എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ ഇറങ്ങിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ​ഗാനത്തിന് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ആർആർആറിലെ ഈ ​ഗാനം ഒരുക്കിയത് എം.എം കീരവാണിയാണ്. ​ഗാനത്തിന് പിന്നിലെ ഈ മഹാപ്രതിഭയെ ഇന്ത്യൻ സിനിമ ഒന്നടങ്കം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ആർആർആറും കീരവണിയും ഇന്ത്യൻ സിനിമയുടെ അഭിമാനം ആ​ഗോളതലത്തിൽ ഉയർത്തിയിരിക്കുകയാണ്. കൊഡൂരി മരകതമണി കീരവാണി എന്ന ഈ പ്രതിഭ സം​ഗീത സംവിധായകൻ മാത്രമല്ല മറിച്ച് ​ഗായകനും , ​ഗനരചയിതാവും കൂടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ഭാഷകളിലായി 220ലേറെ ​​ചിത്രങ്ങൾക്കാണ് കീരവാണി ഈണം പകർന്നത്. മലയാള സിനിമ മേഖലയ്ക്കും ഇത് അഭിമാന നിമിഷമാണ്. മലയാള സിനിമയ്ക്കായുള്ള കീരവാണിയുടെ സംഭാവനയും വളരെ വലുതാണ്. മൂന്ന് മലയാള ചിത്രങ്ങൾക്കാണ് കീരവാണി സം​ഗീതം നൽകിയിട്ടുള്ളത്. നീല​ഗിരി, സൂര്യമാനസം, ദേവരാ​ഗം എന്നീ ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് ഈണം പകർന്നത് ഈ മഹാപ്രതിഭയാണ്. സിനിമയുള്ളിടത്തോളം ആളുകൾ മറക്കാത്ത ​ഗാനങ്ങളാണ് ഈ ചിത്രങ്ങളിലേത്. 


നീല​ഗിരി - 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് നീല​ഗിരി. രഞ്ജിത്ത് എഴുതി ഐ.വി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം നൽകിയത് കീരവാണിയാണ്. മമ്മൂട്ടി, മധുബാല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു നീല​ഗിരി. 'കിളി പാടും ഏതോ', 'തുമ്പി നിൻ മോഹം' തുടങ്ങിയ പാട്ടുകൾ ഇന്നും ആളുകൾ കേൾക്കാനിഷ്ടപ്പെടുന്ന ​ഗാനങ്ങളാണ്. 


സൂര്യമാനസം - പുട്ടുറുമീസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രമാണ് സൂര്യമാനസം. 1992ൽ ഇറങ്ങിയ ചിത്രം വിജി തമ്പി ആണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ 'തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം' എന്ന ​ഗാനം ഓരോ മലയാളിയുടെയും മനസിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. എത്ര കേട്ടാലും മതി വരാത്ത ഈ ​ഗാനത്തിന് ഈണം നൽകിയതും എം.എം കീരവാണിയാണ്. 


ദേവരാ​ഗം - അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ദേവ​രാ​ഗം. ഇന്നും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ദേവരാ​ഗത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയവയാണ്. ഇവയുടെ സം​ഗീതം ഒരുക്കിയതും ഇപ്പോൾ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയ എം.എം കീരവാണിയാണ്. 'ശിശിരകാല മേഘമിഥുന', 'ശശികല ചാർത്തിയ', 'യയയ യാ യാദവ' തുടങ്ങിയ ഗാനങ്ങൾ എത്ര തലമുറകളെടുത്താലും മായാത്ത ഗാനങ്ങളാണ്. 


Also Read: Golden Globes 2023: ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം


തെലുങ്ക്, മലയാളം സിനിമകൾക്ക് മാത്രമല്ല കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം ​ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 1997 അണ്ണാമയ്യ എന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് കീരവാണി ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. 


ഇന്ത്യയുടെ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡാണിത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ​ഗാനത്തിന് ഇന്ത്യയുടെ എആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.