Nedumudi Venu: അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു, `സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...നെടുമുടി വേണുവിന്റെ വിയോഗത്തിൽ മഞ്ജു വാര്യര്‍
നടന് നെടുമുടി വേണുവിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍.
അതുല്യനടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി താരങ്ങളും സാംസ്കാരിക പ്രവർത്തകരും അവരുടെ അനുശോചനം (Condolence) രേഖപ്പെടുത്തി. നെടുമുടി വേണുവിന്റെ ഓർമ്മയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ (Manju Warrier).
അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്.
Also Read: Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി
'ദയ'യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആൻഡ് ജിൽ', ഏറ്റവും ഒടുവില്‍ 'മരയ്ക്കാറും' . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും....വേദനയോടെ വിട... മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഭിനയമികവ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. നെടുമുടിവേണുവിന്റെ മരണം (Nedumudi Venu Passed Away) മലയാള സിനിമാ ലോകത്തിന് വൻ നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയമില്ല. നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളാണെന്ന വാർത്ത പുറത്തുവന്നതോടെ സുരേഷ്ഗോപി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.
മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന ഈ നെടുമുടി വേണു.
പഠിക്കുന്ന കാലത്ത് സാംസ്ക്കാരിക പ്രവർത്തനനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാടക (Drama) കളരിയിൽ നിന്നാണ് സിനിമയിൽ എത്തിയത്. ഇതിനിടയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും (Teacher) കലാകൗമുദിയിൽ പത്രപ്രവർത്തകനായും (Journalist) അദ്ദേഹം പ്രവർത്തിച്ചിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ (Indian Cinema) ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...