സിപിഐ ഒരു കുടുംബത്തിന് എംഎൽഎ സ്ഥാനം നൽകിയത് അഞ്ചു തവണ- എം എ നിഷാദ്
ഡീഗ്രേഡിംഗ് നശീകരണപ്രവണത. മമ്മൂട്ടിയും മോഹൻലാലും ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിടണം. ഷൈൻ ടോം ചാക്കോ നൂറു ശതമാനം പ്രൊഫഷണൽ
കമ്മ്യൂണിസ്റ്റു പാർട്ടി സീറ്റ് നൽകി ഒരു കുടുംബത്തിലേക്ക് അഞ്ചു തവണ എംഎൽഎ സ്ഥാനം പോയിട്ടുണ്ടല്ലോ എന്ന് സംവിധായകൻ എം എ നിഷാദ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിലെ സീറ്റുവിവാദത്തിൽ ഉൾപ്പെട്ടതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം കമ്മിറ്റിയിൽ തൻ്റെ പേര് സ്ഥാനാർത്ഥി ചർച്ചകളിൽ ഉയർന്നുവന്നത് ചൂണ്ടിക്കാട്ടുന്ന എം എ നിഷാദ് തനിക്ക് യോഗ്യതയില്ലേ എന്ന മറുചോദ്യവും ഉന്നയിച്ചു.
" സ്ഥാനാർത്ഥിയാവുന്നതിൻ്റെ അളവുകോലെന്താണ്? ഞാൻ മത്സരിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ല. ഭാവിയിലും തനിക്ക് അത്തരമൊരു താത്പര്യമില്ല"- സീ മലയാളം ന്യൂസിനു നൽകിയ അഭിമുഖത്തിൽ എം എ നിഷാദ് പറഞ്ഞു. പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു, മത്സരിക്കാനുളള സന്നദ്ധത ആരാഞ്ഞിരുന്നു തുടങ്ങിയ പ്രചാരണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും എം എ നിഷാദ് തയ്യാറായില്ല. അതേസമയം, സ്വന്തം നാടായ പുനലൂരിൽ തനിക്കുളള സ്വാധീനമാകാം തന്റെ പേര് ചർച്ചചെയ്തതിനു പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമയിലെ ചെലവിൻ്റെ അറുപത് ശതമാനവും താരങ്ങളുടെ പ്രതിഫലമായാണ് പോകുന്നത്. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ മുന്നോട്ടുപോകില്ല. തുടർച്ചയായി പടം പൊട്ടുമ്പോൾ താരങ്ങൾ നിർമ്മാതാവിൻ്റെ നഷ്ടം നികത്താൻ പണം തിരിച്ചുകൊടുക്കില്ല. ഇടയ്ക്ക് ഒരു പടം അൽപം ശ്രദ്ധിക്കപ്പെട്ടാൻ പ്രതിഫലം ഇരട്ടിയായി വർദ്ധിപ്പിക്കും. സിനിമ പൊന്മുട്ടയിടുന്ന താറാവാണ്. ഇതിനെ ഞെക്കിക്കൊല്ലരുത്. ഇത്തരം പ്രവണതകൾക്കെതിരെ നിർമ്മാതാക്കൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. വിലക്കുമെന്നു പറയും. സ്വന്തം പടത്തിൻ്റെ കാര്യം വരുമ്പോൾ അഡ്ജസ്റ്റ്മെൻ്റുകൾക്കു തയ്യാറാകും. അസോസിയേഷൻ്റെ തലപ്പത്ത് കൊളളാവുന്നവർ ഇരുന്നാലേ മാറ്റമുണ്ടാകൂ. അറുന്നൂറു രൂപ വരിസംഖ്യ അടയ്ക്കാൻ മറന്നുപോയ തന്നെ അംഗത്വത്തിൽ നിന്ന് മാറ്റിയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിയുളളതെന്നും എം എ നിഷാദ് പരിഹസിച്ചു.
ഫാൻസ് അസോസിയേഷനുകൾ നടത്തുന്ന നിരന്തര ഡീഗ്രേഡിംഗ് നശീകരണ പ്രവണതയാണ്. സിനിമയെ തകർക്കാനേ അത് ഉപകരിക്കൂ. മോഹൻലാൽ, മമ്മൂട്ടി ആരാധകരുടെ ഡീഗ്രേഡിംഗ് ഒഴിവാക്കാൻ സൂപ്പർതാരങ്ങൾ ഇടപെട്ട് അസോസിയേഷനുകൾ പിരിച്ചുവിടികയാണ് വേണ്ടത്. സൂപ്പർതാരങ്ങളുടെ കട്ടൗട്ടിൽ പാലൊഴിക്കുന്നതുപോലുളള പ്രവണതകൾ പരിഹാസ്യമാണെന്നും എം എ നിഷാദ് പറഞ്ഞു.
സംവിധാനത്തിനൊപ്പം അഭിനയത്തിലേക്കും ചുവടുവച്ച എം എ നിഷാദിൻ്റെ പുതിയ ചിത്രം സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസാണ്. ഷൈൻ ടോം ചാക്കോയും ബിനു പപ്പുവുമാണ് മറ്റു പ്രധാന അഭിനേതാക്കൾ. നൂറു ശതമാനം പ്രൊഫഷണലാണ് ഷൈൻ ടോം ചാക്കോ എന്നാണ് എം എ നിഷാദ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം അഭിനേതാക്കൾക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...