ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരുപിടി മമ്മൂട്ടി ചിത്രങ്ങളാണ് 2022 ൽ പുറത്തിറങ്ങാനുള്ളത്. അമല്‍നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി, കെ മധു തുടങ്ങിയ സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് മമ്മൂട്ടി എത്തുന്നതെന്നതും ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീഷ്മപർവം


മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വത്തിന് പ്രഖ്യാപനഘട്ടം മുതല്‍ പ്രതീക്ഷകളേറെയാണ്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തില്‍ മിഖായേല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. സംവിധായകനും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റേതായി പുറത്തിറക്കുന്ന പുതിയ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.


 പുഴു


അച്ഛന്റെ നെറ്റിയിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ക്കുന്ന മകനിലൂടെ ഭയവും സസ്‌പെന്‍സും നിറച്ചെത്തിയ പുഴുവിന്റെ ടീസര്‍ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.


നൻപകൽ നേരത്ത് മയക്കം


സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളില്‍ 28 ദിവസംകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടി രണ്ട് ​ഗെറ്റപ്പുകളിൽ എത്തുന്നുണ്ടെന്നാണ് സൂചന. സൈക്കിള്‍ മെക്കാനിക്കും ആക്രിസാധനങ്ങളുടെ ഡീലറുമായാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘മമ്മൂട്ടി കമ്പനി’ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രം കൂടിയാണിത്.


 സിബിഐ 5


കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷ ഉണർത്തിയ ചിത്രമാണ്. ചിത്രത്തില്‍ ജഗതി ശ്രീകുമാറും ഭാ​ഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു സീരീസിലെ ആദ്യ ചിത്രം. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയായിരുന്നു സീരിസിലെ മറ്റ് ചിത്രങ്ങൾ. എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയാണ് സംവിധാനം ചെയ്തത്. ഇതേ കൂട്ടുകെട്ടിൽ തന്നെയാണ് സിബിഐയുടെ അഞ്ചാം ഭാ​ഗവും ഒരുങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.