റോം : രണ്ട് പതിറ്റാണ്ടോളം കാലം സിനിമാ പ്രേമികളെ പുളകം കൊള്ളിച്ച ഇറ്റാലിയൻ താര റാണി ജീന ലോലോബ്രിജിഡ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റാലിയൻ സിനിമയുടെ വളർച്ചയുടെ ഭാഗമായിരുന്നു ജീന ലോലോബ്രിജിഡ. ഹോളിവുഡിലും ഇവർ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന ജീന ലോലോബ്രിജിഡ 1950കളിൽ ഹോളിവുഡിന്‍റെ സെക്സ് സിമ്പൽ കൂടിയായിരുന്നു. ഹോളിവുഡിന്‍റെ സുവർണ്ണ കാലഘട്ടത്തിൽ നായികയായി തിളങ്ങിയിരുന്ന അഭിനേത്രികളിൽ ഇന്ന് ജീവനോടെ ഉണ്ടായിരുന്ന ഒരേയൊരു താരമായിരുന്നു ജീന. നീണ്ട കാലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ജീന ലോലോബ്രിജിഡ തന്‍റെ 95-ാമത്തെ വയസിലാണ് അന്തരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

1927 ജൂലൈ നാലിന് ഇറ്റലിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജീന ലോലോബ്രിജിഡ ജനിക്കുന്നത്. കുട്ടിക്കാലം മുതലേ കലാ രംഗത്തിനോട് അഭിനിവേശം ഉണ്ടായിരുന്നു എങ്കിലും സിനിമാ മേഖലയോട് ജീനയ്ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. കൗമാരക്കാലത്ത് ശില്പ കല പഠിക്കാൻ തീരുമാനിച്ച ജീന, തന്‍റെ പഠനത്തിനും മറ്റ് ജീവിത ചെലവുകൾക്കുമുള്ള പണം സ്വയം കണ്ടെത്താൻ തുടങ്ങി. അതിനുവേണ്ടിയാണ് ജീന മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 1947 ൽ മിസ് ഇറ്റലി കോമ്പറ്റീഷനിൽ ജീന ലോലോബ്രിജിഡ മൂന്നാം സ്ഥാനം കൈവരിച്ചു.


ALSO READ : Marvel Studios: അമിത ജോലി ഭാരം, ശമ്പളവുമില്ല; വിഎഫ്എക്സ് ആർട്ടിസ്റ്റുകളുടെ നടുവൊടിച്ച് മാർവൽ


മോഡലിങ് രംഗത്ത് തുടരുമ്പോൾ അപ്രതീക്ഷിതമായാണ് ജീന അഭിനയരംഗത്തേക്ക് വരുന്നത്. അദ്യ സിനിമയുടെ ഓഫർ വന്നപ്പോൾ ജീന അത് നിരസിച്ചു. പക്ഷെ വിടാതെ പിന്നാലെ കൂടിയ നിർമ്മാതാക്കളെ ഒഴിവാക്കാൻ ജീന ഒരു മില്ല്യൺ ലിറ പ്രതിഫലമായി നൽകിയാൽ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞു. എന്നാൽ ജീനയെ അത്ഭുതപ്പെടുത്തി നിർമ്മാതാക്കൾ അതും സമ്മതിച്ചു. അങ്ങനെയാണ് ജീന ലോലോബ്രിജിഡ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 


രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റിയലിസ്റ്റിക് സിനിമകളുടെ നിർമ്മാണത്തിലൂടെ ഇറ്റാലിയൻ ചലച്ചിത്ര രംഗം വളർച്ചയുടെ പാതയിലൂടെ പോകുമ്പോഴായിരുന്നു ജീന ലോലോബ്രിജിഡയുടെ വരവ്. ഗ്ലാമറസ് വേഷങ്ങൾക്ക് പ്രാധാന്യം കൊടുത്ത അവർ വളരെ വേഗം ജനശ്രദ്ധ പിടിച്ചു പറ്റി. ബ്രെഡ് ലവ് ആന്‍റ് ഡ്രീംസ്, വുമൺ ഓഫ് റോം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ വളരെ വേഗം ഇറ്റലിയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി മാറി. 


1953 ൽ പുറത്തിറങ്ങിയ ബീറ്റ് ദി ഡെവിളാണ് ജീന ലോലോബ്രിജിഡ യുടെ ആദ്യ ഹോളിവുഡ് ചിത്രം. സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങളിലൂടെ അവർ 1954 ലെ ടൈംസ് മാഗസീനിന്‍റെ കവർ പേജില്‍ ഇടം പിടിച്ചു.  1955 ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ ബട്ട് ഡെയ്ഞ്ചറസ് എന്ന ഇറ്റാലിയൻ ചിത്രത്തിലെ പ്രകടനത്തോടെയാണ് മാധ്യമങ്ങൾ ജീന ലോലോബ്രിജിഡയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. എന്നാല്‍ സൗന്ദര്യത്തിന്‍റെ കാര്യത്തിൽ പ്രശംസകൾ കൊണ്ട് മൂടുമ്പോൾ മാധ്യമങ്ങൾ ഒരു അഭിനേതാവെന്ന നിലയിലുള്ള തന്‍റെ കഴിവുകളെ നിരാകരിക്കുന്നതിൽ അവർ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാൽ 1961 ൽ പുറത്തിറങ്ങിയ കം സെപ്റ്റംബർ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജീന ലോലോബ്രിജിഡയ്ക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. 


1970കൾക്ക് ശേഷം അഭിനയ രംഗത്തിൽ നിന്ന് പതിയെ അവർ പതിയെ പിൻമാറിത്തുടങ്ങി. തുടർന്ന് ഫോട്ടോഗ്രാഫിയിലും ശില്പ കലയിലും ജീന ശ്രദ്ധ കേന്ദ്രീകരിച്ചു. 1997 ൽ പുറത്തിറങ്ങിയ എക്സ്എക്സ്എല്ലായിരുന്നു അവരുടെ അവസാന ചിത്രം. തുടർന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ജീന ലോലോബ്രിജിഡ 1999 ൽ യൂറോപ്യൻ പാർലമെന്‍റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജീന ലോലോബ്രിജിഡയുടെ മരണത്തോടെ നമുക്ക് നഷ്ടപ്പെടുന്നത് ഹോളിവുഡിനെയും ഇറ്റാലിയൻ സിനിമയെയും അതിന്‍റെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയ നൂറ് കണക്കിന് പ്രതിഭകളിൽ ഒരാളെയാണ്.  വിട പറയാം ലോക സിനിമയുടെ സ്വപ്ന സുന്ദരിയോട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ