IFFK 2022 : ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷക പിന്തുണ നേടി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ
മേള തുടങ്ങി നാലാം ദിനം പിന്നിടുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് എല്ലാ വേദികളും പ്രകടമാകുന്നത്.
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളസിനിമകൾക്ക് മികച്ച പ്രേക്ഷക പിന്തുണ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നിഷിദ്ധോ, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. മേള തുടങ്ങി നാലാം ദിനം പിന്നിടുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് എല്ലാ വേദികളും പ്രകടമാകുന്നത്.
അനശ്വര പ്രതിഭ ജി.അരവിന്ദന്റെ കുമ്മാട്ടിയുടെ വീണ്ടെടുത്ത 4K പതിപ്പിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിലെ അണിയറപ്രവത്തകരും ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ, അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, കല്പറ്റ നാരായണൻ തുടങ്ങി പ്രശസ്തരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ളനോട്ട്, നായാട്ട്, അവനോവിലോന, ചവിട്ട്, ബനേർഘട്ട, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.
നടൻ നെടുമുടി വേണുവിന് ആദരമായി ഏഴു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. നാളെ അതിൽ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. നോർത്ത് 24 കാതം, ആവാസവ്യൂഹം, നിറയെ തത്തകളുള്ള മരം, പ്രാപ്പിട, സണ്ണി തുടങ്ങിയ ചിത്രങ്ങളാണ് നാളെ മാർച്ച് 22 ചൊവ്വാഴ്ച പ്രദർശിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.