Marvel Studios: അമിത ജോലി ഭാരം, ശമ്പളവുമില്ല; വിഎഫ്എക്സ് ആർട്ടിസ്റ്റുകളുടെ നടുവൊടിച്ച് മാർവൽ
വേണ്ടത്ര പ്രതിഫലം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും മാർവൽ സ്റ്റുഡിയോസിന്റെ വിഎഫ്എക്സ് ആർട്ടിസ്റ്റുകളിൽ നിന്നും പരാതി ഉയരുന്നുണ്ട്.
ഒരുകാലത്ത് വിഎഫ്എക്സിന്‍റെ കാര്യത്തിൽ ലോകോത്തര നിലവാരം പുലർത്തിയിരുന്നവരാണ് മാർവൽ സ്റ്റുഡിയോസ്. മാർവലിന്‍റെ പ്രധാന എതിരാളികളായ ഡി.സി ജസ്റ്റിസ് ലീഗിൽ ഉൾപ്പെടെ വിഎഫ്എക്സിന്‍റെ പേരിൽ പഴി കേട്ടപ്പോഴും മാർവൽ തല ഉയർത്തി നിന്നു. വിഎഫ്എക്സിൽ വിസ്മയം തീർത്ത ചിത്രങ്ങളായിരുന്നു അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറും എൻഡ് ഗെയിമുമെല്ലാം. എന്നാൽ അതിന് ശേഷം അടിതെറ്റിയ കൊമ്പന്‍റെ അവസ്ഥയാണ് മാർവൽ സ്റ്റുഡിയോസിന്. മാർവലിന്‍റെ ഫേസ് 4 ന്‍റെ ഭാഗമായി പുറത്തിറങ്ങിയ സിനിമകളും സീരീസുകളും ഒന്നും തന്നെ വിഎഫ്എക്സിന്‍റെ കാര്യത്തിൽ പ്രതീക്ഷിച്ച നിലവാരം പുലർത്തിയിരുന്നില്ല. ഇതിന്‍റെ പേരില്‍ ആരാധകർക്കിടയിൽ നിന്ന് ഒരുപാട് കുറ്റപ്പെടുത്തലുകൾ മാർവലിന് കേൾക്കേണ്ടി വന്നു. ഇതിനിടെയാണ് മാർവലിനെതിരെ ചില ഗുരുതര ആരോപണങ്ങളുമായി ഏതാനും വി.എഫ്.എക്സ് ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്.
വിഎഫ്എക്സ് ആർട്ടിസ്റ്റുകൾക്ക് വിശ്രമമില്ലാത്ത ജോലിയാണ് മാർവൽ സ്റ്റുഡിയോസ് ഓരോ പ്രോജക്ടിന്‍റെ സമയത്തും നൽകുന്നതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപം. ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രതിഫലം ലഭിക്കാത്തതും വേണ്ട വിശ്രമം ലഭിക്കാത്തതും പല വിഎഫ്എക്സ് ആർട്ടിസ്റ്റുകളെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഒരു സാധാരണ സൈഫൈ ചിത്രത്തിൽ ശരാശരി 1600 ഓളം വിഎഫ്എക്സ് ഷോട്ടുകളാണ് ഉണ്ടാകുക. എന്നാൽ മാർവലിന്‍റെ 10 മണിക്കൂർ ദൈർഖ്യമുള്ള ഒരു ടെലിവിഷൻ ഷോയിൽ 3000 ത്തിലധികം വിഎഫ്എക്സ് ഷോട്ടുകൾ ഉൾപ്പെടുത്താനായിരുന്നു സ്റ്റുഡിയോ ആവശ്യപ്പെട്ടതെന്നാണ് മാർക്ക് പാച്ച് എന്ന വിഎഫ്എക്സ് ആർട്ടിസ്റ്റ് അവകാശപ്പെടുന്നത്. ഇദ്ദേഹം മാർവലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഒരു കണ്ടന്‍റിന് വേണ്ടി വിഎഫ്എക്സ് ചെയ്തിട്ടുണ്ട്. സ്റ്റുഡിയോ ആവശ്യപ്പെടുന്ന തരത്തിൽ 3000 വിഎഫ്എക്സ് ഷോട്ടുകൾ പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കണമെങ്കിൽ മൂന്ന് മാസത്തോളം അവധിയില്ലാതെ, എല്ലാ ദിവസവും ശരാശരി 18 മണിക്കൂറുകൾ പണി എടുക്കേണ്ടി വരുമെന്നാണ് മാർക്ക് പാച്ച് പറയുന്നത്. ഇത് കാരണം മാർക്ക് ഇനിയുള്ള ഒരു മാർവൽ പ്രോജക്ടുമായും സഹകരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read: Marvel: ഇവരും കണ്ടേനെ ഈ സിനിമകളില്‍, ഒഴിവാക്കിയത് മാർവൽ തന്നെ
മതിയായ പ്രതിഫലം ലഭിക്കാത്തതും മാർവൽ സ്റ്റുഡിയോസിൽ നിന്ന് വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ അകലാൻ കാരണമായിട്ടുണ്ട്. മറ്റ് സ്റ്റുഡിയോകൾ അവരുടെ ജീവനക്കാർക്ക് നൽകുന്നതിനേക്കാൾ 20 ശതമാനം കുറഞ്ഞ പ്രതിഫലം ആണ് മാർവൽ വിഎഫ്എക്സ് ആർട്ടിസ്റ്റുകൾക്ക് നൽകുന്നത്. ഇത് കാരണം ഭൂരിഭാഗം വിഎഫ്എക്സ് ആർട്ടിസ്റ്റുകളും മാർവൽ സ്റ്റുഡിയോസിന് കീഴിൽ വർക്ക് ചെയ്യാൻ മടിക്കുന്നു എന്നാണ് ഹോളിവുഡ് സിനിമാ ലോകത്തെ ചർച്ച. മാർവലിൽ നിന്ന് പിരിഞ്ഞുപോയ ധ്രുവ് ഗോവിൽ എന്ന വിഎഫ്എക്സ് ആർട്ടിസ്റ്റ് നടത്തിയ പരസ്യ പ്രസ്താവന മുൻപ് തന്നെ ചർച്ചാ വിഷയമായിരുന്നു. ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, സ്പൈഡർമാൻ നോ വേ ഹോം എന്നീ ചിത്രങ്ങൾക്ക് വേണ്ടി വി.എഫ്.എക്സ് വർക്കുകൾ ചെയ്ത ആളായിരുന്നു ഇദ്ദേഹം. മാർവൽ സ്റ്റുഡിയോസിലെ ജോലി ഭാരം കാരണം തന്‍റെ സഹ പ്രവർത്തകരിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഇത് അവരിൽ വിഷാദം ഉണ്ടാക്കാൻ വരെ കാരണമാക്കുന്നുവെന്നുമായിരുന്നു ധ്രുവ് ഗോവിൽ ആരോപിച്ചത്.
എന്നാൽ മാർവലിലെ ഫേസ് ഫോറിന്‍റെ വരവോടെയാണ് വിഎഫ്എക്സ് ആർട്ടിസ്റ്റുകൾക്ക് സമ്മർദ്ദം ഉയർന്നതെന്നാണ് ഒരു പ്രധാന ആരോപണം. ഫേസ് 3 ൽ നിന്ന് വ്യത്യസ്തമായി ഫേസ് 4 ൽ മാർവൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കണ്ടന്‍റുകൾ പുറത്തിറക്കാൻ ശ്രമിച്ചു. കഴിഞ്ഞ വർഷം മാത്രം മാർവൽ 3 ടെലിവിഷൻ സീരീസുകളും 3 സിനിമകളും 2 ടെലിവിഷൻ സ്പെഷ്യൽസുമാണ് റിലീസ് ചെയ്തത്. ഇത് കാരണം വിഎഫ്എക്സ് ആർട്ടിസ്റ്റുകൾക്ക് ഫേസ് 3 യുടെ ഇരട്ടി ജോലി ഫേസ് 4 ൽ ചെയ്യേണ്ടതായി വരുന്നു. ചിലപ്പോൾ ഇത് കാരണമാകാം മാർവൽ ഫേസ് 4 ൽ പുറത്തിറങ്ങിയ കണ്ടന്‍റുകളുടെ വിഷ്വല്‍ എഫക്ടുകൾ സംബന്ധിച്ച് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നതും. നിരന്തരം വിഎഫ്എക്സ് ആർട്ടിസ്റ്റുകളുമായി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് കാരണം സ്വന്തമായി ഒരു വിഎഫ്എക്സ് സ്റ്റുഡിയോ ആരംഭിക്കാനും മാർവൽ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് അഭ്യുഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...