ഫാൻസിന് മാർവലിന്‍റെ ക്രിസ്മസ് ഗിഫ്റ്റ് ; പുതിയ ട്രെയിലർ പുറത്ത്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി സ്ട്രീം ചെയ്യാൻ പോകുന്ന മാർവൽ സ്പെഷ്യൽ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ഹോളീഡേ സ്പെഷ്യലിന്‍റെ ട്രൈലറാണ് മാർവൽ പുറത്ത് വിട്ടത്
ആന്‍റ് മാൻ ആന്ഡ് വാസ്പ് ക്വാണ്ടം മാനിയ ട്രൈലർ ആരാധകർ ആഘോഷമാക്കുന്ന സമയത്ത് തന്നെ മാർവൽ മറ്റൊരു ട്രൈലർ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി സ്ട്രീം ചെയ്യാൻ പോകുന്ന മാർവൽ സ്പെഷ്യൽ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ഹോളീഡേ സ്പെഷ്യലിന്‍റെ ട്രൈലറാണ് മാർവൽ പുറത്ത് വിട്ടത്. വെയർവൂൾഫ് ബൈ നൈറ്റിന് ശേഷം പുറത്തിറങ്ങുന്ന മാർവലിന്‍റെ രണ്ടാമത്തെ സ്പെഷ്യൽ പ്രസന്‍റേഷൻ കൂടിയാണ് ഇത്. ഫാൻസിന്‍റെ ഭാഗത്ത് നിന്ന് വലിയ വരവേൽപ്പാണ് ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ടീമിന്‍റെ മൂന്നാം വരവിന് ലഭിച്ചത്. ഈ വർഷം പുറത്തിറങ്ങിയ തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിൽ ഗാർഡിയൻസ് ടീം അംഗങ്ങൾ എത്തുന്നുണ്ടെങ്കിലും അവരെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുന്ന മൂന്നാമത്തെ മാർവൽ കണ്ടന്‍റാണ് ഇത്.
ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോള്യം 3 യുടെ റിലീസിന് മുൻപുള്ള ഒരു ചെറിയ സാമ്പിൾ തന്നെയാകും ഈ ഹോളീഡേ സ്പെഷ്യലെന്ന് ഉറപ്പാണ്. ജെയിംസ് ഗൺ തന്നെയാണ് ഇതിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫാൻസിനെ പൊട്ടിച്ചിരിപ്പിക്കാനുള്ള ഒരുപാട് തമാശ രംഗങ്ങൾ ഹോളീഡേ സ്പെഷ്യലിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മാർവലിന്‍റെ ഭാഗമായി പുറത്തിറങ്ങിയ ഷീ ഹൾക്ക് സീരീസിലെ പല തമാശകളും ക്രിഞ്ച് ആയിപ്പോയെന്ന് പറഞ്ഞ് മിക്ക മാർവൽ ആരാധകരും പരാതി ഉന്നയിച്ചിരുന്നു. ഇതിനൊക്കെ ഒരു മറുപടി എന്നോണം ഒരുപിടി നല്ല തമാശകളുമായി ആകണം മാർവലിന്‍റെ വരവ്.
ക്രിസ്മസ് സമയത്ത് നടക്കുന്ന ചില സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ഗാർഡിയൻസ് ഓഫ് ദി ഗാലക്സി ഹോളീഡേ സ്പെഷ്യലിന്‍റെ കഥ പറയുന്നത്. ചിത്രത്തിന്‍റെ ട്രൈലർ തുടങ്ങുമ്പോൾ ഗാർഡിയൻസിൽ ഒരാളായ ക്രാഗ്ലിൻ സംസാരിക്കുന്ന ഒരു രംഗമാണ് കാണിക്കുന്നത്. അതിൽ അദ്ദേഹം പറയുന്നുണ്ട് ഭൂമിയിൽ ഇപ്പോൾ ക്രിസ്മസ് സമയമാണെന്ന്. എന്നാൽ ക്രിസ്മസ് ആഘോഷിച്ച് സമയം കളയാനൊന്നും പറ്റില്ലെന്ന് നെബുല ഉടൻ തന്നെ പറയുന്നുണ്ട്. എന്നാൽ അപ്പോഴാണ് മാന്‍റിസിന് ഒരു ഐഡിയ തോന്നുന്നത്. നമുക്കെല്ലാർക്കും അറിയാം, ഗാർഡിയൻസ് ഓഫ് ദി ഗാലക്സിയുടെ ലീഡറായ പീറ്റർ ഇപ്പോഴും ഗമോറയെ നഷ്ടപ്പെട്ട വലിയ വിഷമത്തിലാണ്. പാസ്റ്റിൽ നിന്ന് വന്ന ഗമോറ ഇപ്പോൾ എവിടെയോ ഉണ്ട് എങ്കിലും അവരെ കണ്ടെത്താൻ പീറ്ററിന് സാധിക്കുന്നില്ല.
പീറ്ററിന്‍റെ ഈ വിഷമത്തെപ്പറ്റി തോർ ലവ് ആന്‍റ് തണ്ടറിലും പരാമർശിക്കുന്നുണ്ട്. എന്തായാലും ഈ ക്രിസ്മസ് ഒരു വലിയ ആഘോഷമാക്കി പീറ്ററിന്‍റെ മൂഡ് ഒന്ന് ശരിയാക്കിയെടുക്കണന്ന് മാന്‍റിസ് പറയുന്നു. അപ്പോഴാണ് നമ്മുടെ ഡ്രാക്സിനും ഇത് ശരിയാണെന്ന് തോന്നുന്നത്. എന്തായാലും പീറ്റർ ഒരിക്കലും മറക്കാത്ത ഒരു നല്ല ക്രിസ്മസ് ഗിഫ്റ്റ് അവന് കൊടുക്കണമെന്ന് മാന്‍റിസ് ഉറപ്പിക്കുന്നു. അപ്പോള്‍ ഡ്രാക്സ് പറയുന്നു എന്തായാലും അവന് വളരെ സ്പെഷ്യൽ ആയ ഒരാളെ തന്നെ ഗിഫ്റ്റ് ആയി കൊടുത്തേക്കാമെന്ന്. അത് മറ്റാരും അല്ല, പ്രശസ്ത ഹോളിവുഡ് താരം കെവിൻ ബേക്കണാണ്. നമുക്കറിയാം ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോള്യം വൺ മുതൽ തന്നെ കെവിൻ ബേക്കണെപ്പറ്റി പറയുമ്പോൾ പീറ്ററിന് നൂറ് നാവാണ്. പീറ്റർ കുട്ടിയായിരുന്നപ്പോൾ കണ്ടിട്ടുള്ള കെവിന്‍റെ ഫുട്ലൂസ് ഉൾപ്പെടെയുള്ള സിനിമകൾ അയാൾക്ക് വലിയ ഇഷ്ടമാണ്.
എന്തായാലും പീറ്ററിന്‍റെ വാചകമടി കേട്ട മാന്‍റിസും ഡ്രാക്സും വിചാരിച്ച് വച്ചിരിക്കുന്നത് കെവിൻ ബേക്കൺ ഏതോ വലിയ സൂപ്പർ ഹീറോ ആണെന്നാണ്. പീറ്ററിന് ക്രിസ്മസ് ഗിഫ്റ്റ് ആയി കെവിൻ ബേക്കണെ തന്നെ എത്തിച്ചുകൊടുക്കാൻ തീരുമാനിച്ച മാന്‍റിസും ഡ്രാക്സും ഭൂമിയിലെത്തി നേരെ കെവിന്‍റെ വീട്ടിലേക്കെത്തുന്നു. ഇവരെ കണ്ട കെവിൻ ബേക്കൺ പേടിച്ച് ഓടുന്നതും അയാളെ പിടിക്കാനായി ഇവർ പിന്നാലെ ഓടുന്നതുമൊക്കെ ട്രൈലറിൽ വളരെ രസകരമായി കാണിച്ചിട്ടുണ്ട്. എന്തായാലും ഫാൻസിനെ കുടുകുടാ ചിരിപ്പിക്കുന്ന ഒരുപാട് കോമഡി രംഗങ്ങള്‍ ഈ ഹോളീഡേ സ്പെഷ്യലിൽ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ട്രൈലറിൽ ഗാർഡിയൻസ് ഓഫ് ദി ഗാലക്സിയിലെ മറ്റ് അംഗങ്ങൾ എവിടെയോ ഒത്ത് കൂടി ക്രിസ്മസ് ആഘോഷിക്കുന്ന രംഗങ്ങളും കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഹാവ്കായ് സീരീസാണ് മാർവൽ ആരാധകർക്ക് സമ്മാനമായി കൊടുത്തത്. ഇത്തവണത്തെ ക്രിസ്മസ് സമ്മാനവും ആരാധകർ വലിയ ആവേശമാക്കും എന്ന പ്രതീക്ഷയിലാണ് മാർവൽ സ്റ്റുഡിയോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...