കൊച്ചി: യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരമായെന്ന് ചലച്ചിത്ര താരവും 'അമ്മ' പ്രസിഡന്‍റുമായ മോഹന്‍ലാല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

താര സംഘടനയായ എഎംഎംഎയുടെ ചർച്ചയിലാണ് തർക്കങ്ങൾക്ക് പരിഹാരമായെന്ന് മോഹൻലാൽ അറിയിച്ചത്. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കാമെന്നും കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കാമെന്നും ഷെയ്ന്‍ സമ്മതിച്ചതായി മോഹൻലാൽ അറിയിച്ചു. 


ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കുമെന്നും പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയും ഡബ്ബ് ചെയ്യാൻ നിർദേശിച്ചതോടെ ഷെയ്ൻ വഴങ്ങുമെങ്കിലും അധിക പ്രതിഫലത്തിന്റെ കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല. 


5 ലക്ഷം രൂപ കരാർ ഉറപ്പിച്ച് ആരംഭിച്ച ഉല്ലാസം ഡബ്ബ് ചെയ്യാനായി 20 ലക്ഷം രൂപ കൂടി ഷെയ്ൻ അധികം ആവശ്യപ്പെട്ടതാണ് വിവാദമായത്. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്.


സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ത്തുതീർപ്പാക്കാൻ ഇടപെട്ടിരുന്നു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു. 


മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ കത്തയക്കുകയും ചെയ്തിരുന്നു. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്തത്. നേരത്തേയും വിവാദ പ്രസ്താവനയില്‍ ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. 


പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.


ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്തെത്തിയിരുന്നു.