Grace Antony : `പല കാര്യങ്ങൾക്കും നോ കൊണ്ട് എന്റെ അവസരങ്ങൾ നഷ്ടപ്പെട്ടു`; അനുഭവം തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
Grace Antony Interview : തന്റെ ആദ്യത്തെ സിനിമയിൽ ചില കാരണങ്ങൾ കൊണ്ട് പൂർണമായും സഹകരിക്കാൻ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു.
തനിക്ക് ഒരു മികച്ച സിനിമയിലെ അവസരം നഷ്ടപ്പെടാനുണ്ടായ സാഹചര്യം തുറന്ന് പറഞ്ഞ് നടി ഗ്രേസ് ആന്റണി. പല കാര്യങ്ങൾക്കും നോ കൊണ്ട് എന്റെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ ആദ്യത്തെ സിനിമയിൽ ചില കാരണങ്ങൾ കൊണ്ട് പൂർണമായും സഹകരിക്കാൻ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു. തനിക്ക് വർക്ക് ആകാത്ത പലകാര്യങ്ങളും ആ സിനിമയിൽ സംഭവിച്ചിട്ടുണ്ടെന്നും ഗ്രേസ് പറഞ്ഞു.
പിന്നീട് മറ്റൊരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഒരു പ്രൊഡക്ഷൻ കൺട്രോളർ വന്ന് താൻ ഇപ്പഴും അഭിനയിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഒരു പ്രൊഡക്ഷൻ കൺട്രോളറും സംവിധായകനും താൻ അഭിനയം നിർത്തിയതായി പറഞ്ഞുവെന്നും, അതിനാലാണ് ഒരു സിനിമയിൽ വിളിക്കാതിരുന്നതെന്നും ആ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞതായും താരം പറഞ്ഞു. നല്ലൊരു സിനിമയിൽ നല്ലൊരു നടനൊപ്പം നായികയായി അഭിനയിക്കാനുള്ള അവസരം ആണ് നഷ്ടമായതെന്നും താരം പറഞ്ഞു.
പടച്ചോനെ ഇങ്ങള് കാത്തോളീ ആണ് ഗ്രേസ് ആന്റണിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. സഖാവ് ഇന്ദു എന്ന കഥാപാത്രത്തെയാണ് ഗ്രേസ് ആന്റണി ചിത്രത്തിൽ അവതരിപ്പിച്ചത്. നവംബർ 24 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളീ. റിലീസിന് ശേഷം ചിത്രത്തിൻറെ ദൈർഘ്യം വെട്ടികുറിച്ചിരുന്നു. റിലീസ് ചെയ്തപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം രണ്ടര മണിക്കൂർ ആയിരുന്നു. എന്നാൽ ഇത് ചുരുക്കി രണ്ട് മണിക്കൂർ ആക്കുകയായിരുന്നു. പുതിയ പതിപ്പ് തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു.
ബിജിത് ബാല സംവിധാനം ചെയ്‍ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയറാണ്. കണ്ണൂർ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ നടക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. 'ദിനേശൻ' എന്ന ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ് ഭാസി എത്തിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പക്വതയോടെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തിയിട്ടുള്ളത്. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിച്ച നാലാമത്തെ ചിത്രമായിരുന്നു പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ അഥിതി താരമായി സണ്ണി വെയ്‌നും എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...