2009 ലാണ് ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തിൽ ലോക സിനിമയിലെ തന്നെ അത്ഭുതമായ അവതാർ എന്ന ചിത്രം പുറത്തിറങ്ങുന്നത്. അന്നേവരെ ആരും കണ്ടിട്ടില്ലാത്ത വിഷ്വൽ ട്രീറ്റായിരുന്നു അത് പ്രേക്ഷകർക്ക് നൽകിയത്. അതുകൊണ്ടുതന്നെ ഏതാണ്ട് മൂന്ന് ബില്ല്യണോടടുപ്പിച്ച് കളക്ഷൻ സ്വന്തമാക്കി അവതാർ ലോക സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറി. പിന്നീട് അവഞ്ചേഴ്സ് പോലെ ബോക്സ് ഓഫീസിലും വിഷ്വൽ ട്രീറ്റിലും അവതാറിനെ വെല്ലുവിളിക്കാൻ പോന്ന നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തുവെങ്കിലും അവതാർ ചർച്ച ചെയ്ത രാഷ്ട്രീയവും കഥയും ചിത്രത്തിന്‍റെ മേക്കിങ്ങ് ക്വാളിറ്റിയും ഇന്നും മികച്ച് നിൽക്കുന്നു. 
അതുകൊണ്ട് തന്നെയാണ് 13 വർഷങ്ങൾക്ക് ശേഷവും ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടി സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. 2009 ൽ കേരളത്തിലെ പരിമിതമായ തീയറ്റർ സൗകര്യങ്ങൾ മാത്രം പ്രയോജനപ്പെടുത്തി അവതാർ കണ്ട മലയാളികൾക്ക് മുന്നിൽ ഇന്ന് ദി വേ ഓഫ് വാട്ടറിന് വേണ്ടി IMAX, 4DX, 4K DOLBY ATMOS തുടങ്ങി അത്യാധുനിക സംവിധാനങ്ങളുള്ള തീയറ്ററുകൾ ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

13 വർഷം കഴിഞ്ഞതിനാൽത്തന്നെ അവതാറിന്‍റെ ആദ്യ ഭാഗത്തിന്‍റെ കഥ പലരും മറന്ന് തുടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ദി വേ ഓഫ് വാട്ടർ പുറത്തിറങ്ങുന്നതിന് മുൻപ് പഴയ അവതാറിന്‍റെ കഥയിലേക്ക് ഒന്നുകൂടി തിരിഞ്ഞ് നോക്കാം.  വർഷം 2154 ലാണ് അവതാറിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ആ സമയം ആയപ്പോഴേക്കും ഭൂമിയിലെ എല്ലാ ഊർജ ശ്രോതസ്സുകളും മനുഷ്യർ ഉപയോഗിച്ച് കഴിഞ്ഞിരുന്നു. പുതിയൊരു ഊർജ ശ്രോതസ്സിന് വേണ്ടി മനുഷ്യർ എത്തിപ്പെടുന്നത് ഭൂമിയിൽ നിന്ന് വളരെ അകലെയുള്ള പാൻഡോറ എന്ന ഗ്രഹത്തിലാണ്. അവിടെ അണപ്റ്റോണിയം എന്ന ഊർജ ശ്രോതസ്സ് സുലഭമായി ലഭ്യമായിരുന്നു. അതുകൊണ്ടുതന്നെ അത് കൈക്കലാക്കാൻ മനുഷ്യർ അവിടേക്ക് എത്തിച്ചേരുന്നു. ഈ ദൗത്യവുമായി അവിടെ എത്തിച്ചേർന്ന ഒരു മുൻ പട്ടാളക്കാരനാണ് ജേക്ക് സുള്ളി. ശരിക്കും അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരനായ തോമസ് സുള്ളിയായിരുന്നു ഈ മിഷന് പോകേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം അവിചാരിതമായി മരണത്തിന് കീഴടങ്ങിയത് കാരണമാണ് ജേക്കിന് ഈ അവസരം ലഭിക്കുന്നത്. 


കാലിൽ ഗുരുതരമായ പരിക്ക് പറ്റി നടക്കാനാകാതെ ജീവിതം തളർന്നിരുന്ന ജേക്കിന് അത് ഒരു പുനർ ജന്മം തന്നെയായിരുന്നു. പാൻഡോറയിലെ മനുഷ്യർക്ക് സമാനമായ ജീവി വർഗമായിരുന്നു നേവികൾ. അണപ്റ്റോണിയം എടുക്കാൻ വന്ന മനുഷ്യർക്ക് മുന്നിൽ ഒരു വലിയ ഭീഷണിയും അവർ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അവതാർ പ്രോഗ്രാം വഴി മനുഷ്യർ നേവികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ജേക്കിന്‍റെ സഹോദരന് വേണ്ടി തയ്യാറാക്കിയ അവതാറാണ് ജേക്കിന് ലഭിച്ചത്. ജേക്ക് പാൻഡോറയിലെ ക്യാമ്പിൽ വച്ച് മൈൽസ് ക്വാറിച്ച് എന്ന ജനറലിനെ പരിചയപ്പെടുന്നു. ജേക്ക് എത്രയും വേഗം അവരെ അണപ്റ്റോണിയം സ്വന്തമാക്കാൻ സഹായിച്ചാൽ ജേക്കിന്‍റെ കാല് ചികിത്സിച്ച് അദ്ദേഹത്തെ പഴയുപോലെ നടക്കാൻ സഹായിക്കാമെന്ന് മൈൽസ് ക്വാറിച്ച് ഉറപ്പ് നൽകുന്നു. നേവികൾ താമസിക്കുന്ന ഹോം ട്രീ എന്ന മരത്തിന് കീഴിലായിരുന്നു അണപ്റ്റോണിയത്തിന്‍റെ അമൂല്യ ശേഖരം നില നിന്നിരുന്നത്. അവിടേക്ക് എങ്ങനെയെങ്കിലും എത്തിപ്പെടുക എന്നുള്ളതായിരുന്നു ജേക്കിന്‍റെ ലക്ഷ്യം. അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതുപോലെ തീർത്തും അവിചാരിതമായ ഒരു സാഹചര്യത്തിൽ ജേക്ക് നേവികളുടെ ഗോത്ര തലവന്‍റെ മകൾ നൈറ്റിരിയെ പരിചയപ്പെടുന്നത്. 


അവൾ വഴി ജേക്ക് നേവികളിലേക്കെത്തുന്നു. ആദ്യം ജേക്കിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും പിന്നീട് നേവികൾ ജേക്കിനെ അംഗീകരിക്കുന്നു. നൈറ്റിരിയോട് ഗോത്ര തലവൻ ജേക്കിനെ അവരുടെ രീതികളെക്കുറിച്ച് പഠിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഇങ്ങനെ നൈറ്റിരിയുടെ സഹായത്തോടെ ജേക്ക് നേവികളുടെ ജീവിതത്തെക്കുറിച്ചും പാൻഡോറയെക്കുറിച്ചും കൂടുതൽ പഠിക്കുന്നു. പതിയെ ജേക്ക് അവരുമായി വല്ലാതെ അടുത്തു. നൈറ്റിരിയും ജേക്കും തമ്മിൽ പ്രണയത്തിലാകുകയും ചെയ്യുന്നു. എന്നാൽ ക്ഷമ നശിച്ച കേണൽ മൈൽസ് ക്വാറിച്ചും സംഘവും ഹോം ട്രീ ആക്രമിക്കുന്നു. ഒരു പ്രശ്ന പരിഹാരത്തിന് ജേക്കും ഡോക്ടർ ഗ്രേസും ഉൾപ്പെടെയുള്ള സംഘം ശ്രമിച്ചെങ്കിലും അവർ അതിൽ പരാജയപ്പെടുന്നു. ജേക്കിൽ നേവികൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുന്നു. മൈൽസ് ക്വാറിച്ച് ജേക്കിനെയും സംഘത്തെയും തടവിലാക്കുന്നു. എന്നാൽ അവര്‍ തന്ത്ര പരമായി അവിടെ നിന്നും രക്ഷപ്പെടുന്നു. എന്നാൽ അതിനിടയിൽ ഡോക്ടർ ഗ്രേസിന് ഗുരുതരമായി പരിക്കേൽക്കുന്നു.


 നേവികൾ എന്നും ഭയത്തോടെ നോക്കിയിരുന്ന തൊറൂക്ക് എന്ന ഭീകരനായ ഡ്രാഗണിനെ ഇണക്കിയെടുത്ത് ജേക്ക് അവരുടെ വിശ്വാസം വീണ്ടും തിരിച്ച് പിടിക്കുന്നു. ഗ്രേസിന്‍റെ ആത്മാവിനെ അവരുടെ അവതാറുമായി ബന്ധിപ്പിക്കാൻ നേവികൾ തങ്ങളുടെ ദൈവമായ ഐവ മരത്തിന്‍റെ സഹായത്തോടെ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. തുടർന്ന് ക്ലൈമാക്സിൽ ജേക്ക് തന്‍റെ അവതാറായി നേവികൾക്കൊപ്പം നിന്ന് മനുഷ്യരോട് യുദ്ധം ചെയ്ത് അവരെ തോൽപ്പിക്കുന്നു. ഇതിനിടയിൽ കേണൽ മൈൽസ് ക്വാറിച്ച് കൊല്ലപ്പെടുന്നു. തുടർന്ന് നേവികൾക്കിടയിൽ അവരിൽ ഒരാളായി പാൻഡോറയിൽത്തന്നെ ജീവിക്കാൻ തീരുമാനിച്ച ജേക്കിന്‍റെ മനുഷ്യ രൂപത്തിൽ നിന്ന് ആത്മാവിനെ ഐവയിലൂടെ അവതാറിലേക്ക് മാറ്റുമ്പോഴാണ് കഥ അവസാനിക്കുന്നത്.  ഈ സംഭവം നടന്ന് 15 വർഷത്തോളം കഴിഞ്ഞ് നടക്കുന്ന കാര്യങ്ങളാണ് അവതാർ ദി വേ ഓഫ് വാട്ടറിൽ പറയുന്നത്. ജേക്കിനും നേവിക്കും ഇപ്പോൾ മക്കളൊക്കെയായി അവർ ഒരു കുടുംബമായി ജീവിക്കുകയാണ്. അതിനിടയിൽ അവര്‍ നേരിടുന്ന പുതിയ ഭീഷണികളെയും പാൻഡോറയിൽത്തന്നെയുള്ള നേവിക്ക് സമാനരായ മെറ്റ്കൈന വംശക്കാരെയും പറ്റിയുള്ള കഥ പറയുന്ന സിനിമയായിരിക്കും അവതാർ ദി വേ ഓഫ് വാട്ടർ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.