരീക്ഷിച്ചെങ്കിലും ഇരുവർക്കും കമലിനും തൃപ്തിയുളള ട്യൂൺ വന്നില്ല.  ശ്രീനിവാസൻ വേറെ ഹോട്ടലിൽ ഇരുന്ന് തിരക്കഥയെഴുതുന്നുണ്ട്. കമൽ 
അങ്ങോട്ടുപോയി. അടുത്ത ദിവസം കമൽ എത്തിയപ്പോൾ രവീന്ദ്രൻ ചോദിച്ചു. " നമുക്ക്  സിറ്റുവേഷന് ചേരുന്ന പാട്ടല്ലേ വേണ്ടത്. ഇതൊന്നു നോക്കൂ...


അദ്ദേഹം പാടിയത് ഹിമഗിരി തനയേ ഹേമലതേയിൽ നിന്ന് 
നേരത്തെ ചിട്ടപ്പെടുത്തിയ ഈണത്തിൽ ചെറിയ മാറ്റം വരുത്തിയൊരു പൂർണ ഈണമായിരുന്നു. വരികൾ എഴുതിയിരുന്നില്ല. സ്വരങ്ങളും ഡമ്മിയുമൊക്കെ ചേർത്ത്  പല്ലവിയും അനുപല്ലവിയും ചരണവുമുളള ഘടന പൂർത്തിയായ പാട്ട്. അ‍ഞ്ചാറു മാസം മനസ്സിൽ  കൊണ്ടുനടന്ന ഇഷ്ടപ്പെട്ട ഈണം വിട്ടുകളയാൻ രവീന്ദ്രന് മനസ്സുവന്നിരുന്നില്ല. 


അത്  അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞുപോയി. അതുകൊണ്ടാണ് പിന്നെയും പഴയ ട്യൂണിൽ തന്നെ പോയിനിന്നത്. ഇത്ര സുന്ദരമായ ഈണം  വിട്ടുകളയുന്നതെങ്ങനെ. മറ്റെവിടെയും ഉപയോഗിക്കാനുമാകില്ല. കൈതപ്രം സുന്ദരമായ വരികൾ കൂടി എഴുതിയതോടെ കമലും ശ്രീനിവാസനും  ഉറപ്പിച്ചു. ഈ ഗാനം ഹിറ്റാവും. അത് അങ്ങനെതന്നെ സംഭവിച്ചു. മലയാളികൾ എക്കാലവും മൂളിനടക്കുന്ന നിത്യഹരിതഗാനമായി എന്തിനു വേറൊരു സൂര്യോദയം മാറുകയായിരുന്നു.   



 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.