KPAC Lalitha | വിടവാങ്ങിയത് ഏറെ പ്രിയപ്പെട്ട ഒരാൾ, ലളിതയ്ക്ക് തുല്യം ലളിത മാത്രം, ഓർമിച്ച് മലയാള സിനിമ
ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു അതുല്യ പ്രതിഭയെയാണ്. അഞ്ഞൂരിലേറെ വേഷങ്ങൾ കൊണ്ട് മലയാളത്തിന്റെ അമ്മയായി മാറിയ കെപിഎസി ലളിതയ്ക്ക് കണ്ണീർ പ്രണാമമേകുകയാണ് സിനിമ ലോകം.
"വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം" എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയുടെ മതിലുകളിൽ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. നാരായണിയുടെ ശബ്ദം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിതമാത്രം എന്ന് രഞ്ജി പണിക്കർ അനുസ്മരിച്ചു. കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്. ഹൃദയംകൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിത. അവർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ല. അത്ര സംവിശേഷമായ പ്രതിഭയുള്ളയാളാണ് കെപിഎസി ലളിതയെന്നും രഞ്ജി പണിക്കർ അനുസ്മരിച്ചു.
'ലളിതാന്‍റിക്ക് നിത്യവിശ്രാന്തി നേരുന്നു! ലളിതാന്റിക്കൊപ്പം വെള്ളിത്തിര പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു! എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു', നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയായതെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. 'മോഹന്‍ലാല്‍ ' എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു കുറിച്ചു.
ചേച്ചിയെ ഞങ്ങൾ ഏറെ മിസ്സ് ചെയ്യുന്നു, ചേച്ചിയുടെ ആത്മാവിന് ശാന്തി നേരുന്നു', എന്നാണ് നടൻ ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
'കെപി എസി ലളിത....എന്‍റെ ലളിതാ ആന്‍റി ഇനിയില്ല' എന്ന് നടി ശ്വേത മേനോൻ കുറിച്ചു.
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല .. എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
വീട്ടിലിരിക്കേണ്ടി വരരുത്. മരണം വരെ അഭിനയിക്കണം എന്നുള്ള കെപിഎസി ലളിതയുടെ ആഗ്രഹം അങ്ങനെ തന്നെ നടന്നു എന്നും നവ്യ നായർ കുറിച്ചു.
ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. രാവിലെ 8 മുതൽ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.