Crossbelt Mani: ആദ്യകാല മലയാള ചലച്ചിത്ര സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു
പ്രമുഖ മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ക്രോസ്ബെൽറ്റ് മണി അന്തരിച്ചു. അൻപതിലേറെ സിനിമകൾ സംവിധാനം ചെയ്തു.
തിരുവനന്തപുരം: മലയാളത്തിലെ ആദ്യകാല സിനിമ സംവിധായകനും (Director) ഛായാഗ്രാഹകനുമായിരുന്ന (Cinematographer) ക്രോസ്ബെൽറ്റ് മണി (Crossbelt Mani) അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
കെ. വേലായുധൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ക്രോസ് ബെൽറ്റ്, മിടുമിടുക്കി തുടങ്ങി അൻപതിലേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നാരദൻ കേരളത്തിൽ, കമാൻഡർ തുടങ്ങി പത്തോളം സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു.
സ്വന്തം സിനിമയുടെ പേരിൽ മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഏക സംവിധായകൻ ഇദ്ദേഹം ആയിരിക്കും. ക്രോസ്ബെൽറ്റ് എന്ന സിനിമ സംവിധാനം ചെയ്തതോടെയാണ് അദ്ദേഹത്തിന് ക്രോസ്ബെൽറ്റ് മണി എന്ന പേര് ലഭിച്ചത്. എൻ.എൻ പിള്ളയുടെ നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും എൻ.എൻ പിള്ളയാണ് തയാറാക്കിയത്. സത്യനും ശാരദയും സഹോദരീസഹോദരൻമാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.
ഫോട്ടോഗ്രാഫിയിലുള്ള (Photography) താല്‍പര്യമായിരുന്നു വേലായുധന്‍ നായർക്ക് മുന്നിൽ സിനിമയെന്ന വഴി തുറന്നത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ (Merryland Studio) പ്രവർത്തിച്ചു. പിന്നീട് 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. 1967-ല്‍ പുറത്തിറങ്ങിയ 'മിടുമിടുക്കി'യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. സംവിധായകൻ ജോഷി (Joshiy) ക്രോസ് ബെൽട്ട് മണിയുടെ സഹസംവിധായകനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...