തിരുവനന്തപുരം: തിരുവനന്തപുരം ആകാശവാണിയിലെ മിടുക്കനായ ഒരു എ ഗ്രേഡ് മ്യൂസിക് കംപോസറുടെ ജീവിതകഥയിലേക്കാണ് ഇനി പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്. പേരൂർക്കട സ്വദേശിയായ നാഹൂം എബ്രഹാമാണ് തൻ്റെ പതിനേഴാമത്തെ വയസ്സിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനെ കൊണ്ട് 'പാർവണ'മെന്ന ചിത്രത്തിൽ പാട്ടു പാടിപ്പിച്ചത്. ജീവിതത്തിൽ വഴിത്തിരിവാകേണ്ട സിനിമ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംവിധായകൻ ഉപേക്ഷിച്ചതിനും അന്ന് അനന്തപുരി സാക്ഷിയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഹൂം വെറുമൊരു പാട്ടെഴുത്തുകാരൻ മാത്രമല്ല, സംഗീത സംവിധാനവും ആലാപനവുമെല്ലാം തന്മയത്വത്തോടെ ഈ ചെറുപ്പക്കാരന് വഴങ്ങും. പിൽക്കാലത്ത്, ഫ്രീലാൻസ് സംഗീതജ്ഞനായി തിളങ്ങിയ നാഹൂം മലയാളികളുടെ പ്രിയപ്പെട്ട കടൽ ബാൻഡ് ടീം കെട്ടിപടിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. സംഗീതം മനസ്സിൽ കൊണ്ടു നടന്ന നാഹൂം പിന്നീട് നിരവധി ആൽബം സോങ്ങുകളിലും സിനിമകളിലും ശ്രദ്ധേയനായ സംഗീത സംവിധായകനായി. നാഹൂം എബ്രഹാമിൻ്റെ ജീവിതവഴിത്താരയിലേക്കൊന്ന് പോയി വരാം!!!


ചെറുപ്പക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സംഗീതം ജീവിതമാക്കിയ നാഹൂമിന് പാട്ടിനോടും സംഗീതലോകത്തോടും അടങ്ങാത്ത കമ്പമായിരുന്നു. സിനിമാ സാംസ്കാരിക രംഗത്തെ പല പ്രമുഖരും പഠിച്ചിറങ്ങിയ തിരുവനന്തപുരത്തെ തൈക്കാട് ഗവ.മോഡൽ സ്കൂളിൽ പഠിക്കാൻ അഡ്മിഷൻ ലഭിച്ചപ്പോഴും ഈ മധുര പതിനേഴുകാരൻ പാട്ടിൻ്റെ വഴികളിലേക്ക് പോകാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. 


Also Read: Vaashi movie | ടൊവിനോ തോമസ് - കീർത്തി സുരേഷ് ചിത്രം വാശിയുടെ ചിത്രീകരണം പൂർത്തിയായി


പേരൂർക്കടയിൽ നിന്ന് സ്വകാര്യബസ്സിലും നടന്നുമായിരുന്നു സ്കൂളിലേക്കുള്ള യാത്ര. ബസ്സിൽ കയറി പാട്ടുകേട്ട് കുറച്ച് സമയം പിന്നിടുമ്പോൾ തന്നെ തൈക്കാടെത്തും. ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം തൻ്റെ കഴിവുകളെ പ്രയോജനപ്പെടുത്തി മനസ്സിൽ വരികൾ ചിട്ടപ്പെടുത്താനും നാഹൂം ശ്രമിച്ചിട്ടുണ്ട്.


പിന്നീട് സംഗീതത്തിലേക്ക് കൂടുതൽ അടുക്കുന്നത് തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിൽ ബിരുദ പഠനത്തിന് എത്തിയപ്പോഴായിരുന്നു. ഒന്നോ രണ്ടോ സംഗീത ആൽബം മാത്രം ചെയ്ത് പരിചയമുണ്ടായിരുന്ന നാഹൂമിന് അക്ഷരാർത്ഥത്തിൽ ലഭിച്ചത് ഒരു സുവർണാവസരം തന്നെയായിരുന്നു.'പാർവണം' എന്ന സിനിമയുടെ സംഗീതം ചെയ്യാനാണ് അവസരം ലഭിച്ചത്. 


തീർന്നില്ല, നാഹൂം എഴുതിയ വരികൾക്ക് യേശുദാസ് പാടണമെന്നതായിരുന്നു സിനിമയുടെ സംവിധായകൻ്റെ അടുത്ത തീരുമാനം. ഇത് കേട്ട് നാഹൂം പോലും ഞെട്ടിപ്പോയി. സിനിമ സംഗീതരംഗത്തെ പ്രമുഖരുടെ വലിയൊരു സംഘം തന്നെ അണിനിരന്ന 'പാർവണ'ത്തിലെ ഗാനം ആലപിക്കാൻ യേശുദാസിനു പുറമേ എത്തിയത് ഭാവഗായകൻ പി ജയചന്ദ്രനും കേരളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയും അടങ്ങിയ പ്രശസ്ത ഗായകർ. കൂടാതെ യുവനിര ഗായകരായ ജ്യോത്സനയും, നജിം അർഷാദും ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കാനെത്തി.


Also Read: Vellimoonga-2: ചിരിയുടെ പുതിയ രസക്കൂട്ടുകളുമായി മന്ത്രി മാമച്ചന്‍ വരുന്നു..!! വെള്ളിമൂങ്ങ രണ്ടാം ഭാഗം ഒരുങ്ങുന്നു


എന്നാൽ, ഇതോടെ നാഹൂമിൻ്റെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീണു കൊണ്ട് പകുതി ചിത്രീകരണം പൂർത്തിയാക്കിയ 'പാർവണം' നിർത്തിവച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിനെത്തുടർന്നാണ് സംവിധായകൻ ചിത്രം ഉപേക്ഷിച്ചത്. സിനിമയുടെ ഓഡിയോ റിലീസിംഗിന് ഒരാഴ്ച മുമ്പാണ് ഇത് സംഭവിക്കുന്നത്. അങ്ങനെ, നാഹൂം എബ്രഹാം എന്നയാളുടെ ആദ്യ ചിത്രത്തിലെ പാട്ടുകൾ സംഗീതലോകം കേൾക്കാതെ അവസാനിച്ചു.


പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും മേൽ കരിനിഴൽ വീണതോടെ സംഗീത ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചാലോ എന്നു വരെ നാഹൂം ആലോചിച്ചു. അത്രമേൽ മാനസിക സംഘർഷത്തിലൂടെയാണ് നീണ്ട കാലം കടന്നുപോയത്. അർപ്പണബോധവും ആത്മാർത്ഥതയുമുണ്ടെങ്കിൽ എന്തിനെയും കീഴടക്കാമെന്ന തൻ്റെ ഒരു നിമിഷത്തെ മറിച്ചൊരു ചിന്തയാണ് രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും പാട്ടിൻ്റെ ലോകത്തേക്ക് എത്തിച്ചത് - നാഹൂം എബ്രഹാം പറയുന്നു. 


പതിനേഴാമത്തെ വയസ്സിൽ പാട്ടെഴുതിയ ചിത്രം പുറത്തിറങ്ങിയിരുന്നുവെങ്കിൽ സിനിമ ലോകത്തേക്കുള്ള കാൽവെപ്പിൽ തനിക്ക് അത് ഒരുപാട് അവസരങ്ങൾ സമ്മാനിക്കുമായിരുന്നു. നീർമാതളം പൂത്തകാലം, ജീവിതം ഒരു മുഖംമൂടി തുടങ്ങിയ ചിത്രങ്ങളിൽ സ്വതന്ത്ര സംഗീത സംവിധാനം നിർവഹിച്ച നാഹൂമിൻ്റെ വാക്കുകളാണിത്.


സംഗീത സംവിധാന രംഗത്തേക്ക് വന്നതോടെയാണ് നല്ലൊരു പാട്ടുകാരനാകണമെന്ന മോഹം ഉള്ളിൽ തോന്നിയത്. സംഗീത ജീവിതത്തിൽ വ്യത്യസ്ത ശൈലികൾ പരീക്ഷിച്ച് അതിൽ വിജയം നേടാൻ കഴിഞ്ഞു. പാട്ടിൻ്റെ വഴിയിലേക്ക് സ്കൂൾ കാലം മുതൽ സഞ്ചരിച്ചു തുടങ്ങിയ തൻ്റെ അവസരങ്ങൾ പോലും പലരും നഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് - നാഹൂം വ്യക്തമാക്കി.


സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഫ്രീലാൻസ് സംഗീതജ്ഞനാകണമെന്ന ആലോചന മനസ്സിൽ തോന്നുന്നത്. പിന്നീട് ആ വഴിക്ക് സഞ്ചരിച്ചു. ഒരല്പം വ്യത്യസ്തതയാർന്ന നിലയ്ക്കുള്ള പാട്ടുകൾ ചിട്ടപ്പെടുത്താനും, അത് പാടി അവതരിപ്പിക്കാനും പരമാവധി ശ്രമിച്ചു. പ്രേക്ഷകരിൽ നിന്ന് നിറഞ്ഞ കയ്യടി ലഭിച്ചു. 


പിൽക്കാലത്ത്, മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് ബാൻഡായി കടൽബാൻഡ് പിറവിയെടുത്തത് അങ്ങനെയാണ്. കേരളത്തിലും വിദേശത്തുമടക്കം നിരവധി പ്രോഗ്രാമുകൾ കടൽ ബാൻഡിന് ലഭിച്ചു. കേരള സംസ്കാരവുമായി ഇഴകി ചേർന്നുനിൽക്കുന്നതാണ് 'കടലി'ൻ്റെ പാട്ടുകളിലധികവും - നാഹൂം മനസ്സ് തുറന്നു.


നിലവിൽ ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന തിരക്കിലാണ് നാഹൂം. സിനിമാറ്റിക് പാട്ടുകളുടെ രീതിയിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ ശ്രോതാക്കൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ഒരല്പം ക്രിയേറ്റിവിറ്റിയോടെയാണ് നാഹൂം അവതരിപ്പിക്കുന്നത്. പുതിയ പാട്ടുകളിലും തൻ്റേതായ വ്യത്യസ്തത തീർക്കാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന.


മലയാളത്തിലെ ഒരു കൂട്ടം യുവ നടൻമാർ അഭിനയിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ കമ്പോസിംഗും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. കേരളത്തിൻ്റെ സാംസ്കാരിക ഭൂപടത്തെ അടയാളപ്പെടുത്തുന്ന തനത് കലാരൂപങ്ങളായ തെയ്യം, തോറ്റംപാട്ട്, നാഗപ്പാട്ട്, പുള്ളുവൻപാട്ട് തുടങ്ങിയവ തൻ്റേതായ കഴിവിൽ ചിട്ടപ്പെടുത്തി സ്വന്തമായി തന്നെ വരികളെഴുതി അവതരിപ്പിക്കാനും ഇതിനോടകം തന്നെ നാഹൂമിന് കഴിഞ്ഞിട്ടുണ്ട്. 


സമൂഹമാധ്യമങ്ങളായ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെ റീലുകളിൽ ഹിറ്റുകളായി ഓടുന്ന പല പാട്ടുകളും നാഹൂമിൻ്റെ സംഗീത ജീവിതത്തിൽ പിറന്നതാണ്. മാത്രമല്ല യൂട്യൂബിൽ ട്രെൻഡിങ് ആയി നിൽക്കുന്ന 'വരിക വരിക' എന്നുള്ള ആൽബം പാട്ടിനും കാഴ്ചക്കാർ ഏറെയാണ്.


ആൽബം പാട്ടുകളും, ബാൻഡ് പ്രോഗ്രാമുകളുമൊക്കെ ചെയ്യുമ്പോൾ പോലും മലയാള സിനിമയിൽ തനിക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനോട് ഒരല്പം വിഷമവും നാഹൂം പങ്കുവയ്ക്കുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ഒരു സിനിമ പോലും ചെയ്യാൻ കഴിയാത്തതാണ് തൻ്റെ ജീവിതത്തിൽ ഇന്നും വലിയ സങ്കടമായി അവശേഷിക്കുന്നതെന്നും നാഹൂം പറഞ്ഞു വയ്ക്കുന്നു.


അമ്മയും ഭാര്യയും മകളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് നാഹൂം എബ്രഹാമിൻ്റേത്. പുരോഹിതനായിരുന്ന അച്ഛൻ എട്ട് വർഷം മുൻപാണ് മരണപ്പെട്ടത്. അമ്മ സുശീലയാണ് തന്നെ ഈ രംഗത്തേക്ക് എത്തിക്കാൻ കാരണമായതെന്ന് സംഗീത സംവിധായകനും ഗായകനുമായ നാഹും എബ്രഹാം പറയുന്നു. 


അമ്മ അതിഗംഭീരമായി സംഗീതം ആസ്വദിക്കുകയും നന്നായി പാട്ടുകൾ പാടുകയും ചെയ്യും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഭാര്യ ജാസ്മിനും സംഗീതത്തിൽ പൂർണപിന്തുണ നൽകി കൂടെയുണ്ട്. മകൾ ഒരു വയസ്സുകാരി ഇസ. സംഗീതം സാന്ദ്രമാക്കിയ കുടുംബത്തിൽ നാഹൂമിൻ്റെ സഹോദരി ഭർത്താവും നല്ലൊരു ഡാൻസ് കൊറിയോഗ്രാഫറാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.