Malayankunju Movie : `ഈ ട്രെയ്‌ലർ എന്നെ ഞെട്ടിച്ചു`; മലയൻകുഞ്ഞിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് നടൻ സൂര്യ
Actor Suriya on Malayankunju Movie Trailer : ഫഹദ്, നിന്റെ കഥകൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. വളരെ വ്യത്യസ്തമായ ഈ കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും ദൃശ്യങ്ങൾ എന്നെ ഞെട്ടിച്ചുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം മലയൻകുഞ്ഞിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് തമിഴ് നടൻ സൂര്യ. ഫഹദ്, നിന്റെ കഥകൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. വളരെ വ്യത്യസ്തമായ ഈ കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും ദൃശ്യങ്ങൾ എന്നെ ഞെട്ടിച്ചുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു. മലയൻകുഞ്ഞിന്റെ ട്രെയ്‌ലറും സൂര്യ അതിനോടൊപ്പം പങ്കു വെച്ചിരുന്നു. ഇരുവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയൻകുഞ്ഞ് ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ.
ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ചിത്രം തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സർവൈവൽ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്.
ഇന്ത്യൻ സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ലെജൻഡ്സിൽ ഒരാളാണ് എആർ റഹ്മാൻ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. എആർ റഹ്മാൻ സംഗീതം നൽകിയ 'ചോലപ്പെണ്ണേ' എന്ന് തുടങ്ങുന്ന മെലഡി ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാൻ മാജിക് മലയാളത്തിലേക്ക് തിരിയെത്തിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്.
ചിത്രത്തിൻറെ സംവിധായകൻ സജി മോൻ ഇതിന് മുമ്പ് മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ മാലിക്കിന് ശേഷം റിലീസ് ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മലയാള ചിത്രമാണ് മലയൻകുഞ്ഞ്. ഇതിനിടയിൽ അല്ലു അർജുൻ നായകനായ തെലുഗു ചിത്രം പുഷ്പയിലും കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വിക്രമിലും ഫഹദ് അഭിനയിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം എന്ന പ്രത്യേകത കൂടി മലയൻ കുഞ്ഞിനുണ്ട്. ചിത്രം നിർമ്മിക്കുന്നത് സംവിധയകാൻ ഫാസിലാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം പ്രധാന കഥാപാത്രങ്ങളായി രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും എത്തുന്നുണ്ട്. ചിത്രം 2022 ഫെബ്രുവരിയിൽ റിലീസിന് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫഹദ് ഫാസിലിനു പരിക്കേറ്റിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടി൦ഗ് നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...