ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ അഖിലേന്ത്യ തലത്തിൽ തന്റേതായ മാർക്കറ്റ് സൃഷ്ടിച്ചെടുത്ത നടനാണ് റിബൽ സ്റ്റാർ പ്രഭാസ്. രണ്ട് ഭാഗങ്ങളിൽ എത്തിയ എസ് എസ് രാജമൗലി ചിത്രം തെലുങ്കിൽ നിന്നും ഒരു പാൻ ഇന്ത്യ താരത്തെ നിർമിച്ചു നൽകി. ബാഹുബലിക്ക് ശേഷം പ്രഭാസ് പിന്നീട് തന്റെ കരിയർ പാൻ ഇന്ത്യ തലത്തിലേക്ക് ഉയർത്തുകയായിരുന്നു. പിന്നീട് റിബൽ സ്റ്റാർ തിരഞ്ഞെടുത്ത ചിത്രങ്ങൾ എല്ലാം പാൻ ഇന്ത്യൻ ആരാധകരെ ലക്ഷ്യം വെച്ച് തന്നെയായിരുന്നു. എന്നാൽ അവ ഒന്നും പ്രതീക്ഷിച്ച പോലെ ഒരു ഫലം പ്രഭാസിന് നൽകിയില്ല. ഇത് കൂടുതൽ നിരാശപ്പെടുത്തിയത് റിബൽ സ്റ്റാറിന്റെ ആരാധകരെയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളാണ് പ്രഭാസിന്റേതായി തിയറ്ററുകളിൽ എത്തിയത്. സാഹോ ദക്ഷിണേന്ത്യൻ മേഖലയിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും ഉത്തരേന്ത്യയിൽ പ്രഭാസിന് അൽപം കൂടി മാർക്കറ്റ് നേടി നൽകി. അതിന്റെ പ്രതിഫലനമായിരുന്നു റെക്കോർഡ് റെമ്യുണറേഷനുമായി അടുത്തിടെ തിയറ്ററുകളിൽ ഇറങ്ങിയ ആദിപുരുഷുമായി പ്രഭാസ് കരാറിൽ ഏർപ്പെടുന്നത്. എന്നാൽ 2019ൽ ഇറങ്ങിയ രാധേ ശ്യാമെന്ന റൊമാന്റിക് ചിത്രം താരത്തിന്റെ ഗ്രാഫ് ഒന്നും കൂടി താഴേക്ക് കൊണ്ടുവന്നു. രാധേ ശ്യാം പരാജയപ്പെട്ടതിന്റെ പേരിൽ പ്രഭാസിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ട് വരെ തെലുങ്കിൽ നിന്നും വന്നിട്ടുണ്ട്.


പ്രഭാസിന്റെ കരിയർ ഗ്രാഫ് ഒന്നും കൂടി താഴേക്ക് കൂപ്പ് കുത്തിക്കുകയാണ് അടുത്തിടെ റിലീസായ ബോളിവുഡ് ചിത്രം ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ തകർന്നടിയുന്നതിനോടൊപ്പം വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. അതോടൊപ്പം ട്രോളും കളിയാക്കലും പിന്നെ കേസുമെല്ലാമായി പ്രഭാസിന്റെ പാൻ ഇന്ത്യൻ കരിയറിനെ തന്ന് ഒരു കരിനിഴലായി ആദിപുരുഷ്. ബാഹുബലിയിൽ വരെ ഉണ്ടായിരുന്ന പ്രഭാസ എന്ന താരത്തിന്റെ ശോഭ നഷ്ടപ്പെട്ടുയെന്ന് പ്രഭാസിന്റെ ആരാധകർക്ക് തന്നെ പറയേണ്ടി വന്നു. ഒരേസമയം ആക്ഷനും റൊമാന്റിക് ചിത്രങ്ങളും കൈകാര്യം ചെയ്തിരന്ന റിബൽ സ്റ്റാറിന്റെ ശരീരഭംഗി ഇപ്പോൾ പല കഥാപാത്രങ്ങൾക്കും അനുയോജ്യമല്ലാതെയായി മാറി.


ALSO READ : 18+ Movie: കനൽ കിനാവേ... നസ്ലിൻ - മീനാക്ഷി പ്രണയം; '18+'ലെ പ്രണയ​ഗാനം പുറത്ത്


ബാഹുബലിക്ക് ശേഷം തുടർ പരാജയങ്ങളാണ് പ്രഭാസ് നേരിട്ടെങ്കിലും റിബൽ സ്റ്റാറിന് തന്റെ ഇനിഷ്യൽ കളക്ഷന് ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നുണ്ടെന്നുള്ളത് വാസ്തവാണ്. അതിപ്പോൾ ബോക്സ്ഓഫീസിൽ തരിപ്പണമായ രാധേ ശ്യാമോ ആദിപുരുഷാണെങ്കിലും പ്രഭാസിന് ഇനിഷ്യൽ കളക്ഷനും ഒരു ആരാധകവൃന്ഥം ഇനിയും നഷ്ടമായിട്ടില്ല. അവരുടെ ഇനിയുള്ള ഏക പ്രതീക്ഷയാണ് കെജിഎഫിലൂടെ സ്റ്റാർ സംവിധായകനായി മാറിയ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്ന സിനിമ. കെജിഎഫിന്റെ അതെ അച്ചിൽ ഒരുക്കുന്ന മറ്റൊരു പ്രശാന്ത് നീൽ ചിത്രമെന്ന സൂചനയാണ് സലാറിന്റെ ടീസറും പോസ്റ്ററുകളും നൽകിയിരുന്നത്. ഒപ്പം മലയാളി താരം പൃഥ്വിരാജും കൂടി ചിത്രത്തിൽ കൈക്കോർക്കുമ്പോൾ സലാറിന്റെ മാർക്കറ്റ് കെജിഎഫ് പോലെ തന്നെ പാൻ ഇന്ത്യ തലത്തിലേക്കുയർത്തുകയാണ്. ചിത്രം സെപ്റ്റംബർ 28ന് തിയറ്ററുകളിൽ എത്തും.


എന്നാൽ ഈ ചിത്രവും കൂടി പരാജയം നേരിട്ടാൽ പ്രഭാസ് എന്ന തെലുങ്ക് താരത്തിന് തന്റെ പാൻ ഇന്ത്യ മാർക്കറ്റ് നഷ്ടമായി എന്ന തന്നെ കരുതാം. തെലുങ്കിൽ ഒരു താരമായി മാറിയതിന് ശേഷം പ്രഭാസ് കരിയറിൽ (ബാഹുബലിക്ക് മുമ്പ്) വളരെ ചുരുക്കം പരാജയങ്ങൾ മാത്രമെ അനുഭവിച്ചിട്ടുള്ളൂ. അതിപ്പോൾ ആക്ഷനോ റൊമാന്റിക് ചിത്രമാണെങ്കിലും റിബൽ സ്റ്റാറിന് തന്റേതായ മാർക്കറ്റ് ടോളിവുഡ്ഡിലുണ്ടായിരുന്നു. 2013 ഇറങ്ങിയ റിബെൽ എന്ന ചിത്രം ആരധകരെ മാത്രം തൃപ്തിപ്പെടുത്തി ബോക്സ്ഓഫീസിൽ പരാജയം നേരിട്ടപ്പോൾ, തൊട്ടടുത്ത വർഷം മറ്റൊരു ആക്ഷൻ സിനിമയിലൂടെ (മിർച്ചി) പ്രഭാസ്  തന്റെ പരാജയത്തിന് മറുപടി നൽകിയിരുന്നു. അന്ന് ആരാധകരെ എങ്കിലും പ്രഭാസിന് തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നെങ്കിൽ ഇന്ന് കഴിഞ്ഞ രണ്ട് പടങ്ങൾ അതിനും പോലും സാധിക്കുന്നില്ലയെന്നതാണ് മറ്റൊരു വാസ്തവം.


എന്നാൽ സലാർ മാത്രമല്ല പ്രഭാസ് കരിയർ പ്രതീക്ഷ വെക്കുന്നത്. വമ്പൻ താരനിരകളുടെ പ്രഖ്യാപനം കൊണ്ട് ശ്രദ്ധേയമായ പ്രോജക്ട് കെയും പ്രഭാസിന്റെ പാൻ ഇന്ത്യൻ പ്രതീക്ഷയാണ്. മഹനടിയുടെ സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന സയൻസ് ഫിക്ഷൻ സിനിമയാണ് പ്രോജക്ട് കെ എന്ന പേരിൽ അണിയറിൽ തയ്യാറെടുക്കുന്നത്. ബോളിവുഡ് താരറാണി ദീപിക പദുകോൺ, അമിതാബ് ബച്ചൻ, കമൽ ഹസ്സൻ തുടങ്ങിയ വമ്പൻ താരനിരയാണ് പ്രോജക്ട് കെയിൽ അണിനിരക്കുന്നത്. പ്രോജക്ട് കെയ്ക്ക് പുറമെ ഒരു ലോ ബജറ്റ് ചിത്രത്തിലാകും പ്രഭാസ് എത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.