തിയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുകയാണ് മഞ്ഞുമ്മൽ ബോയിസ് എന്ന ചിത്രം. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു സർവൈവൽ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ്. ഈ സിനിമ തനിക്ക് വ്യക്തിപരമായ ഒരു ഓർമ്മയും ഒരു വേർപാടിന്റെ നീറ്റലുമാണ് നൽകുന്നതെന്നാണ് മഞ്ഞുമ്മൽ ബോയിസ് കണ്ട സംവിധായകൻ ഷാജി കൈലാസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്റെ ചെറുപ്പക്കാലത്ത് സമാനമായ ഒരു തനിക്കുണ്ടായി. സുഹൃത്തുക്കൾക്കൊപ്പം അഗസ്ത്യാർകൂടത്തിലേക്ക് വിനോദയാത്രയ്ക്ക് പോയ തന്റെ ജ്യേഷ്ഠസഹോദരനെ ഒരു അപകടത്തിൽ നഷ്ടപ്പെട്ടു. മഞ്ഞുമ്മൽ ബോയിസ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി തന്നെ അനുഭവിപ്പിച്ചുയെന്നാണ് ഷാജി കൈലാസ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ്


ജീവിതം തൊട്ട സിനിമ


കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ്  സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.


ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.


വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.


പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ... അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.


സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു.


സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്. അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നു എന്നു മാത്രം. 


മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല.
ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു. അച്ഛന്റെ കരച്ചിൽ ഓർത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓർത്തു.


മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. അത്ര നല്ല സിനിമ. ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ പറ്റട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ.


ALSO READ : Manjummel Boys Movie : മഞ്ഞുമ്മൽ ബോയിസിൽ ഡ്രൈവറായി എത്തിയ ചേട്ടനെ റിവ്യൂവർമാർക്ക് അറിയില്ല; എടുത്തുടത്ത് സോഷ്യൽ മീഡിയ


മഞ്ഞുമ്മൽ ബോയിസ് ബോക്സ്ഓഫീസ്


തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് മഞ്ഞുമ്മൽ ബോയിസിന് ലഭിക്കുന്നത്. ആദ്യ ദിനം 3.35 കോടി രൂപയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മഞ്ഞുമ്മൽ ബോയിസ് നേടിയെടുത്തിരിക്കുന്നത്, രണ്ടാം ദിനം ഏകദേശം അത്രയും തന്നെ യുവതാരനിര അണിനിരന്ന ചിത്രം നേടിയെടുക്കുകയും ചെയ്തു. ആദ്യ രണ്ട് ദിനം കൊണ്ട് 6.65 കോടിയാണ് മഞ്ഞുമ്മൽ ബോയിസന്റെ കേരള ബോക്സ്ഓഫീസ് കളക്ഷൻ. ഇന്നും നാളെയും വാരാന്ത്യത്തിൽ കേരള ബോക്സ്ഓഫീസിൽ പരമാവധി കളക്ഷൻ ചിത്രം നേടിയെടുക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.