മമ്മൂട്ടി എന്ത് കൊണ്ട് ആ ചിത്രം ചെയ്തില്ല? നടക്കാതെ പോയ സിനിമയെ പറ്റി പി എഫ് മാത്യൂസ് പറയുന്നത്
നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് അദ്ദേഹം പോസ്റ്റ് പങ്ക് വെച്ചത്.
കൊച്ചി: മികച്ച കഥയായിട്ടും നടക്കാതെ പോയ തൻറെ ചിത്രത്തെ പറ്റി പറയുകയാണ് എഴുത്തുകാരൻ പിഎഫ് മാത്യൂസ്. തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അദ്ദേഹം സിനിമയെ പറ്റി വ്യക്തമാക്കിയത്.
പി എഫ് മാത്യൂസിൻറെ പോസ്റ്റിൻറെ പൂർണ രൂപം
ഞാൻ ജോലിയിൽ നിന്നു സന്തോഷത്തോടെ വിരമിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടിയുമായുള്ള ഈ കൂടിക്കാഴ്ച നടന്നു. കർണാടകത്തിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. തലേന്ന് പാതിരാവിൽത്തന്നെ ഞങ്ങളവിടെ എത്തിച്ചേർന്നു. പിറ്റേന്ന് രാവിലെ ലൊക്കേഷനിൽ ചെന്ന് അദ്ദേഹത്തിൻറെ കാരവനിലിരുന്ന് കഥ പറഞ്ഞു. ഹൈറേഞ്ച് പ്രദേശത്തുള്ള ഒരു സ്കൂളിൻറെ പരിസരങ്ങളിൽ ചില കുട്ടികൾ അപ്രത്യക്ഷരാകുന്നു.
പിന്നാലെ ചില ദുർമരണങ്ങളുമുണ്ടാകുന്നുണ്ട്. കപ്പൂച്ചിൻ പുരോഹിതനാണ് നായകൻ. അത്രയ്ക്കൊന്നും വെളിപ്പെടുത്താത്ത ചിത്രീകരണവും അന്ത്യവുമുള്ള മിസ്റ്റീരിയസായ കഥാപരിസരം. കഥ കേട്ട അദ്ദേഹം നമുക്കത് ചെയ്യാം എന്നു പറഞ്ഞു. അങ്ങനെയാണ് ആ ഫോട്ടോ ഉണ്ടാകുന്നത്.
അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആ വിഷയം സിനിമയായി മാറിയില്ല. വർഷങ്ങൾക്കു ശേഷം മറ്റു ചില സിനിമകളിൽ സമാനമായ ചില കഥാ സന്ദർഭങ്ങൾ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തതോടെ ആ സിനിമയേക്കുറിച്ചുള്ള ചിന്ത തന്നെ തുടച്ചു നീക്കി. ഇപ്പോൾ ശേഷിക്കുന്നത് ഈ ചിത്രമാണ്. അതും ഒരു സാമൂഹ്യ മാധ്യമത്തിൽ നിന്നു കിട്ടിയത്.
നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് അദ്ദേഹം പോസ്റ്റ് പങ്ക് വെച്ചത്. മികച്ച തിരക്കഥക്കുള്ള ദേശിയ-സംസ്ഥാന പുരസ്കാരങ്ങൾ ഒന്നലധികം തവണ കരസ്ഥമാക്കിയ പിഎഫ് മാത്യൂസ് 1986-ൽ പുറത്തിറങ്ങിയ തന്ത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. പിന്നീട് 1994-ൽ എത്തിയ പുത്രൻ, 2009-ൽ മമ്മൂട്ടി നായകാനായ കുട്ടി സ്രാങ്ക്, ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിച്ചെത്തിയ അതിരൻ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥാകൃത്തായി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.