Fake News Alert : `സാമന്തയ്ക്കും വിജയ് ദേവർകോണ്ടയ്ക്കും ഖുഷി സിനിമ ഷൂട്ടിങിനിടെ അപകടം`; വാർത്ത വ്യാജം
Samantha Vijay Deverakonda Accident കശ്മീരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഇരു താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞെന്നും സാമന്തയ്ക്കും വിജയ്ക്കും അപകടത്തിൽ പരിക്ക് സംഭവിച്ചുമെന്നുമായിരുന്നു ചില ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ഹൈദരാബാദ് : സിനിമ ചിത്രീകരണത്തിനിടെ നടി സാമന്തയും നടൻ വിജയ് ദേവരകോണ്ടയും അപകടത്തിൽ പെട്ടു എന്നുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ഖുഷി സിനിമയുടെ അണിയറ പ്രവർത്തകർ. കശ്മീരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഇരു താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞെന്നും സാമന്തയ്ക്കും വിജയ്ക്കും അപകടത്തിൽ പരിക്ക് സംഭവിച്ചുമെന്നുമായിരുന്നു ചില ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വാർത്ത നിഷേധിച്ചുകൊണ്ട് ഖുഷി സിനിമയുടെ സംവിധായകൻ ശിവ നിർവാണ രംഗത്തെത്തുകയും ചെയ്തു.
റിപ്പോർട്ടുകളിൽ പറയുന്നത് പോലെ അങ്ങനെ ഒരു അപകടമുണ്ടായിട്ടില്ലയെന്നും ഇരു താരങ്ങളും സുരക്ഷിതരാണെന്നും അറിയിച്ചുകൊണ്ടാണ് സംവിധായകൻ ശിവ നിർവാണ രംഗത്തെത്തിയത്. വ്യാജ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ഫേക്ക് ന്യൂസ് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ സംവിധായകൻ പങ്കുവെക്കുകയും ചെയ്തു. അങ്ങനെ ഒരു അപകടമുണ്ടായിട്ടില്ലയെന്നും കശ്മീരിലെ 30 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് ചിത്രത്തിന്റെ നിർമാണ സംഘം ഹൈദരാബാദിൽ തിരിച്ചെത്തിയെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ഹൃദയം ഫേയിം ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ചിത്രം ഡിസംബർ 23ന് തിയറ്ററുകളിൽ എത്തും. വിജയ് ദേവരകോണ്ടയും സാമന്തയും കൂടാതെ മലയാളം നടൻ ജയറാമും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ടക്ക് ജഗദീഷ്, മജിലി, നിന്നു കോരി എന്ന് ചിത്രങ്ങളുടെ സംവിധായകനായ ശിവ നിർവാണ ഖുഷി ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവി ശങ്കറും ചേർന്നാണ് സിനിമ നിർമിക്കുന്നത്. അല്ലു അർജുൻ ചിത്രം പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. സച്ചിൻ ഖേഡാക്കർ, മുരളി ശർമ, ലക്ഷ്മി, അലി, രോഹിണി വെണ്ണേലാ, രാഹുൽ രാമകൃഷ്ണൻ, ശ്രീകാന്ത് ഐയ്യങ്കാർ, ശരണ്യ പ്രദീപ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി മുരളിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് പ്രവിൻ പുഡി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.