തിരുവനന്തപുരം : പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കാപ്പയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. പൃഥ്വിരാജാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം കൊട്ട മധുവിന്റെ ആക്ഷൻ സീനുകൾ ചിത്രീകരിക്കുന്നതാണ് വീഡിയോയിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് താരം എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂലൈ 15 ന്  ആരംഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കടുവയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.  ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യർ എത്താൻ ഇരുന്നതാണെങ്കിലും  ചിത്രത്തിൽ  നിന്ന് നടി പിന്മാറുകയായിരുന്നു. നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ പിന്മാറിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വലിമൈയ്ക്ക് ശേഷം അജിത് കുമാറിന്റെ എകെ 61ന്റെ ചിത്രീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നടി പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് മാതൃഭൂമി ഡോട്ട് കോം മഞ്ജു വാര്യറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു.  മഞ്ജു വാര്യർ പിന്മാറിയതിനെ പിന്നാലെ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർക്ക് പകരമായിട്ടാണ് അപർണ കാപ്പയുടെ ഭാഗമായിരിക്കുന്നത്.


ALSO READ: Kaapa Movie : മഞ്ജു വാര്യർ പിന്മാറി; പകരം കാപ്പയിൽ നായിക അപർണ ബാലമുരളി


ആസിഫ് അലി, ഇന്ദ്രൻസ്, അന്ന ബെൻ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.