മീസില്‍സ് റൂബില്ല വാക്‌സിനേഷനു പിന്തുണയുമായി മോഹന്‍ലാല്‍. വാക്‌സിനേഷന്‍ ക്യാമ്പൈനിനെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ ചില അശാസ്ത്രീയ വീക്ഷണക്കാര്‍ നടത്തുന്നുണ്ട്. അതിനാല്‍ തന്നെ ശാസ്ത്രീയമായി വാക്‌സിനേഷന്‍റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു പ്രചരണം നടത്തിയെങ്കിലും 60 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയ താരം വാകിസിനേഷന്‍ യജ്ഞത്തിന് പിന്തുണയുമായി എത്തുന്നത്. സമൂഹം ഒന്നായി നിന്ന് രണ്ട് മാരക രോഗങ്ങളെ ചെറുക്കുന്നതിനുള്ള സമയമാണിതെന്നും അശാസ്ത്രീയ പ്രചാരകരെ മറന്നേക്കൂവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ പറയുന്നു. പത്താം മാസം മുതൽ പത്താം ക്ലാസ്‌ വരെയുള്ള കൊച്ചു മിടുക്കൻമാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ്‌ ഇതിന്‍റെ ഗുണഭോക്താക്കൾ. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്‍കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍ പടരുന്നത്‌ എന്നെന്നേക്കുമായി നമുക്ക് തടയാൻ കഴിയൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.