എമ്പുരാനിൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബൈജു സന്തോഷ്. ലൂസിഫറിൽ മുരുകൻ എന്ന രാഷ്ട്രീയക്കാരനായി എത്തിയ ബൈജുവിന്റെ കഥാപാത്രം തിയേറ്ററുകളിൽ വലിയ കയ്യടി നേടിയിരുന്നു. ‘‘ഒരു മര്യാദയൊക്കെ വേണ്ടെടേ’’ എന്ന ബൈജുവിന്‍റെ ഡയലോ​ഗും ഹിറ്റ് ആയിരുന്നു. ബൂമറാം​ഗ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് എമ്പുരാനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബൈജു മറുപടി നൽകിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

‘‘ആ സിനിമയിൽ ഞാനുമുണ്ട്. നാലു ദിവസം മുൻപ് പൃഥ്വിരാജ് എന്നെ വിളിച്ചിരുന്നു. ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയിരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ട് ഉണ്ട്‌. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം’’ എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്ന് ബൈജു പറഞ്ഞു.


Also Read: Sunny Wayne: വെബ് സീരീസുമായി സണ്ണി വെയ്ൻ; ഒപ്പം നിഖില വിമലും - ചിത്രങ്ങൾ‍


 


എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും ബൈജു മറുപടി നൽകി. ‘ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും അറിയില്ല. മലയാള സിനിമയിൽ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗെസ്റ്റ്‌ അപ്പിയറൻസിൽ വന്നാലോ.’’ എന്നും ബൈജു പറഞ്ഞു.


അതേസമയം എമ്പുരാന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും.


ഒരു തെന്നിന്ത്യൻ ചിത്രത്തിന് വേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ട് ആയിരിക്കും എമ്പുരാനായി നടത്തിയത്. കാരണം അത്രയേറെ വീഡിയോകളും ഫോട്ടോകളും പരീക്ഷിച്ച ശേഷമാണ് ടീം ലൊക്കേഷൻ ഉറപ്പിച്ചത്. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. പൃഥ്വിരാജിനൊപ്പം ഛായാഗ്രഹകൻ സുജിത് വാസുദേവ്, കലാസംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്റ്റർ ബാവ തുടങ്ങിയവരാണ് ഉത്തരേന്ത്യയിൽ ലൊക്കേഷൻ ഹണ്ട് നടത്തിയത്.


മുരളി ​ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.