മേരി ആവാസ് സുനോയ്ക്ക് വേണ്ടി 40 കൊല്ലങ്ങൾക്കിപ്പുറം `വെള്ളിച്ചില്ലം വിതറി` കൃഷ്ണചന്ദ്രൻ
ഐവി ശശി സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിലെ പാട്ടിന് ബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി.ഉമ്മർ ആയിരുന്നു ഈണം പകർന്നത്
'വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴുകും...' മലയാളികളുടെ ചുണ്ടിൽ ഇന്നും തത്തിക്കളിക്കുന്ന ഗാനമാണിത്. ഐവി ശശി സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിലെ പാട്ട്. ബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി.ഉമ്മർ ആയിരുന്നു ഈണം പകർന്നത്. വർഷങ്ങൾക്കിപ്പുറം പ്രജേഷ് സെൻ സംവിധാനം ചെയ്ത്, മഞ്ജുവാര്യരും ജയസൂര്യയും അഭിനയിച്ച, മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ ഗാനം വീണ്ടും പുറത്തിറങ്ങുകയാണ്. അന്ന് ആ പാട്ട് പാടിയ കൃഷ്ണചന്ദ്രൻ തന്നെയാണ് വീണ്ടും പാട്ട് പാടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
"എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു പാട്ടാണ് വെളളിച്ചില്ലം വിതറി. കുട്ടിക്കാലത്തൊക്കെ മൂളി നടന്നൊരു പാട്ട്. മേരി ആവാസ് സുനോയിൽ ഒരു പാർട്ടി മൂഡുള്ള സോങ് വേണമായിരുന്നു. പഴയൊരു പാട്ട് റീമിക്സ് ചെയ്യാമെന്ന് വിചാരിച്ചപ്പോൾ ആദ്യം ഓർമയിൽ വന്നത് ഈ പാട്ടാണ്. അന്ന് അത് പാടിയ കൃഷ്ണചന്ദ്രൻ ചേട്ടൻ തന്നെ പാടിയാൽ നന്നായിരിക്കുമെന്ന് തോന്നിയാണ് വിളിച്ചത്. അദ്ദേഹത്തിനും പൂർണസമ്മതം. ചിത്രത്തിലെ
പശ്ചാത്തലസംഗീതം ചെയ്ത യാക്സൺ ഗ്യാരി പെരേരയും നേഹ നായരും ചേർന്നാണ് പാട്ട് റീമിക്സ് ചെയ്തത്. റെക്കോർഡ് ചെയ്ത് വന്നപ്പോൾ വളരെ നന്നായിട്ടുമുണ്ട്. ചിത്രത്തിൽ എം.ജയചന്ദ്രൻ ഈണമിട്ട മറ്റ് ഗാനങ്ങൾക്കൊപ്പം ഈ പാട്ടും ആസ്വാദകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്'' സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.
അന്ന് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പാട്ട് പുതിയകാലത്തും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ കൂടി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വെള്ളിച്ചില്ലം വിതറി പാടാനായതിൽ സന്തോഷമുണ്ടെന്ന് ഗായകൻ കൃഷ്ണചന്ദ്രൻ പറയുന്നു. മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മേരി ആവാസ് സുനോ റിലീസ് ചെയ്യും. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ്. മറ്റ് ഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ ആസ്വാദകർ ഏറ്റെടുത്തിരുന്നു. ബി.കെ.ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനങ്ങൾ പ്രേക്ഷകരിലെത്തുന്നത്. ഹരിചരൺ, ജിതിൻരാജ്, സന്തോഷ് കേശവ്, ആൻ ആമി എന്നിവരാണ് മറ്റ് ഗാനങ്ങൾ പാടിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നിരുന്നു.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. രജപുത്ര റിലീസ് ആണ് വിതരണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ശിവദ, ജോണി ആന്‍റണി,ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ , മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റെ ഇന്റർനാഷണൽ വിതരണം. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, കിരൺ രാജ് വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ഡിഐ-മോക്ഷ പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഒകെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...