മാർവൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് റിലീസ് ചെയ്തിരിക്കുകയാണ്. അഞ്ച് മണിക്കായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രദർശനം. ഷോ കഴിഞ്ഞ ശേഷമുള്ള ആരാധകരുടെ പ്രതികരണം ഇതിനോടകം എല്ലാവരും കണ്ട് കഴിഞ്ഞിട്ടുണ്ടാകാം. ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന മാർവൽ സൂപ്പർ ഹീറോയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. ഇതിന് മുൻപ്, ഡോക്ടർ സ്ട്രെയ്ഞ്ച്, തോർ റാഗ്നറോക്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവ‍ഞ്ചേഴ്സ് എൻഡ് ഗെയിം, സ്പൈഡർമാൻ നോ വേ ഹോം എന്നീ ചിത്രങ്ങളിലാണ് ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന നായക കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് കണ്ട് കഴിയുമ്പോൽ മനസ്സിൽ തങ്ങി നിൽക്കുന്നത് എലിസബത്ത് ഓൾസണ്‍ അവതരിപ്പിച്ച വാണ്ട എന്ന കഥാപാത്രമാണ്. വാണ്ടയുടെ ശരിക്കുള്ള ശക്തികളുടെ ഒരു സാമ്പിൾ വെടിക്കെട്ടാണ് നമ്മൾ അവ‍ഞ്ചേഴ്സ് എൻഡ് ഗെയിമിൽ കണ്ടത്. എന്നാൽ വാണ്ട വിഷൻ എന്ന ഡിസ്നി പ്ലസ് സീരീസിൽ വാണ്ട, സ്കാർലറ്റ് വിച്ച് ആയി മാറി തന്‍റെ പ്രകടനം കൊണ്ട് ആറാടുകയായിരുന്നുവെങ്കില്‍ ഈ ചിത്രത്തിൽ സ്കാർലറ്റ് വിച്ചിന്‍റെ ഒരു അഴിഞ്ഞാട്ടം തന്നെ നമുക്ക് കാണാൻ സാധിക്കും. വാണ്ടയുടെ വികാരങ്ങൾക്ക് വാണ്ട വിഷൻ സീരീസ് പോലെ തന്നെ ഇതിലും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. എലിസബത്ത് ഓൾസണ്‍ ഒരേ സമയം പ്രേക്ഷകരെ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനമാണ് കാഴ്ച്ച വച്ചത്. ചുരുക്കിപ്പറഞ്ഞാൽ നായകൻ ഡോക്റ്റർ സ്ട്രെയ്ഞ്ച് ആയിരുന്നുവെങ്കിലും കൈയടി നേടിയത് വാണ്ട ആയിരുന്നു. 



 


സാം റാമിയുടെ സംവിധാനം തന്നെയാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. വിഖ്യാതനായ ഹൊറർ സിനിമകളുടെ സംവിധായകൻ സാം റൈമി മാർവലിന്‍റെ ആദ്യ ഹൊറർ ചിത്രമായ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് ജമ്പ് സ്കെയർ സീനുകൾ അദ്ദേഹം ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ വിഷ്വൽസും കഥാപാത്രങ്ങളുടെ പ്രസന്‍റേഷൻസും എല്ലാം തന്നെ ഒരു പക്കാ ഹൊറർ മൂഡ് ഈ ചിത്രത്തിന് നൽകിയിട്ടുണ്ട്. എലിസബത്ത് ഓൾസന്‍റെ കഥാപാത്രം പ്രേക്ഷകരെ സിനിമയിലുടനീളം വേട്ടയാടും വിധത്തിൽ നല്ല ശക്തമായ രീതിയിൽ സാം റൈമി ചിത്രീകരിച്ചു. മാർവൽ സാം റൈമിക്ക് ഈ ചിത്രത്തിലൂടെ മാക്സിമം ക്രിയേറ്റീവ് ഫ്രീഡം നൽകിയിട്ടുണ്ടെന്നത് വ്യക്തമാണ്. കാരണം മാർവലിന്‍റെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സിനിമയിലുടനീളം വളരെയധികം വയലന്‍റ് സീൻസ് കാണാൻ സാധിക്കും. എന്നാൽ ഇതൊരു പി.ജി 13 ചിത്രമായത് കൊണ്ട് സാധാരണ ആർ റേറ്റഡ് സിനിമകളിൽ കാണുന്നത് പോലുള്ള രംഗങ്ങൾ ഒന്നും തന്നെ പ്രതീക്ഷിച്ച് ഡോക്ടർ സ്ട്രെയ്ഞ്ചിന് ടിക്കറ്റ് എടുക്കണ്ട. 


Also Read: കേരളത്തിൽ വെളുപ്പിന് 5 മണി മുതൽ സ്പെഷ്യൽ ഷോകൾ; ഡോക്ടർ സ്ട്രെയ്ഞ്ചിനെ വരവേൽക്കാനൊരുങ്ങി മാർവൽ ആരാധകർ


 


അടുത്തതായി പറയാനുള്ളത് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം തന്നെയാണ്. വളരെ മികച്ച രീതിയിൽ ഡാനി എൽഫ്മാൻ ചിത്രത്തിന് ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒരുക്കിയിട്ടുണ്ട്. ചിത്രത്തിൽ സംഗീതം കൊണ്ട് ഒരു സംഘട്ടന രംഗം ഉണ്ടെന്ന് പറയുമ്പോൾ ഊഹിക്കാൻ സാധിക്കുമല്ലോ അതിന്‍റെ റെയ്ഞ്ച് എത്രമാത്രം ആണെന്ന്. സിനിമയിലെ വിഷ്വൽ എഫക്റ്റുകളും 3ഡി രംഗങ്ങളും എല്ലാം ഡോക്റ്റർ സ്ട്രെയ്ഞ്ചിന്‍റെ ആദ്യ ഭാഗത്തിലെപ്പോലെ തന്നെ മികച്ച് നിന്നു. ഷോസിലിൻ ഗോമസ് അവതരിപ്പിച്ച അമേരിക്കൻ ചാവെസ് എന്ന ആദ്യ എല്‍.ജി.ബി.ടി.ക്യൂ സൂപ്പർ ഹീറോ കഥാപാത്രം ആദ്യാവസാനം സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. മികച്ച ഒരു ബാക്ക് ഗ്രൗണ്ട് സ്റ്റോറിയുടെ പിൻബലത്തോടെ അവതരിപ്പിച്ച കഥാപാത്രം ഈ ഒറ്റ സിനിമയോട് കൂടി പലരുടെയും ഫേവറൈറ്റ് ആകും എന്നതിൽ സംശയമില്ല. മാർവലിന്‍റെ ഭാവി ചിത്രങ്ങളിൽ ഈ കഥാപാത്രത്തെ ഇനിയും കാണാൻ സാധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 


ചിത്രത്തിന്‍റെ പോരായ്മകളിലേക്ക് വന്നാൽ അതിൽ എടുത്ത് പറയേണ്ടത് ബെനഡിക്റ്റ് കംബർബച്ച് അവതരിപ്പിച്ച ഡോക്റ്റർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രം തന്നെ ആയിരുന്നു. കാരണം ഡോക്റ്റർ സ്ട്രെയ്ഞ്ചിന്‍റെ ആദ്യ ഭാഗത്തിലെപ്പോലെതന്നെ സ്റ്റീഫൻ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രത്തിന്‍റെ വികാരങ്ങൾക്ക് ഈ ചിത്രത്തിലും വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു എങ്കിലും അവ വേണ്ട രീതിയിൽ അവതരിപ്പിക്കാനോ പ്രേക്ഷകരിലേക്ക് എത്തിക്കാനോ ചിത്രത്തിന് സാധിച്ചില്ലെന്ന തരത്തിലാണ് പ്രതികരണങ്ങൾ. വാണ്ടയെപ്പോലെ വളരെയധികം ഇമോഷണൽ ബാക്ക്ഗ്രൗണ്ട് ഉള്ള കഥാപാത്രം ഒപ്പം ഉള്ളപ്പോൾ അതിൽ നായക കഥാപാത്രം മുങ്ങിപ്പോവാതിരിക്കാൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മൈക്കൽ വാൽഡ്രൺ ശ്രദ്ധിക്കണമായിരുന്നു. ഡോക്റ്റർ സ്ട്രെയ്ഞ്ചിന്‍റെ ആദ്യ ഭാഗത്തിലേത് പോലെ ബെനഡിക്റ്റിന് നല്ലത് പോലെ പെർഫോം ചെയ്യാൻ സാധിക്കുന്ന ഒരു പശ്ചാത്തലം ഉണ്ടായിട്ടും അത് വേണ്ടത് പോലെ ഉപയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നത് വളരെ നിരാശാജനകം ആയിരുന്നു.


വാട്ട് ഇഫ് ആനിമേറ്റഡ് സീരീസിൽ ഇതിലും മികച്ച രീതിയിൽ ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ വികാരങ്ങളെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ അത് പാടേ പരാജയപ്പെട്ടു. ഇല്ല്യൂമിനാറ്റി എന്ന ടീമിന്‍റെ അവതരണമാണ് മറ്റൊരു പോരായ്മ. മാർവൽ കോമിക്സിൽ വളരെയധികം പ്രാധാന്യം ഉള്ള ഇല്ല്യൂമിനാറ്റി ടീമിനെ സിനിമയില്‍ ആദ്യമായി കൊണ്ട് വന്നപ്പോൾ അതൊരു പകുതി വെന്ത അനുഭവം മാത്രമായിപ്പോയി. കഥാഗതിയനുസരിച്ച് മെൻഷൻ ചെയ്ത് പോകുന്നു എന്നല്ലാതെ അത്രത്തോളം ഇമ്പാക്റ്റ് നൽകാൻ അതിന് സാധിച്ചിട്ടില്ല. 


റിലീസിന് മുൻപുള്ള പ്രതീക്ഷകൾക്കൊത്ത് ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് ഉയർന്നോ എന്ന കാര്യം സംശയമാണ്. എങ്കിലും പ്രേക്ഷകരെ അധികം ഒന്നും നിരാശപ്പെടുത്താത്ത നല്ലൊരു മാർവൽ ചിത്രം തന്നെയാണ് ഡോക്ടർ സ്ട്രെയ്ഞ്ച്. ചിത്രത്തിൽ ഒരുപാടധികം സ്പോയിലറുകൾ ഉണ്ട്. നിങ്ങൾ ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ സാമൂഹിക മാധ്യമങ്ങൾ വഴി നിങ്ങളുടെ വിരൽത്തുമ്പിൽ എത്തുന്നതിന് മുൻപ് ഈ ചിത്രം കാണാൻ ശ്രമിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.