Jaladhara Pumpset Since 1962: `മുതിരങ്ങാടി കലവറയിലെ താരങ്ങൾ`; സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി `ജലധാര പമ്പ്സെറ്റ്`
ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ജലധാര പമ്പ്സെറ്റിൽ ഉർവശിയും ഇന്ദ്രൻസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, ഉർവശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന സിനിമയിലെ ചില സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പുതിയ പോസ്റ്ററെത്തി. ഷൈലജ അമ്പു, സ്നേഹ ബാബു, നിത കർമ, ശ്രീരമ്യ എന്നിവർ ഒന്നിച്ചുള്ള ഒരു പോസ്റ്ററാണ് പുറത്തിറക്കിയിട്ടുള്ളത്. കവിതയായി ഷൈലജയും, കിങ്ങിണിയായി സ്നേഹയും, ബിന്ദുവായി നിതയും, അമ്പിളിയായി ശ്രീരമ്യയും വേഷമിടുന്നു. മുതിരങ്ങാടി കലവറയിലെ താരങ്ങൾ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റിന്റെ രസകരമായ സ്നീക്ക് പീക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന രസകരമായ സംഭാഷണങ്ങളോട് കൂടിയുള്ള സ്നീക്ക് പീക്ക് ആണ് നേരത്തെ പുറത്തുവിട്ടത്. ഉർവശിയും ഇന്ദ്രൻസും മാറി മാറി സ്കോർ ചെയ്യുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...