യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം നായകനായ 'വെയില്‍' എന്നാ ചലച്ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍.


ജോബി ജോർജിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ്‌വിൽ എന്‍റർടെയിൻമെന്‍റ്സായിരുന്നു ചിത്രത്തിന്‍റെ നിർമ്മാണം.


തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജോബി സിനിമ ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. 


'സ്നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്‌വിൽ തുടങ്ങിവെച്ച ഒരു സിനിമ,വെയിൽ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്‌വിൽ എല്ലായിപ്പോഴും ജനങ്ങൾക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്നേഹത്തോടെ...' -ജോബി കുറിച്ചു. 


ഷെയ്നിന്‍റെ നിസ്സഹകരണത്തെ തുടര്‍ന്ന് 'വെയില്‍' ചിത്രം മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്  ജോബി പരാതി നല്‍കിയത്. 


അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്. 


കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നുമാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.  


ഷെയ്ന്‍ അഭിനയിച്ചിരുന്ന വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ മൂന്ന് ചലച്ചിത്രങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇതോടെ അസോസിയേഷന്‍ പിന്മാറി.