അഹമ്മദാബാദ്: പ്രണയ ചിത്രീകരണം ഹിന്ദു വികാരം വ്രണപ്പെടുത്തില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതെങ്കിലും പുണ്യഭൂമിയിൽ ഹിന്ദു പെൺകുട്ടി മുസ്ലീം  യുവാവിനെ പ്രണയിക്കുന്നതായി ചിത്രീകരിച്ചാൽ അത് മതവികാരത്തെ ബാധിക്കില്ല.


‘കേദാർനാഥ്’ എന്ന ഹിന്ദി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ എ.എസ്. ദവെ, ബിരൻ വൈഷ്ണവ് എന്നിവരടങ്ങിയ ബെഞ്ച്‌ ഹര്‍ജി തള്ളുകയും ചെയ്തു. 


അന്താരാഷ്ട്ര ഹിന്ദുസേനയുടെ സംസ്ഥാന മേധാവിയായ പ്രകാശ് സുന്ദർസി൦ഗ് രാജ്പൂതാണ്  സിനിമയിലെ ചില രംഗങ്ങൾ ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. 


ഹിന്ദുമതത്തെപ്പറ്റി തെറ്റായ ധാരണകളാണ് ഹർജിക്കാരന്‍റേതെന്ന് നിരീക്ഷിച്ച കോടതി 5000 രൂപ പിഴയായി നിയമസഹായ സമിതിക്ക് നൽകാനും ഉത്തരവിട്ടു.


കൂടാതെ, ‘കേദാർനാഥ്’ സിനിമയ്ക്ക് എന്തെങ്കിലും വിലക്ക് ഏർപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാകുമെന്നും കോടതി വ്യക്തമാക്കി.
ഈ സിനിമയ്ക്കെതിരെയുള്ള സമാനമായ ഹർജികൾ ബോംബെ ഹൈക്കോടതിയും മുന്‍പ് തള്ളിയിരുന്നു.


സുശാന്ത് സിംഗ് രാജ്പൂത്, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അണിയിച്ചൊരുക്കിയ ബോളിവുഡ് ചലച്ചിത്രമാണ് കേദാര്‍നാഥ്‌. 


ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കിയിരിക്കുന്ന ചിത്രമാണ് 'കേദാര്‍നാഥ്‌'.


കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. 


ആര്‍എസ്‌വിപി, ഗൈ ഇന്‍ ദി സ്‌കൈ എന്നിവയുടെ ബാനറില്‍ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഏഴിന് റിലീസായ ചിത്രത്തിനു നല്ല പ്രതികരണമാണ് ലഭിക്കുന്നത്.