IT Raid: ഐടി റിട്ടേണിലെ ക്രമക്കേട്; പുഷ്പ സംവിധായകന്റെയും നിർമ്മാതാക്കളുടെയും വീടുകളിൽ റെയ്ഡ്
ആദായനികുതി റിട്ടേൺ സമർപ്പിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് പുഷ്പ സംവിധാകന്റെ നിർമ്മാതാക്കളുടെയും വീട്ടിലും ഓഫീസിലും ഐടി വകുപ്പ് പരിശോധന നടത്തിയത്.
അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിന്റെ സംവിധായകന്റെയും നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നലെ (ഏപ്രിൽ 19) ആണ് സംവിധായകൻ സുകുമാറിന്റെ വീട്ടിലും മൈത്രി മൂവി മേക്കേഴ്‌സിന്റെ ഓഫീസിലും റെയ്ഡ് നടത്തിയത്. ഐടി റിട്ടേൺ സമർപ്പിക്കുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഐടി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങൾ സുകുമാറിന്റെ വീട്ടിലും ഹൈദരാബാദ് ജൂബിലി ഹിൽസിലെ മൈത്രി മൂവി മേക്കേഴ്‌സിന്റെ സ്ഥാപകരായ യേർനേനി നവീന്റെയും യളമഞ്ചലി രവികുമാറിന്റെയും ഓഫീസുകളിലും റെയ്ഡ് നടത്തുകയായിരുന്നു.
സിനിമാ നിർമ്മാണ സാമഗ്രികൾ വാങ്ങിയതിലും അതിന് അടക്കേണ്ടിയിരുന്ന നികുതിയിലും ക്രമക്കേട് നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. ഹൈദരാബാദിലെ സുകുമാറിന്റെ വസതിയിൽ റെയ്ഡ് നടക്കുന്നതിനിടെ സെക്യൂരിറ്റി ഗാർഡുകളും മാധ്യമ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായിരുന്നു. പുറത്തുനിന്നുള്ളവർക്ക് അകത്തേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് സെക്യൂരിറ്റി ഗാർഡുകൾ പറഞ്ഞതോടെയാണ് വലിയ വാക്കേറ്റത്തിലേക്ക് കടന്നത്. എന്നാൽ പോലീസ് ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അതേസമയം ഐടി വകുപ്പിന്റെ റെയ്ഡിനെക്കുറിച്ച് സുകുമാറോ മൈത്രി മൂവി മേക്കേഴ്സോ പ്രതികരിച്ചിട്ടില്ല.
അല്ലു അർജുൻ നായകനായെത്തിയ പുഷ്പ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുഷ്പ 2 ഉടൻ തിയേറ്ററുകളിൽ എത്തും. രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് ഗ്ലിംപ്സ് വീഡിയോ അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അണിയറക്കാർ പുറത്തുവിട്ടിരുന്നു. സുകുമാർ ആണ് പുഷ്പ-2 ൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. അല്ലു അർജുൻ, രാശ്മിക മന്ദാന, ഫഹദ് ഫാസിൽ, ധനുനഞ്ജയ, റാവു രമേശ്, അനസൂയ ഭരദ്വാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചന്ദ്രബോസിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...