Minnal Murali : എന്താണ് മിന്നൽ മുരളിയിൽ കാത്തുവെച്ചിരിക്കുന്ന സസ്പെൻസ്?
ശക്തിമാനെയും, സ്പൈഡർ മാനെയും, മാർവെൽ സൂപ്പർ ഹീറോകളെയും കണ്ട് വളർന്ന ആരാധിച്ച ഒരു തലമുറയിലേക്ക് കൂടിയാണ് മിന്നൽ മുരളി (Minnal Murali) എത്തുന്നത്.
Kochi : കേരളം അതിന്റെ ആദ്യ സൂപ്പർ ഹീറോ (Super hero) താരോദയത്തിനായി കാത്തിരിക്കുകയാണ്. ശക്തിമാനെയും, സ്പൈഡർ മാനെയും, മാർവെൽ സൂപ്പർ ഹീറോകളെയും കണ്ട് വളർന്ന ആരാധിച്ച ഒരു തലമുറയിലേക്ക് കൂടിയാണ് മിന്നൽ മുരളി (Minnal Murali) എത്തുന്നത്.
മലയാളത്തിന് ഇന്ന് വരെയുണ്ടായിട്ടുള്ള അത്ഭുത കഥാപാത്രങ്ങളെല്ലാം കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ മിന്നൽ മുരളി എല്ലാവരെയും ഉദ്ദേശിച്ച് കൊണ്ടുള്ള ഒരു സിനിമയാണ്. ചിത്രം വമ്പൻ ഹിറ്റായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കുടുംബത്തോടൊപ്പം തന്നെ കാണേണ്ട ഒരു സിനിമയാണെന്ന് സംവിധായക അഞ്ജലി മേനോനും പറഞ്ഞു കഴിഞ്ഞു.
മിന്നൽ മുരളി എന്ന് കേൾക്കുമ്പോ നമുക്ക് ഓർമ വരുന്ന മറ്റൊരു പേരുണ്ട്, മിന്നൽ പ്രതാപൻ. മനു അങ്കിളിലെ ചട്ടമ്പി പോലീസുക്കാരനായി എത്തി നമ്മെ എല്ലാവരെയും ചിരിപ്പിച്ച സുരേഷ് ഗോപിയുടെ കഥാപാത്രം. മാത്രമല്ല ഇടിവെട്ട് ജോണി, കൊമ്പൻ ഹമീദ്, ഇവയെല്ലാം ചട്ടമ്പികളുടെ പേരുകളായിരുന്നു. എന്നാൽ സമാനമായ ഇത്തരം പേരിനൊപ്പമാണ് ബേസിൽ ജോസഫ്, തന്റെ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നത്.
ആദ്യമായി ചിത്രത്തിന്റെ പോസ്റ്റർ അവതരിപ്പിച്ചപ്പോൾ മിന്നൽ മുരളി എന്താണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇതൊരു സൂപ്പർ ഹീറോ ചിത്രമാണെന്ന് ട്രെയ്‌ലർ വന്നതിന് ശേഷമാണ് മനസിലാക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സർപ്രൈസുകൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ടാവാം.
പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം എത്തുന്ന സൂപ്പർ ഹീറോകളും, ഒരു നാടിൻറെ രക്ഷയ്ക്കായി നിലകൊള്ളുന്നവരും ഒക്കെയുണ്ട്. ഇതിൽ മിന്നൽ മുരളി ഏത് രീതിയിലുള്ള സൂപ്പർ ഹീറോയാണെന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് .
അടുത്തതായി ഉയർന്ന വരുന്ന മറ്റൊരു ചോദ്യമാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോയെന്നത്. ഒരു സാധാരണ മനുഷ്യനിൽ നിന്നും സൂപ്പർ ഹീറോയിലേക്ക് ഉയരുന്നതും തുടർന്നുള്ള സംഭവങ്ങളും മിന്നൽ മുരളിയെ ഒരു ചിത്രത്തിൽ മാത്രം ഉൾക്കൊള്ളിക്കാൻ സാധിക്കുമോ എന്നുള്ളതാണ് ചോദ്യം. അതിനാൽ തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും പ്രതീക്ഷിക്കാം.
ALSO READ: Minnal Murali Premier Time : മിന്നൽ മുരളിയുടെ നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ സമയം പുറത്ത് വിട്ടു
സാങ്കേതിക മികവാണ് അടുത്തതായി ചിന്തിക്കേണ്ടത്. ഹോളിവുഡിലെ എല്ലാ സൂപ്പർ ഹീറോ സിനിമകളും മികച്ച സാങ്കേതിക വിദ്യകളോടൊപ്പം എത്തിയതായിരുന്നു. ഇത്തരത്തിൽ ഒരു തട്ടിച്ച് നോക്കൽ ഹോളിവുഡ് സൂപ്പർ ഹീറോകളും മിന്നൽ മുരളിയും തമ്മിൽ ഉണ്ടാകുമെന്ന് കാര്യത്തിൽ സംശയമില്ല. ഈ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ചിത്രത്തിന് കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.
നെറ്റ്ഫ്ലിക്സ് ഇന്റർനാഷണൽ ലെവൽ പ്രൊമോഷനായിരുന്നു ചിത്രത്തിന് വേണ്ടി ഒരുക്കിയത് . പ്രിയങ്ക ചോപ്രയും, യുവരാജ് സിങ്ങും, ഗ്രേറ്റ് ഖാലിയും വരെ ഒരു മലയാള ചിത്രത്തിന് വേണ്ടി അണിനിരന്നിരുന്നു. ഇനി ആ അത്ഭുതമാണ് കാണേണ്ടത്. അതിന് നാളെ ഉച്ചയ്ക്ക് ഒന്നര വരെ കാത്തിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...