ഒരേ കഥാപാത്രത്തെ തന്നെ പല നടന്മാര്‍ അവതരിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. മിക്കവാറും വ്യത്യസ്ത ഭാഷകളിലോ റീമേക്ക് ചെയ്യുമ്പോഴോ ഒക്കെയാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാലിതാ ഇപ്പോള്‍ മലയാളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു നടന്മാര്‍ വ്യത്യസ്ത സിനിമകളില്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതുമയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച നാല് കുഞ്ഞാലിമരക്കാര്‍മാരുടെ പോരാട്ടത്തിന്റെ കഥയാണ് താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വ്യത്യസ്ത സിനിമകളില്‍ അവതരിപ്പിക്കുക. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ആഗസ്റ്റ്‌ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം പത്തുമാസത്തിനുള്ളില്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ സിനിമ എടുക്കുമെന്ന് പ്രിയദര്‍ശനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. 


1498-ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) നടന്ന ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യപാടവം തെളിയിച്ചവരായിരുന്നു 'കുഞ്ഞാലിമരയ്ക്കാന്‍മാര്‍' എന്ന പേരില്‍ അറിയപ്പെട്ട പോരാളികള്‍. സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ നായകര്‍ക്കു നല്‍കിയ പേരാണ് കുഞ്ഞാലി മരയ്ക്കാര്‍ എന്നത്. മുഹമ്മദ് കുഞ്ഞാലി മരക്കാർ (കുട്ടിആലി) - ഒന്നാം മരക്കാർ കുഞ്ഞാലി മരക്കാർ - രണ്ടാം മരക്കാർ പട്ടു കുഞ്ഞാലി (പടമരക്കാർ) - മൂന്നാം മരക്കാർ മുഹമ്മദാലി കുഞ്ഞാലി - നാലാം മരക്കാർ എന്നിങ്ങനെയാണ് കുഞ്ഞാലി മരയ്ക്കാന്മാരുടെ തലമുറ പോവുന്നത്.ഇതിൽ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രത്തില്‍ ഉണ്ടാവുക.


ഈ നാലു കുഞ്ഞാലി മരയ്ക്കാന്‍മാരുടെ ജീവിതത്തില്‍ ഏതാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നു പ്രിയദര്‍ശന്‍ പറയുന്നു.ആ കാലഘട്ടത്തില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ സിനിമ വസ്തുകളുടെയും ഭാവനയുടെയും ഒരു മിശ്രണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 


മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. ഒപ്പം എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്