`സംസ്‌കൃതത്തെ ദേശീയ ഭാഷയാക്കണം`; ഭാഷാ വിവാദത്തിൽ നടി കങ്കണ റണാവത്ത്
സംസ്കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി.
ഭാഷാ വിവാദത്തിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സംസ്കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. തെന്നിന്ത്യൻ നടൻ കിച്ച സുദീപും ബോളിവുഡ് നടൻ അജയ് ദേവ്ഗണും തമ്മിലുള്ള ഭാഷാ വിവാദത്തിൽ നിരവധി താരങ്ങളും സംവിധായകരും രാഷ്ട്രീയപ്രവർത്തകരും ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
'സംസ്കൃതം രാഷ്ട്ര ഭാഷയാകണം എന്നാണ് ഞാന്‍ പറയുന്നത്. ഹിന്ദി, ജര്‍മനി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ സംസ്‌കൃതത്തില്‍ നിന്ന് വന്നതാണ്. എന്തുകൊണ്ട് സംസ്‌കൃതത്തെ ദേശിയ ഭാഷയാക്കിക്കൂടാ. സ്‌കൂളില്‍ എന്തുകൊണ്ടാണ് സംസ്കൃതം നിര്‍ബന്ധമാക്കാത്തതെന്ന് തനിക്ക് അറിയില്ലെന്നും കങ്കണ പറഞ്ഞു.' പുതിയ ചിത്രം ധാകഡിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദി ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതും കന്നടയെ സംബന്ധിച്ച കിച്ച സുദീപിന്റെ അഭിപ്രായവും തെറ്റല്ലെന്ന് കങ്കണ പറയുന്നു. ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്നും കങ്കണ കങ്കണ റണൗത്ത് പറഞ്ഞു. 'ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറഞ്ഞതിൽ തെറ്റില്ല. കന്നഡ ഹിന്ദിയേക്കാൾ പഴയതാണ്, തമിഴും പഴയതാണെന്ന് പറയപ്പെടുന്നു. അതിനാൽ അവരുടെ വാദവും തെറ്റല്ലെന്ന് കങ്കണ പറയുന്നു.
ALSO READ: KGF Chapter 2: പുതിയ റെക്കോർഡ്, 1000 കോടി കളക്ഷൻ നേടി കെജിഎഫ് 2ന്റെ വിജയഗാഥ
ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായമാണ് ഭാഷാ വിവാദങ്ങൾക്ക് വഴിവച്ചത്. കെജിഎഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോഴാണ് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സുദീപ് അഭിപ്രായപ്പെട്ടത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തത്. ഇന്ന് ഏത് സിനിമയാണ് ഹിന്ദി പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം നേടുന്നതെന്നും സുദീപ് ചോദിച്ചു.
ഇതിന് പിന്നാലെ സുദീപിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി അജയ് ദേവ്ഗൺ രംഗത്തെത്തി. എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നത് എന്നാണ് അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്ര ഭാഷയായിരിക്കുമെന്നും അജയ് ദേവ്ഗൺ പറഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...