പ്രിയങ്ക-നിക്, ദീപിക-രണ്‍വീര്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. എന്നാല്‍, ഇതിനിടയില്‍ വിവാഹ നിശ്ചയം കഴിഞ്ഞ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശതകോടീശ്വര പുത്രിയുടെ വിവാഹഘോഷം ബഹുകേമമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ചിന്തിച്ചതിലും അപ്പുറമുള്ള ആഘോഷങ്ങളോടെയാണ് വിവാഹ നിശ്ചയം പോലും നടന്നതെന്ന് വ്യക്തമാക്കുന്ന  ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 




ആഢംബരത്തിന്‍റെ അവസാന വാക്കെന്ന വിശേഷണം അന്വർത്ഥമാക്കുന്ന തരത്തിലാണ് ചടങ്ങുകൾ നടന്നത്. ഇറ്റലിയിലെ അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ ആ​ഢംബര വില്ലയിലാണ് ഇഷാ അംബാനിയുടെ മോതിരം മാറൽ ചടങ്ങ് നടന്നത്.  



മൂന്ന് ദിവസം നീളുന്ന വിപുലമായ ആഘോഷങ്ങളും ചടങ്ങുകളും  ഇന്നാണ് അവസാനിക്കുന്നത്. മൂന്നേക്കറില്‍ സ്ഥിതി ചെയ്യുന്ന ആഢംബര വില്ലയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രത്യേക ഡ്രസ് കോഡോടെയാണ് എത്തിയത്. 


പിരമള്‍ ഗ്രൂപ്പ് ഉടമ അജയ് പിരമളിന്‍റെ മകന്‍ ആനന്ദ് പിരമള്‍ ആണ് ഇഷയുടെ വരന്‍. അംബാനി ഗ്രൂപ്പിന്‍റെയും പിരമള്‍ ഗ്രൂപ്പിന്‍റെയും കുടുംബാംഗങ്ങളും അതിവിശിഷ്ടാഥികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.



‘ലവ് ആന്‍ഡ് ബ്യൂട്ടിഫുള്‍’


ആദ്യദിനത്തില്‍ ഉച്ചഭക്ഷണത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് അതിഥികളെ സ്വീകരിച്ചത് കുടുംബാംഗങ്ങള്‍ തന്നെയാണ്. ഉച്ചഭക്ഷണത്തിന് ശേഷം പിരിഞ്ഞ അതിഥികള്‍ പിന്നീട് ഒത്തുകൂടിയത് അത്താഴത്തിനായാണ്‌. ആ സമയമാണ് മോതിരം കൈമാറല്‍ ചടങ്ങ് നടന്നത്. ഫോര്‍മല്‍ ഡ്രസില്‍ എല്ലാവരും എത്തിയ ചടങ്ങിന് ‘ലവ് ആന്‍ഡ് ബ്യൂട്ടിഫുള്‍’ എന്നാണ് പേരിട്ടിരുന്നത്.


'ബ്യൂട്ടിഫുള്‍ ഫെയര്‍ ഇറ്റലി' 


പൂര്‍ണമായും ഇറ്റാലിയന്‍ ശൈലിയില്‍ നടന്ന ഈ ഡാന്‍സ് നൈറ്റിന് ബ്യൂട്ടിഫുള്‍ ഫെയര്‍ ഇറ്റലി എന്നാണ് പേര് നല്‍കിയത്. കോക്ടെയ്‌ല്‍ പാര്‍ട്ടിക്ക് അണിയുന്നതരം വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അതിഥികള്‍ക്ക് ഇറ്റാലിയന്‍ വിഭവങ്ങളായിരുന്നു അത്താഴത്തിനായി ഒരുക്കിയിരുന്നത്. 


‘ഗുഡ്ബൈ കോമോ’


ഇന്ന് നടക്കുന്ന ചടങ്ങുകള്‍ക്ക് മുകേഷ് അംബാനിയും നിതാ അംബാനിയുമാണ് നേതൃത്വം നല്‍കുന്നത്. ലേക്ക് കോമോയോടും ചടങ്ങുകളോടും വിടപറയുന്ന ദിനമാണിത്. സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് ആണ് മൂന്നാം ദിനം അണിയേണ്ടത്.


എംബിഎ ബിരുദധാരികളായ ഇഷാ അംബാനിയും അജയ് പിരമളും ഈ വര്‍ഷം മേയില്‍ മഹാബലേശ്വരത്തെ അമ്പലത്തില്‍ വച്ചാണ് വിവാഹവാഗ്ദാനം നല്‍കിയത്. പിരമള്‍ സ്വാസ്ഥ്യ എന്ന ഹെല്‍ത്ത്കെയര്‍ കമ്പനിയാണ് അജയ് നടത്തുന്നത്.
]