Kakkippada: `കാക്കിപ്പട`യിലെ നീതിക്കായി മുറവിളി; രണ്ടാം ഭാഗവും വരുന്നു
Kerala Police Facebook Post: കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിൽ `മകളേ മാപ്പ്` എന്നൊരു പോസ്റ്റ് പങ്കുവച്ചു. കുട്ടിയെ കാണാതായ വിവരം ലഭിച്ചതിന് ശേഷം പോലീസും സർക്കാർ സംവിധാനങ്ങളും പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയായിരുന്നു ആ പോസ്റ്റിൽ പങ്കുവച്ചത്.
ആലുവയിൽ അഞ്ചു വയസ്സുകാരി ദാരുണമായി കൊലപ്പെട്ട സംഭവം കേരള മനസ്സാക്ഷിയെ കുറച്ചൊന്നുമല്ല പൊള്ളിച്ചത്. ഇതര സംസ്ഥാനക്കാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന അസം സ്വദേശിയെ പോലീസ് വൈകാതെ അറസ്റ്റ് ചെയ്തു. പിന്നാലെ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിൽ "മകളേ മാപ്പ്" എന്നൊരു പോസ്റ്റ് പങ്കുവച്ചു. കുട്ടിയെ കാണാതായ വിവരം ലഭിച്ചതിന് ശേഷം പോലീസും സർക്കാർ സംവിധാനങ്ങളും പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയായിരുന്നു ആ പോസ്റ്റിൽ പങ്കുവച്ചത്. ഈ പോസ്റ്റിനടിയിലെ കമന്‍റുകളിൽ ഭൂരിഭാഗവും ഉയർത്തിയ ചോദ്യം ''കാക്കിപ്പട" എന്ന സിനിമയിലെപ്പോലെ പ്രതിയെ കൈകാര്യം ചെയ്യാമോ എന്നാണ്. കാക്കിപ്പടയുടെ ക്ലൈമാക്സ് നടപ്പിലാക്കിയാൽ പോലീസിന് സല്യൂട്ട് തരുമെന്നും ചിലർ പറയുന്നു.
ചിത്രം കണ്ടിട്ടില്ലാത്ത പലരും അപ്പോഴാണ് കാര്യം അന്വേഷിച്ചത്. എന്താണ് കാക്കിപ്പടയുടെ ക്ലൈമാക്സ്. ഷെബി ചൗഘട്ടിന്‍റെ സംവിധാനത്തിൽ 2022 ഡിസംബറിൽ പുറത്തിറങ്ങിയ സിനിമയാണ് കാക്കിപ്പട. എട്ട് വയസുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജനരോഷത്തിൽ നിന്ന് സംരക്ഷണം നൽകാനെത്തുന്ന പോലീസുകാർ തന്നെ പ്രതിയെ തൂക്കിക്കൊല്ലുന്നതാണ് ഈ സിനിമയുടെ പ്രമേയം. തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് കാക്കിപ്പട. ഒടിടി - യു ട്യൂബ് റിലീസുകൾക്ക് ശേഷം കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു ഈ ചിത്രം. വൈകുന്ന നീതി, നീതിനിഷേധമാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറക്കിയത്.
പലവിധത്തിൽ സമകാലിക സംഭവവികാസങ്ങളോടു ചേർത്തുവായിക്കാവുന്നതായിരുന്നു കാക്കിപ്പട എന്ന ചിത്രത്തിലെ പ്രമേയം. നീതി നിഷേധിക്കപ്പെടുന്നവന്‍റെ കണ്ണീര് ഭരണകൂടം കാണാതെ പോയാൽ നീതി ജനം നടപ്പാക്കും എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. അത്തരം സന്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന സിനിമകൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിയെ പൊലീസുദ്യോഗസ്ഥർ തന്നെ തൂക്കിക്കൊന്ന് ജനരോഷം അടക്കുന്ന പ്രമേയം അപൂർവമാണ്. ആലുവയിൽ പെൺകുഞ്ഞ് കൊല്ലപ്പെട്ടപ്പോൾ ഇതേ മാനസികാവസ്ഥയിലാണ് സാധാരണ മനുഷ്യരുടെ പ്രതികരണം. അതുകൊണ്ടാണ് കാക്കിപ്പടയിലേതു പോലെ ചെയ്യാമോ എന്ന് ജനങ്ങൾ പൊലീസിനോട് ചോദിക്കുന്നത്.
നിയമം പ്രതിയെ ജയിലിലടച്ച് തീറ്റിപ്പോറ്റുന്നതിലുള്ള പ്രതിഷേധമാണ് പലരും പങ്കുവച്ചത്. ചിലപ്പോൾ കുറ്റം തെളിയാതെ പ്രതിയെ വെറുതേവിട്ടെന്നും വരാം. അപ്പോഴും ജനരോഷം ഇരമ്പും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ നിയമം നടപ്പാക്കാൻ വൈകുന്ന നീതിന്യായ വ്യവസ്ഥയോടുള്ള എതിർപ്പാണ് കമന്‍റുകളിൽ പ്രകടമാകുന്നത്. അതിക്രൂരമായ കൊലപാതകങ്ങൾ, പ്രത്യേകിച്ച് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമസംവിധാനം ദുർബലമാകുമ്പോൾ നിയമം കൈയിലെടുക്കാൻ നിയമപാലകർ തയ്യാറാകുമോ എന്ന ചോദ്യമാണ് കാക്കിപ്പടയെ മുൻനിർത്തി സോഷ്യൽമീഡിയ ചോദിക്കുന്നത്.
ഇത്തരം സംഭവങ്ങളെ വൈകാരികമായി കാണുന്ന ജനത്തിന്‍റെ പെട്ടെന്നുളള പ്രതികരണം, പ്രതിയെ ഉടനടി കൊല്ലണം എന്നൊക്കെയാണ്. അതേസമയം യാഥാർത്ഥ്യം മറ്റൊന്നാണ്. ഇന്ത്യയിലെ ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം, കണ്ണിനു കണ്ണ് - പല്ലിനു പല്ല് എന്ന കാട്ടുനീതി പിന്തുടരുന്നില്ല. ചില സംസ്ഥാനങ്ങളിൽ പ്രതികളെ നിയമപരമായി വിചാരണചെയ്യാതെ വെടിവച്ചുകൊല്ലുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. പ്രതി പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നൊക്കെ കോടതിയിലും പൊതുസമൂഹത്തിലും ധാരണ പരത്തിയാണ് ഇത്തരം നീതിലംഘനങ്ങൾ നടപ്പാക്കുക.
അത് കീഴ്വഴക്കമായാൽ ഭരണകൂടത്തിനോ, ആൾക്കൂട്ടത്തിനോ താത്പര്യമില്ലാത്ത ആരിലും, കുറ്റം ആരോപിക്കുകയും കൊന്നുകളയുകയുമാകാം. അത്തരം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന അനാരോഗ്യകരമായ സാമൂഹ്യക്രമം പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല എന്ന ആഗോള കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് നിയമം പ്രവർത്തിക്കുകയും നീതി നടപ്പാവുകയും ചെയ്യുക. അതേസമയം കൊല്ലപ്പെട്ടവർക്ക് ചില സാഹചര്യങ്ങളിൽ നീതി കിട്ടില്ല എന്ന സത്യം നിലനിൽക്കുകയും ചെയ്യുന്നു. ചർച്ചകൾ ഇങ്ങനെ പുരോഗമിക്കെ, കാക്കിപ്പടയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഷെബി ചൗഘട്ട് തന്നെയാണ് സംവിധായകൻ. സാമൂഹ്യപ്രശ്നങ്ങളിൽ ആഴ്ന്നിറങ്ങുന്ന ജനപ്രിയ പ്രമേയമാണ് രണ്ടാം വരവിലും കാക്കിപ്പട സമ്മാനിക്കുക എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...