Gunda Jayan: ഞാൻ ഗുണ്ട ജയൻ, ഗുണ്ടയായിരുന്നത് പണ്ടാ, ഇപ്പോ പാവാ... ഗുണ്ട ജയൻറെ ക്ഷണക്കത്ത്
വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്നത് നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം കൂടിയാണ്
കൊച്ചി: റിലീസിനൊരുങ്ങുന്ന ചിത്രം ഗുണ്ട ജയൻറെ പ്രമോഷന് പുത്തൻ ഐഡിയകളുമായി അണിയറ പ്രവർത്തകർ. ഇത്തവണ ചിത്രത്തിൻറെ ക്ഷണക്കത്തുമായാണ് അണിയറ പ്രവർത്തകർ എത്തിയത്. ഞാൻ ഗുണ്ട ജയൻ... ഗുണ്ടയായിരുന്നത് പണ്ടാ... ഇപ്പോ വല്യ കുഴപ്പക്കാരനൊന്നുമല്ല... ഒരു പാവാ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാമൂഹിക മാധ്യമങളിൽ വൈറലായത്.
വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഉപചാരപൂർവം ഗുണ്ട ജയൻ നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം കൂടിയാണ്. ചിത്രത്തിലെ ഗാനത്തിനൊപ്പം. കോളേജ് വിദ്യാർത്ഥികളുടെ കൂടെ നൃത്തം ചെയ്യുന്ന നടൻ സിജു വിത്സന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു എങ്കിൽ, ഇന്ന് ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന്റെ പുതിയ പ്രചാരണ പരിപാടി ആണ്. ഒരു റോഡ് ഷോ പോലെ, വാഹനങ്ങളിൽ നടന്നു ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവർത്തകർ.
പണ്ടത്തെ മലയാള ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന വാഹന അനൗൺസ്‌മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചു കൊണ്ട് വരികയാണ് അവർ. ദുൽകർ സൽമാൻ നിർമ്മിച്ച കുറുപ്പ് എന്ന ചിത്രത്തിനും സമാനമായ പ്രചാര പരിപാടികൾ നടന്നിരുന്നു. ദുൽകർ ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.
അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അത് ശരി വെക്കുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ മനോഹരമായ ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. അരുൺ വൈഗ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...