Lust Storys 2 Review: വെറും സെക്സല്ല ലസ്റ്റ് സ്റ്റോറീസ് 2; സിനിമ പറഞ്ഞു വെക്കുന്ന സമൂഹം
രണ്ട് വർഷം മുൻപ് 2018 ൽ സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളും ചിന്തകളും ചർച്ച ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രം
'സ്ത്രീകളുടെ ലൈംഗിക ചിന്തകൾ' ഇന്ത്യൻ സിനിമയിൽ ഏറ്റവും കുറച്ച് ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. സ്ത്രീകളുടെ ലൈംഗികതകളും, അവളുടെ താല്പര്യങ്ങളും കൂടുതലും വിരിഞ്ഞിട്ടുള്ളത് പുരുഷന്‍റെ തൂലികത്തുമ്പിലാണ്. അതുകൊണ്ടുതന്നെ പുരുഷന്‍റെ ലൈംഗിക കാല്പനികതകളാണ് പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
രണ്ട് വർഷം മുൻപ് 2018 ൽ സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളും ചിന്തകളും ചർച്ച ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രം. കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു ചിത്രമായതിനാൽത്തന്നെ ഇന്നും നിരവധി സന്ദർഭങ്ങളിൽ ഈ ചിത്രം ചർച്ചാ വിഷയമാകാറുണ്ട്. ലസ്റ്റ് സ്റ്റോറീസിന്‍റെ ഒരു രണ്ടാം ഭാഗമെന്ന ടാഗ് ലൈനോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങിയ ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 2.
ആന്തോളജിയിലെ ആദ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ ബൽക്കിയാണ്. മൃണാൽ ഠാക്കൂർ, നീന ഗുപ്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത് വിവാഹ ജീവിതത്തിൽ ലൈംഗിക ബന്ധത്തിനുള്ള പങ്കിനെക്കുറിച്ചാണ്. പ്രേക്ഷകർ നിരവധി തവണ സാമൂഹിക മാധ്യമങ്ങൾ വഴി കേട്ടുമടുത്ത ഒരു വിഷയത്തെ വീണ്ടും തേച്ചുമിനുക്കി സ്പൂൾ ഫീഡിങ് ചെയ്യുന്നതിന് സമാനമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. 'ഒരു വണ്ടി വാങ്ങുന്നതിന് മുൻപ് ടെസ്റ്റ് ഡ്രൈവ് ചെയ്യണം' പോലെയുള്ള നീന ഗുപ്തയുടെ സംഭാഷണങ്ങൾ എല്ലാം കമന്‍റ് ബോക്സുകളിൽ നിറ സാന്നിധ്യമാണ്.
ഇതല്ലാതെ പുതുമയുള്ള ഒന്നും തരാനാകാതെ പോയ ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസിലെ ആദ്യ ഷോർട്ട് ഫിലിം. കൊൻകൊണാ സെൻ ശർമ്മയുടെ രണ്ടാമത്തെ ഹ്രസ്വ ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 കണ്ട ഏതൊരു പ്രേക്ഷനെയും പിടിച്ചിരുത്തുന്ന പുത്തൻ പ്രമേയമുള്ളതായിരുന്നു. രണ്ട് സാമ്പത്തിക തട്ടിലുള്ള സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളും അവരുടെ ലൈംഗിക സംതൃപ്തിക്കായി ചെയ്തുകൂട്ടുന്ന രസകരമായ ചില പ്രവർത്തികളുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. തിലോത്തമ ഷോമെയാണ് ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ മറ്റൊരു ചിത്രത്തിലും ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത രീതിയിൽ, സ്ത്രീ ലൈംഗികതയുടെ പുതിയ തലങ്ങൾ ചർച്ച ചെയ്യുന്ന കൊൻകൊണാ സെൻ ശർമ്മയുടെ ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 ലെ മികച്ച ചിത്രമെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല.
സുജോയ് ഖോഷിന്‍റെ സംവിധാനത്തിൽ തമന്ന ഭാട്ടിയ, വിജയ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായിരുന്നു ലസ്റ്റ് സ്റ്റോറീസ് 2 ലെ മൂന്നാമത്തെ ചിത്രം. ഒരു സാധാരണ ഫാന്‍റസി, ക്രൈം ചിത്രത്തിൽ ലസ്റ്റ് എന്ന എലമെന്‍റ് നിർബന്ധപൂർവം കൂട്ടിച്ചേർത്തതായാണ് ഈ സിനിമ അനുഭവപ്പെട്ടത്. തമന്ന ഇതുവരെ സ്ക്രീനിൽ കണ്ടിട്ടില്ലാത്ത രീതിയിൽ ബോൾഡ് ആയാണ് ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. വ്യത്യസ്തമായ ഒരു ആശയം കൈകാര്യം ചെയ്യുന്ന ഹ്രസ്വ ചിത്രമെന്ന നിലയിൽ ഭൂരിഭാഗം പ്രേക്ഷകർക്കും തരക്കേടില്ലാത്ത അനുഭവം ഈ സിനിമക്ക് നൽകാൻ സാധിക്കും.
നാലാമത്തെയും അവസാനത്തെയും ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത് അമിത് രവീന്ദർനാഥ് ശർമയാണ്. കജോൾ, കുമുദ് മിശ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ കൈര്യം ചെയ്തിരിക്കുന്ന ഈ സിനിമ ഒരു നോർത്ത് ഇന്ത്യൻ ഗ്രാമത്തെയും അവിടെയുള്ള ഒരു ജന്മിയെയും കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.
എന്നാൽ പഴയ കാല മലയാള ബി ഗ്രേഡ് സിനിമകളിൽ ഉപയോഗിച്ച് പഴകിയ ഒരു വിഷയത്തെ രൂപമാറ്റം വരുത്തി വീണ്ടും സ്ക്രീനിലെത്തിച്ചു എന്നതല്ലാതെ പ്രേക്ഷകർക്ക് യാതൊരു പുതുമയും ലസ്റ്റ് സ്റ്റോറീസിലെ നാലാമത്തെ ചിത്രത്തിൽ കാണാൻ സാധിക്കില്ല. ചുരുക്കത്തിൽ 2018 ൽ പുറത്തിറങ്ങി ഇന്നും ചർച്ചാ വിഷയമായി നിൽക്കുന്ന ലസ്റ്റ് സ്റ്റോറീസിന്‍റെ രണ്ടാം ഭാഗത്തിൽ തീർച്ചയായും ചർച്ച ചെയ്യേണ്ടിയിരുന്നത് കുറച്ചുകൂടി ഭാവിയെ മുൻനിർത്തിയുള്ള വിഷയങ്ങളായിരുന്നു. എന്നാൽ പ്രേക്ഷകർ കണ്ടും കേട്ടും മടുത്ത കഥകളെത്തന്നെ ചായം തേച്ച് മിനുക്കി വീണ്ടും അവതരിപ്പിച്ച ഒരു ആന്തോളജിയായാണ് ലസ്റ്റ് സ്റ്റോറീസ് 2 അനുഭവപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...