കൊച്ചി : മലയാളം മാസ് സിനിമകൾക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കി പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ കളക്ഷൻ റിപ്പോർട്ട്. മലയാളി പ്രേക്ഷകരെ മാസ് മസാല ചിത്രങ്ങളെ കൈ ഒഴിഞ്ഞു എന്ന ചർച്ചകൾക്കാണ് കടുവയുടെ കളക്ഷൻ റിപ്പോർട്ട് മറുപടി നൽകുന്നത്. റിലീസായി നാല് ദിവസം കൊണ്ട് പൃഥ്വി ചിത്രം സ്വന്തമാക്കിയത് 25 കോടി ഗ്രോസ് കളക്ഷനാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

20 കോടി രൂപ ബജറ്റിൽ ചിത്രീകരിച്ച ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. പൃഥ്വിയുടെ തുടർച്ചയായിട്ടുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌ ചിത്രം കൂടിയാണ് കടുവ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും സുപ്രിയ മേനോന്റ പൃഥ്വിരാജ് പ്രോഡക്ഷൻസും ചേർന്നപ്പോഴുള്ള തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ്‌ ചിത്രം കൂടിയാണിത്.


ALSO READ : "ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ്


കേരളത്തിന് പുറമെ ഗൾഫ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചേർത്തുള്ള കളക്ഷൻ റിപ്പോർട്ടാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ "ജനഗണമന" എട്ടു  ദിവസം കൊണ്ട് നേടിയ കളക്ഷൻ  ആണ് നാലു ദിവസം കൊണ്ട് കടുവ നേടിയെടുത്തത്. റിലീസായതിന്റെ വാരാന്ത്യം ബക്രീദ് അവധിയും കൂടിയായതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള കളക്ഷൻ വർധിക്കുകയും ചെയ്തു. 


മാപ്പ് പറഞ്ഞ് വിവാദം ഒഴുവാക്കി


അതേസമയം ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ മോശമായി ചിത്രീകരിക്കുന്ന വിവാദമായ സംഭാഷണശകലത്തിൽ മാപ്പ് അറിയിച്ചു കൊണ്ട് പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തെത്തി. "ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം" എന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു. ഷാജി കൈലാസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് പൃഥ്വിയും ലിസ്റ്റിനും പിന്നാലെ തെറ്റ് ഏറ്റുപറയുകയും ചെയ്തു.


ALSO READ : Kaduva Movie: പോസ്റ്റുകൾ വന്നപ്പോഴാണ് തെറ്റിന്റെ വലിപ്പം തിരിച്ചറിയുന്നത്.നല്ല കുറ്റബോധമുണ്ട്-ലിസ്റ്റിൻ സ്റ്റീഫൻ


ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു. വിവേക് ഒബ്രോയ്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജേക്ക്‍സ് ബിജോയ്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.