ദേശങ്ങൾ താണ്ടി വെല്ലുവിളിച്ചും വെല്ലുവിളികൾ ഏറ്റെടുത്തും യുദ്ധം ചെയ്ത് അജയ്യനായി മാറിയ മലൈക്കോട്ടെ വാലിബൻ. എന്നാൽ ഏത് യുദ്ധത്തിലും അദ്ദേഹം തന്റെ നീതിയും ധർമ്മവും മറക്കാറില്ല. വാലിബന്റെ ഓരോ യുദ്ധവും ഒരു നാടിന്റെയോ ഒരു വിഭാഗത്തിന്റെയോ പുതിയ തുടക്കത്തിനുള്ളതായിരുന്നു. എന്നാൽ ചമതകന്റെ വെല്ലുവിളി ഏറ്റെടുത്ത് യുദ്ധം ചെയ്യാൻ പുറപ്പെട്ട വാലിബനെത്തുന്നത് കള്ളച്ചുവടുകളിൽ അഗ്രഗണ്യനായ മാങ്ങോട്ട് മല്ലന്റെ മുന്നിലാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തിൽ എത്തിയ മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മാങ്ങോട്ട് മല്ലനും ചതിയും വഞ്ചനയും നിറഞ്ഞ മല്ലന്റെ അഭ്യാസങ്ങളും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ സിനിമയിൽ ചതിയും വഞ്ചനയും നിറഞ്ഞ മല്ലൻ ആണെങ്കിലും, ജീവിതത്തിൽ കളരിപയറ്റിൽ ലോക റെക്കോർഡുകൾ വാരിക്കൂട്ടിയ നല്ല അസ്സൽ കളരി ഗുരുക്കൾ ആണ് മാങ്ങോട്ടു മല്ലൻ എന്ന ഹരികൃഷ്ണൻ ഗുരുക്കൾ. തന്റെ ജീവിതം കളരിക്കായി ഉഴിഞ്ഞു വെച്ച ഹരികൃഷ്ണൻ ഏകവീര എന്ന കളരി അക്കാഡമി നടത്തുകയാണ്. മുത്തശ്ശന്റെ പാത പിന്തുടർന്ന് ഹരികൃഷ്ണൻ തന്റെ പത്താം വയസ്സിലാണ് കളരി അഭ്യസിക്കാൻ തുടങ്ങിയത്. നഴ്സിങ് ജോലി ഉപേക്ഷിച്ച് കളരി ജീവിതമാർ​ഗമാക്കി മറ്റിയ അദ്ദേഹത്തിന്റെ ഏകവീര എന്ന കളരി അക്കാഡമിക്ക് ഇന്ത്യയിലും വിദേശത്തുമായി 22ഓളം ബ്രാഞ്ചസുണ്ട്. തന്റെ കളരി വിശേഷങ്ങളും സിനിമാ ജീവിതത്തെകുറിച്ചും സീ മലയാളം ന്യൂസുമായി പങ്കുവെക്കുകയാണ് അദ്ദേഹം. 



ഇപ്പോൾ ‍ഞാൻ ഹരികൃഷ്ണനല്ല..


മലൈക്കോട്ടെ വാലിബനിൽ അഭിനയിച്ചതിന് ശേഷം ഇപ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നത് ഹരികൃഷ്ണൻ ആയല്ല മലൈക്കോട്ടെ വാലിബനിലെ മാങ്ങോട്ട് മല്ലനായാണ്. അത് തന്നെ വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതിനേക്കാൾ ഉപരി മലയാള സിനിമയിലെ ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ മലയാളത്തിന്റെ മഹാനടനായ ലാലേട്ടന്റെ കൂടെ  അഭിനയിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായാണ് ഞാൻ കരുതുന്നത്.


വാലിബനിൽ തുണയായത് സോഷ്യൽ മീഡിയ


ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചില വീഡിയോസ് കൊണ്ടാണ് എനിക്ക് മലൈക്കോട്ടെ വാലിബനിൽ അവസരം ലഭിക്കുന്നത്. പല സിനിമകളിലേക്കും ഇപ്പോൾ ക്യാരക്ടേർസിനെ കണ്ടെത്തുന്നതിൽ ഇപ്പോൾ സോഷ്യൽ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അങ്ങനെ തന്നെയാണ് എനിക്കും അവസരം ലഭിക്കുന്നത്. ആദ്യം ഞാൻ വിചാരിച്ചത് വാലിബൻ സിനിമയുടെ കൊറിയോഗ്രാഫി ചെയ്യാൻ വേണ്ടിയാണ് എന്നെ വിളിച്ചതെന്നാണ്. പിന്നീടാണ് മനസ്സിലായത് അതിലെ മല്ലന്റെ വേഷം ചെയ്യാനാണ് എന്ന്.


പ്രസ് മീറ്റിൽ ലാലേട്ടനെന്നെ കുറിച്ച് പറഞ്ഞത്....


എന്റെ കുട്ടിക്കാലം തൊട്ട് ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടനാണ് മോഹൻലാൽ. മലയാള സിനിമയിൽ എക്കാലത്തും ഒരു താര പരിവേഷമുള്ള നമ്മൾ താരരാജാവായി കാണുന്ന മോഹൻ ലാലിനെ കാണാനും സംസാരിക്കാനും ഒക്കെ എല്ലാവർക്കും ഇഷ്ടമുണ്ടാവും.  ആ ഒരു എക്സൈറ്റ്മെന്റ് തന്നെയായിരുന്നു എനിക്കും അദ്ദേഹത്തെ കണ്ടപ്പോൾ. പക്ഷെ ഞാൻ ലൊക്കേഷനിൽ ചെന്നപ്പോൾ അദ്ദേഹം എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. അത്രയ്ക്ക് ഹംപ്ൾ ആയ വ്യക്തിയാണ് അദ്ദേഹം.


മാത്രമല്ല സിനിമയുടെ ഭാഗമായി നടന്ന ഒരു പ്രസ് മീറ്റിൽ അദ്ദേഹം എന്റെ പേര് എടുത്തു പറയുകയും മാധ്യമങ്ങൾക്ക് മുമ്പിൽ എന്നെ പരിചയപ്പെടുത്തുന്നത് ചെയ്തു. ഇതിവിടെ പറയാൻ തോന്നിയതെന്താണെന്ന് വെച്ചാൽ വാലിബൻ സെറ്റിൽ എത്രയോ ആളുകൾ ഉണ്ടായിരുന്നു. മാത്രമല്ല ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് ദിവസത്തിനു ശേഷം നടന്ന പ്രസ് മീറ്റിൽ ആണ് അദ്ദേഹം എന്റെ പേരെടുത്ത് പറഞ്ഞ് അവിടെ മാധ്യമങ്ങൾക്കു മുന്നിൽ എന്നെ പരിചയപ്പെടുത്തിയത്. അത്രയ്ക്ക് എന്റെ പേരും എന്റെ നേട്ടങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ആളുകളെ എത്രമാത്രം നോട്ടീസ് ചെയ്യുന്നു എന്നുള്ള കാര്യം എന്നെ ശരിക്കും ഞെട്ടിച്ചു. 



ലാലേട്ടനെ കളരി പഠിപ്പിച്ചപ്പോൾ...


അദ്ദേഹത്തിന് കളരി പറഞ്ഞുകൊടുക്കാൻ എനിക്ക് പ്രത്യേകിച്ച് യാതൊരു കഷ്ടപ്പാടും ഉണ്ടായില്ല എന്നുള്ളതാണ് സത്യം. ഷൂട്ടിങ്ങിന്റെ സമയത്ത് ഓരോ സീനിനും തൊട്ടു മുന്നേ ആണ് അദ്ദേഹത്തിന് നമ്മൾ ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നത്. ലാലേട്ടനെ നമ്മൾ കാണുന്ന സമയം തൊട്ട് ഫൈറ്റും കാര്യങ്ങളും ഒക്കെ ചെയ്തു വരുന്ന ഒരു നടനാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ള രീതി മാത്രം പറഞ്ഞു കൊടുക്കേണ്ടതായി വന്നുള്ളു. നമ്മളൊരു കാര്യം പറഞ്ഞു കൊടുത്താൽ, അത്ര പെട്ടെന്നാണ് അദ്ദേഹം അത് മനസ്സിലാക്കിയെടുത്ത്  അതേപോലെ ചെയ്ത് കാണിക്കുന്നത്. ശരിക്കും അത് അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഈയൊരു കാര്യം ആർജ്ജിച്ചെടുത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 


വാലിബനിൽ നിന്നും നേടിയത്....


മലൈക്കോട്ടെ വാലിബൻ സിനിമയിൽ നിന്നും എനിക്ക് ഒരുപാട് എക്സ്പീരിയൻസ് ഉണ്ടായി. മലയാളത്തിൽ അത്രയേറെ എക്സ്പീരിയൻസ്ഡ് ആയ സംവിധായൻ ലിജോ ജോസ് പെല്ലിശ്ശരിയുടെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. പ്രതികൂലമായ ഒരു കാലാവസ്ഥയിൽ അത്രയും കഷ്ടപ്പെട്ട് പല പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് ഞങ്ങൾ ഈ ഒരു സിനിമ പൂർത്തിയാക്കിയത്. പൊടിക്കാറ്റ് സഹിക്കാൻ പറ്റാത്ത തണുപ്പ് എല്ലാം അനുഭവിച്ചു കൊണ്ടാണ് വാലിബൻ സെറ്റിലുള്ള എല്ലാവരും സിനിമയ്ക്ക് വേണ്ടി നിലനിന്നിട്ടുള്ളത്. ഏറ്റവും അടുത്ത് പറയേണ്ടത് ലിജോ ചേട്ടന്റെ കാര്യം തന്നെയാണ്. ഒരു സീനിന്റെയും പെർഫെക്ഷന്റെ കാര്യത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. എങ്കിലും ഓരോ ആർട്ടിസ്റ്റിനും നൽകുന്ന സപ്പോർട്ട് വളരെ വലുതാണ്. 


കൽക്കി വിശേഷങ്ങൾ..


യഥാർത്ഥത്തിൽ എന്റെ ആദ്യ സിനിമ വാലിബനല്ല. പ്രഭാസ് നായകനാകുന്ന കൽക്കിയാണ്. ഉറുമി വെച്ചുള്ള രണ്ട് വീഡിയോ ഞാൻ എന്റെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനെ ഏകദേശം 20 ലക്ഷത്തോളം വ്യൂസ് ആണ് ലഭിച്ചത്. ഇത് കണ്ടിട്ടാണ് എന്നെ കൽക്കിയിലേക്ക് വിളിക്കുന്നത്. അതിന് മുന്നേ വാലിബനിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഷൂട്ടിങ് ആദ്യം ആരംഭിച്ചത് കൽക്കിയുടേതാണ്. അതിന്റെ ഷൂട്ടിനിടയിലാണ് ഞാൻ വാലിബനിൽ അഭിനയിക്കാനെത്തുന്നത്. എന്റെ ആദ്യ ചിത്രം കൽക്കിയാണ്. എന്നാൽ ആദ്യമായി റിലീസ് ചെയ്ത സിനിമ മലൈക്കോട്ടെ വാലിബനാണ്. കൽക്കി ഇപ്പോൾ റിലീസ് ചെയ്യാൻ  പോവുകയാണ്.


ALSO READ: എന്നെ സ്ക്രീനിൽ കാണാൻ ഒരു പൂതി തോന്നി...! പുതിയ സിനിമ വിശേഷങ്ങളുമായി നിസാർ മാമുക്കോയ


ഏകവീര വിശേഷങ്ങൾ...


ഞാനൊരു ആയുർവേദ നേഴ്സ് ആണ്. എന്റെ പത്താം വയസ്സിലാണ് ഞാൻ കളരി പഠിക്കാനാരംഭിച്ചത്. എന്റെ മുത്തശ്ശനും കളരി അറിയാം. ആ പാത പിന്തുടർന്ന് കളരി പഠിച്ചു. എന്നാൽ ഈ രീതിയിൽ സജീവമാകണം എന്ന് കരുതിയല്ല. യാദൃശ്ചികമായാണ് കളരി ജീവിതത്തിന്റെ ഭാഗമായി മാറിയത്. എന്റെ നേഴ്സിങ് ജോലി ഉപേക്ഷിച്ചാണ് ഞാൻ ഏകവീര അക്കാഡമി ആരംഭിക്കുന്നത്. നഴ്സിങ് ജോലി ചെയ്യുമ്പോഴും എനിക്കൊരു തൃപ്തി തോന്നിയിരുന്നില്ല. മനസ്സിൽ എപ്പോഴും കളരി മാത്രമായിരുന്നു. അങ്ങനെ അത് പ്രൊഫഷനായി മാറ്റി. ഇപ്പോൾ ഇന്ത്യയിലും വിദേശ രാജ്യത്തുമായി 22 ഓളം ബ്രാഞ്ചസ് ഉണ്ട്. എന്നാൽ നഴ്സിംഗ് ജോലി ഉപേക്ഷിച്ച ഞാൻ കളരിയിലേക്ക് തിരിഞ്ഞപ്പോൾ എന്റെ ഫാമിലിയിൽ ഉള്ളവർക്ക് ഒരു ആശങ്കയുണ്ടായിരുന്നു. കാരണം കളരി ജീവിതമാക്കി എടുത്താൽ അതിൽ എത്രത്തോളം വിജയം ഉണ്ടാകും എന്ന കാര്യത്തിൽ. പക്ഷേ ഞാൻ അത് കാര്യമാക്കി എടുക്കാതെ മുന്നോട്ട് പോയി. അത് ഇത്ര വലിയൊരു വിജയം ആകുമെന്നും എനിക്ക് മറ്റൊരു ടേണിങ് പോയിന്റിനുള്ള കാരണമായി കളരി മാറുമെന്നും കരുതിയിരുന്നില്ല.


ALSO READ: കരയാൻ പറഞ്ഞപ്പോൾ മനസ്സിലെത്തിയത് ഇൻ ഹരിഹർ ന​ഗറിലെ ആ സീനായിരുന്നു; പക്ഷെ ലിജോ ചേട്ടൻ പറഞ്ഞത്..


പയറ്റി നേടിയ ലോക റെക്കോർഡുകൾ


കളരിപ്പയറ്റിൽ മൂന്ന് തവണ സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ എട്ടുമെഡൽ. അതിൽ ഏഴെണ്ണം കളരിപ്പയറ്റിലും ഒരെണ്ണം തമിഴ്നാടിന്റെ മാർഷൽ ആർട്സ് ആയ സിലംബം എന്ന മത്സരത്തിലും. കേരളത്തെ പ്രതിനിധീകരിച്ച് ആദ്യമായിട്ടാണ് ഒരാൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതുകൂടാതെ രണ്ടു ദേശീയ റെക്കോർഡും രണ്ട് രാജ്യാന്തര റെക്കോർഡുകളും നേടി. മറ്റൊന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ്. കൂടാതെ ലിംക ബുക്ക് ഓഫ് റെക്കോർഡ്, അറബിക് ബുക്ക് ഓഫ് റെക്കോർഡ്, ഗിന്നസ് വേൾഡ് റെക്കോർഡ് എന്നിവയും നേടാനായി.


കളരി ജീവിതത്തിൽ എങ്ങനെ പ്രയോജനമാക്കാം


കളരി ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച് പഠിക്കാം. യഥാർത്ഥത്തിൽ നല്ല ആരോഗ്യം,, ചിട്ടയായ ജീവിതരീതി ഇതൊക്കെയാണ് കളരിയുടെ അടിസ്ഥാനം. ആർക്കും ഏത് പ്രായത്തിലും കളരി അഭ്യാസിക്കാം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ചെയ്യാം. അവർക്ക് അനുയോജ്യമായത് എന്താണോ അത് പറഞ്ഞു കൊടുക്കും. പരിമിതികൾക്കുള്ളിൽ നിന്ന് തന്നെ കളരി അഭ്യസിക്കാം എന്നുള്ളതാണ് സത്യം. എന്താണ് ഓരോരുത്തരുടേയും ആവശ്യം എന്നത് മനസ്സിലാക്കി ആ തരത്തിൽ പറഞ്ഞുകൊടുക്കുന്നു. ചില ആർട്ടിസ്റ്റുകൾ ഒക്കെ വരും,  അവർക്ക് ചിലപ്പോൾ ആയുധം ഉപയോഗിച്ചുള്ള ഒരു ഷോയ്ക്ക് വേണ്ടിയോ മറ്റോ ഒക്കെ ആയിരിക്കും. അപ്പോൾ ആ രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. കുട്ടികളെ സംബന്ധിച്ച് അവർ കളരി പഠിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും മികച്ച ആരോ​ഗ്യം ലഭിക്കാൻ കളരി ഒരുപാട് സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല സ്വയ രക്ഷ എന്ന തരത്തിലും ഇന്ന് പലരും കളരി പഠിക്കുന്നുണ്ട്. 


കളരിക്ക് മതമുണ്ടോ..?


ഒരു മതത്തിനെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല കളരി. ഇത് ആർക്കും പഠിക്കാം. ഞാൻ ഒരിക്കൽ ഒരു മുസ്ലിം പെൺകുട്ടി കളരി അഭ്യസിക്കുന്ന വീഡിയോ ഷെയർ ചെയ്തപ്പോൾ പലരീതിയിലും മോശം കമന്റുകൾ അതിനു ചുവടെ വന്നിരുന്നു. ഇതെല്ലാം ചിന്താ​ഗതിയുടെ പ്രശ്നമാണ്. കളരി ഒരു കലയാണ്. അത് പഠിക്കണമെങ്കിൽ മനസ്സുണ്ടായാൽ മാത്രം മതി. ഇതിനെ മതമോ മറ്റൊന്നും അടിസ്ഥാനമാകുന്നില്ല. മാത്രമല്ല ഒരു മതത്തിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും ഒരു പ്രത്യേകത വിഭാഗത്തിനോ മാത്രമാണ് ഇത് പഠിക്കാൻ സാധിക്കുകയുള്ളൂ എന്നുണ്ടെങ്കിൽ ഇന്നെനിക്കും കളരി പഠിക്കാൻ സാധിക്കുമായിരുന്നില്ല. കാരണം എന്നെ പഠിപ്പിച്ചത് ഇസ്മൈൽ എന്ന ഗുരുക്കളാണ്. അദ്ദേഹം ഈ രീതിയിൽ ചിന്തിച്ചിരുന്നെങ്കിൽ എനിക്ക് ഇന്ന് കളരി പഠിക്കാൻ കഴിയില്ലായിരുന്നു. എന്റെ ഗുരുനാഥന് ദക്ഷിണ വെച്ച് പഠിക്കാൻ നേരത്ത് അദ്ദേഹം എന്നോട് പറഞ്ഞത് ദൈവത്തിന് പ്രാർത്ഥിച്ചോളാൻ ആണ്. അത് പ്രത്യേകിച്ച് ഒരു ദൈവത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഞാൻ വിശ്വസിക്കുന്നത് എന്തോ ആ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ച് പഠനം ആരംഭിക്കാൻ ആണ് പറഞ്ഞത്. അതുകൊണ്ടുതന്നെ കളരി ഒരു പ്രത്യേക മതത്തെയും അടിസ്ഥാനപ്പെടുത്തിയിട്ടില്ല. എന്നെ പഠിപ്പിച്ച ​ഗുരുക്കാന്മാരിൽ മുസ്ലിം മാത്രമല്ല ക്രിസ്ത്യനിയും എല്ലാം ഉണ്ട്. അതിനർത്ഥം തന്നെ ഇതൊരു പ്രത്യേക മതവിഭാഗം പിന്തുടർന്ന് പോരുന്ന അഭ്യാസം അല്ല എന്നുള്ളതാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.