Malayankunju : മലയൻകുഞ്ഞ് നേരിട്ട് ഒടിടിയിലേക്കില്ല, തിയേറ്ററിൽ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
Malayankunj Movie Release Date : ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് മലയൻകുഞ്ഞ്.
കൊച്ചി : ഫഹദ് ഫാസിലിന്റെ ഏവരും കാത്തിരിക്കുന്ന ചിത്രം മലയൻകുഞ്ഞിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ചിത്രം തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് മലയൻകുഞ്ഞ്.
ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ വര്ഷം ഡിസംബർ 25 ന് പുറത്തുവിട്ടിരുന്നു. പ്രകൃതി ദുരന്തവും, തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ട്രെയിലറിൽ നിന്നും മനസിലായത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്.
ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്‌മാനാണ് എന്നുള്ളതാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ചിത്രത്തിൻറെ സംവിധായകൻ സജി മോൻ ഇതിന് മുമ്പ് മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ മാലിക്കിന് ശേഷം റിലീസ് ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മലയാള ചിത്രമാണ് മലയൻകുഞ്ഞ്. ഇതിനിടയിൽ അല്ലു അർജുൻ നായകനായ തെലുഗു ചിത്രം പുഷ്പയിലും കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വിക്രമിലും ഫഹദ് അഭിനയിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം എന്ന പ്രത്യേകത കൂടി മലയൻ കുഞ്ഞിനുണ്ട്. ചിത്രം നിർമ്മിക്കുന്നത് സംവിധയകാൻ ഫാസിലാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം പ്രധാന കഥാപാത്രങ്ങളായി രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും എത്തുന്നുണ്ട്. ചിത്രം 2022 ഫെബ്രുവരിയിൽ റിലീസിന് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫഹദ് ഫാസിലിനു പരിക്കേറ്റിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടി൦ഗ് നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...