തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷതനാകുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ.എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യ രാജേന്ദ്രന് നൽകും. ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് വി.കെ.പ്രശാന്ത് എംഎൽഎ പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ സമീക്ഷ മാസിക ഏറ്റുവാങ്ങും. 


സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ, സെക്രട്ടറി സി.അജോയ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ രഹനമറിയം നൂർ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.