റോക്കി ഭായിക്ക് കയ്യടിച്ച് പുഷ്പരാജ്, കെജിഎഫ് 2 താരങ്ങളെ അഭിനന്ദിച്ച് അല്ലു അർജുൻ
തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2 മുന്നേറുമ്പോൾ അഭിനന്ദങ്ങളുമായി തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ.
ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് കന്നഡ ചിത്രം കെജിഎഫ് 2. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും തിയേറ്റർ നിറഞ്ഞാണ് കെജിഎഫ് 2ന്റെ പ്രദർശനം. ചിത്രം റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോകുമ്പോൾ യഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുഗ് സൂപ്പർ താരം അല്ലു അർജുൻ. ട്വിറ്ററിലൂടെയാണ് അല്ലു അർജുൻ യാഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ടത്.
യഷിന്റെ പകിട്ടാർന്ന പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്ന അല്ലു അർജുൻ സഞ്ജയ് ദത്തിന്റെ ആകർഷകമായ വില്ലൻ ഗെറ്റപ്പിനെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും പ്രശംസിക്കുന്നുണ്ട്. മികവാർന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒരുക്കിയ രവി ബസ്രൂരിനും ഭുവൻ ഗൗഡക്കും ഒപ്പം എല്ലാ സാങ്കേതിക വിദഗ്ധരോടുമുള്ള ബഹുമാനവും അറിയിക്കുന്നുവെന്നാണ് അല്ലു അർജുന്റെ ട്വീറ്റ്.
'പ്രശാന്ത് നീൽ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റർ 2. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും ബോധ്യത്തോടും എന്റെ ആദരവ്. ഈ സിനിമാ അനുഭവത്തിനും ഇന്ത്യൻ സിനിമയുടെ പതാക വാനോളം നിലനിർത്തിയതിനും എല്ലാവർക്കും നന്ദി.' ട്വീറ്റിന് താഴെ അല്ലു അർജുൻ കുറിച്ചു.
കെജി.എഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്. മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകർഷണീയവുമായ ആഖ്യാനവും കെജിഎഫിനെ പ്രേക്ഷകരുടെ പ്രിയപെട്ടതാക്കുന്നു.
ആമസോൺ പ്രൈം വീഡിയോ ആണ് തിയറ്ററുകളിൽ വൻ വിജയമായി തീർന്ന കെജിഎഫ് ചാപ്റ്റർ 2ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോൺ സ്വന്തമാക്കിയത്.
2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ തെന്നിന്ത്യയിൽ 1.5 കോടിയിലേറെ ആളുകളാണ് സിനിമ കണ്ടത്. കർണാടകയിൽ 40ലക്ഷവും തമിഴ്നാട്ടിൽ 30 ലക്ഷവും കേരളത്തിൽ 25 ലക്ഷവും ആന്ധ്രയിലും തെലുങ്കാനയിലുമായി 50 ലക്ഷത്തിലധികവും ആളുകളാണ് കെജിഎഫ് 2 കണ്ടത്. ബാഹുബലി 2വിനെ മറികടന്ന് ഒരു അന്യഭാഷ ചിത്രം കേരളത്തിൽ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷൻ കൂടിയാണ് കെജിഎഫ് 2 സ്വന്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...