Kuttavum Shikshayum: കുറ്റവും ശിക്ഷയും: ഇത് മലയാളത്തിലെ തീരൻ അല്ല, രാജീവ് രവിയുടെ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ എസ്.ഐ ആയി അഭിനയിച്ച സിബി തോമസിൻറെ സ്വന്തം അനുഭവം എന്നതും ഇതിന് പ്രത്യേകതയുണ്ട്.
ഒരു സ്ഥിരം രാജീവ് രവി ബാക്ക് ഗ്രൗണ്ട് തന്നെ പ്രയോഗിച്ച മറ്റൊരു സിനിമ എന്നാണ് കുറ്റവും ശിക്ഷയെയും പറ്റി നോട്ടത്തിൽ പറയാവുന്ന കാര്യം. ഒരു പ്രോ റിയലസ്റ്റിക് ഇഫ്ക്ടിലെ കംപ്ലീറ്റ് മിക്സ്. മുൻപ് തമിഴിൽ ഇറങ്ങിയ തീരൻ അധികാരത്തിൻറെ ജോണർ എവിടെയെങ്കിലും മണക്കുമോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് ആദ്യമേ പറയാം.
കാസർഗോഡ് നടന്ന ഒരു ജ്വല്ലറി മോഷണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൻറെ കഥ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ എസ്.ഐ ആയി അഭിനയിച്ച സിബി തോമസിൻറെ സ്വന്തം അനുഭവം എന്നതും ഇതിന് പ്രത്യേകതയുണ്ട്.
ശരിക്കുള്ള സംഭവ വികാസങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമായതിനാൽ ഒരു പതിഞ്ഞ താളത്തിലാണ് കഥ പറഞ്ഞ് പോകുന്നത്. കാസർഗോഡ് നടക്കുന്ന മോഷണത്തെ ഇടുക്കി കട്ടപ്പനയിലാക്കിയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. മോഷണത്തിന്‍റെ അന്വേഷണ ചുമതല ആസിഫ് അലി അവതരിപ്പിക്കുന്ന സി.ഐ സാജൻ തോമസിനാണ്.
കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലും നടത്തുന്ന വ്യാപക തെരച്ചിലിനെത്തുടർന്ന് മോഷ്ടാക്കൾ നോർത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക് കടന്നതായി മനസ്സിലാക്കുന്നതും ഇവരെ പിടികൂടാനായി സാജൻ തോമസും അന്വേഷണ സംഘവും നടത്തുന്ന പ്രവർത്തനങ്ങളും ആണ് ചിത്രത്തിന്‍റെ കഥാ പ്രമേയം. ഒരു ലീനിയർ പാറ്റേണിലാണ് ചിത്രത്തിന്‍റെ കഥ പറഞ്ഞ് പോകുന്നത്.
രാജീവ് രവി തന്‍റെ സ്ഥിരം ശൈലിയിൽ കാതടപ്പിക്കുന്ന ബി.ജി.എമ്മിന്‍റെ അകമ്പടി ഇല്ലാതെ വളരെ ലളിതമായ രീതിയിലാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്‍റെ കഥ പറഞ്ഞ് പോകുന്നത്. ഒരു റിയൽ ലൈഫ് സ്റ്റോറി ആയതിനാൽ സാധാരണ ക്രൈം ത്രില്ലർ ചിത്രങ്ങളിലേതിന് സമാനമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള സസ്പെൻസ് ഒന്നും ചിത്രത്തില്‍ ഇല്ലായിരുന്നു.
റിയലിസ്റ്റിക് കോപ്പ് ഡ്രാമകളായ തൊണ്ടിമുതലും ദൃക്സാക്ഷിയും, ഉണ്ട എന്നീ ചിത്രങ്ങളിലേത് പോലെ കഥാഗതിയിൽ പറയത്തക്കമാറ്റങ്ങൾ ഒന്നും തന്നെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിൽ കൊണ്ട് വന്നിട്ടില്ല. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ഊഹിക്കാനാകുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ട് തന്നെ രണ്ടാം പകുതിക്ക് ശേഷം വല്ലാത്ത വലിച്ച് നീട്ടൽ അനുഭവപ്പെട്ടു.
പോലീസുകാരുടെ ജീവിതത്തിൽ അവർക്ക് എടുക്കേണ്ടി വരുന്ന റിസ്കും കഷ്ടപ്പാടുകളുമാണ് ചിത്രം ചർച്ച ചെയ്യാൻ ശ്രമിച്ചിരിക്കുന്നതെങ്കിലും അതിന്‍റെ തീവ്രത പ്രേക്ഷരിലേക്ക് എത്തിക്കാൻ ചിത്രം പരാജയപ്പെടുന്നുണ്ട്. ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങിയത് മുതൽ തമിഴിൽ പുറത്തിറങ്ങിയ തീരൻ എന്ന ചിത്രലുമായി ഇതിനെ പലരും താരതമ്യം ചെയ്തിരുന്നു. എന്നാൽ തീരൻ പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ പ്രതീക്ഷിച്ച് ഈ ചിത്രത്തിന് ടിക്കറ്റെടുത്താൽ നിരാശ ആയിരിക്കും ഫലം
കഥാപാത്രങ്ങൾക്ക് ബിഗ് സല്യൂട്ട്
ആസിഫ് അലി, അലൻസിയർ, ഷറഫുദ്ദീൻ, സണ്ണി വെയ്ൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരും തങ്ങളുടെ റോളുകളോട് പൂർണമായും നീതി പുലർത്തി എന്ന് എടുത്ത് പറയേണ്ടതുണ്ട്. ഒരു പരിധിവരെയും വിരസമാകേണ്ടിയിരുന്ന സിനിമയെ അങ്ങനെയല്ലാതാക്കിയത് ഈ കഥാപാത്രങ്ങൾ തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...