സൗബിന്റെ ഏറ്റവും പുതിയ ചിത്രം ഇലവീഴാ പൂഞ്ചിറ നാളെ, ജൂലൈ 15 ന് റിലീസാകുകയാണ്. ഇതിനിടയിൽ ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ സുഹൃത്തുക്കൾ മൂന്ന് പേരും ചേർന്ന് അവരുടെ സ്വന്തം തട്ടകത്തെ കുറിച്ച് സിനിമ എടുക്കുമ്പോൾ അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണെന്നാണ് അദ്ദേഹം പറയുന്നത്.  ചുമലിൽ നക്ഷത്രങ്ങളുടെ തിളക്കമില്ലാത്ത വെറും പോലീസുകാരുടെ അക്ഷരങ്ങളും ജീവിതവും  മനുഷ്യമനസ്സുകളിൽ തട്ടി വെട്ടിത്തിളങ്ങുന്നത് കാണാനുള്ള കൊതിയോടെ ഇല വീഴാ പൂഞ്ചിറക്ക് ടിക്കറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


 കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള സായുധ പോലീസ് ബറ്റാലിയനായ KAP 5 ലെ 118 ട്രെയിനികളോടൊപ്പം മലപ്പുറത്തെ MSP യിൽ നിന്നുള്ള ഞങ്ങൾ 13 പേരെയും കൂടെ ചേർത്താണ് തൃശ്ശൂർ രാമവർമ്മപുരത്തെ KAP ഒന്നാം ബറ്റാലിയനിൽ 2003 ഡിസംബർ 20 ന് ട്രെയിനിങ് തുടങ്ങുന്നത്. 131 ട്രെയിനികളായി തുടങ്ങിയ ഞങ്ങൾ ട്രെയിനിങ് കഴിയുമ്പോൾ 95 പോലീസുകാരായി ചുരുങ്ങിയിരുന്നു.


ALSO READ: “സൗബിൻറെ സമാനതകളില്ലാത്ത പ്രകടനത്തിന് ‘ഇലവീഴാപൂഞ്ചിറ’ സാക്ഷ്യം വഹിക്കും!" നിർമ്മാതാവ്‌ വിഷ്ണു വേണു


 ചിലരൊക്കെ താങ്ങാനാവാതെ ഉപേക്ഷിച്ചു പോയി. ചിലരൊക്കെ പരിക്കേറ്റു കണ്ണീരോടെ പിരിഞ്ഞു പോയി. ജോസഫ് എന്നൊരു ഹവിൽദാർ കാശ് ചോദിച്ചാൽ കൊടുക്കാത്ത കലിപ്പിന് പലരെയും ചാടിച്ചു ചാടിച്ചു കാല് തകർത്തു പറഞ്ഞയച്ചു. മനു എന്നൊരുവൻ ( മനു കെ പോൾസൺ ) ട്രെയിനിങ് പാതിയാകും മുൻപേ ജീവിതം  സ്വയം അവസാനിപ്പിച്ചു. . രാമവർമ്മപുരത്ത്, ഓട്ടത്തിനിടയിൽ കൂട്ടിയിടിച്ചു വീണ്  ലിഗ്മെന്റ് തകരാറിലായ നിധീഷിനെക്കൊണ്ട് ഗ്രൗണ്ടിൽ ചാടിച്ച് ചാടിച്ച് രസിച്ചു വിക്രമൻ സാർ. ഒടുവിൽ മുട്ട് തകർന്ന്  മടങ്ങേണ്ടി വന്നു നിധീഷിന്. 


   അവസാന ഘട്ടമായപ്പോൾ ട്രെയിനിങ്    കണ്ണൂർ ധർമ്മശാലയിലെ  KAP നാലാം ബറ്റാലിയനിലേക്ക് മാറ്റി. കൂതറ ഹവീൽദാർമാരൊക്കെ തൃശ്ശൂര് നില്കുകയും ഏറ്റവും മികച്ച ഹവീൽദാർമാർ ഞങ്ങളോടൊപ്പം വരികയും ചെയ്തതോടെ ട്രെയിനിങ്ങിന്റെ സ്വഭാവം മാറി. പിന്നീടൊരാൾക്കു പോലും വിട്ടുപോകേണ്ടി വരികയുണ്ടായില്ല. 2004  അവസാനത്തോടെ ഞങ്ങളുടെ പാസിംഗ് ഔട്ട്  നടന്നു. വർഷങ്ങൾക്കു ശേഷം വിക്രമനും ജോസഫും കട്ടേം പടവുമൊന്നുമില്ലാത്ത   മറ്റൊരു ബാച്ചിൽ,  ട്രെയിനിങ് പൂർത്തിയാക്കി നിധീഷും മറ്റു ചിലരും പൊലീസുകാരായി. 


ഇടക്കെപ്പോഴോ വാരാന്ത്യപ്പതിപ്പിൽ Nidhish G  എഴുതിയ  ഒരു മിനിക്കഥ വായിച്ചു. പിന്നെ വാരികകളിൽ കഥകളായി, പുസ്തകങ്ങളായി.. ഒരു പോലീസുകാരന് എങ്ങനെയിത്ര സമയം കിട്ടുന്നു എന്ന സംശയം  ചോദിച്ചപ്പോഴാണ് ഇല വീഴാപൂഞ്ചിറയിലെ ഏകാന്തമായ പോലീസ് ജീവിതത്തെക്കുറിച്ചു പറയുന്നത്. അവിടത്തെ കൂട്ടുപോലീസുകാരനായിരുന്നു Shaji Maraad . നമ്മളെക്കുറിച്ച് കെട്ടിയുണ്ടാക്കുന്ന കഥകളെ നമ്മളെക്കൊണ്ട് തന്നെ വിശ്വസിപ്പിക്കുന്നവൻ. 


ഷാഹിയാകട്ടെ കോട്ടയത്തെ പൊലീസുകാരുടെ സിനിമാ സ്വപ്നങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ധീരൻ. എഴുത്, എഴുത് എന്ന് എന്നെയും  നിധീഷിനെയും മാറാടിനെയുമൊക്കെ രാകി മിനുക്കുന്നവൻ. ( Shahi Kabir ) .  ആ മൂന്ന് ചങ്ങാതിമാരും ചേർന്ന്, അവരുടെ സ്വന്തം തട്ടകത്തിൽ സിനിമയെടുക്കുകയാണ്. അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. അകത്തു നിന്നും പുറത്തു നിന്നുമുള്ള  സ്വാതന്ത്ര്യം.
ചുമലിൽ നക്ഷത്രങ്ങളുടെ തിളക്കമില്ലാത്ത വെറും പോലീസുകാരുടെ അക്ഷരങ്ങളും ജീവിതവും  മനുഷ്യമനസ്സുകളിൽ തട്ടി വെട്ടിത്തിളങ്ങുന്നത് കാണാനുള്ള കൊതിയോടെ ഇല വീഴാ പൂഞ്ചിറക്ക് ടിക്കറ്റെടുക്കുന്നു..ബാക്കി നാളെ കണ്ടിട്ട് പറയാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.