Nayanthara Surrogacy: നാല് മാസം കൊണ്ട് നയൻതാര അമ്മയായതെങ്ങനെ? സ്വയം ഗർഭം ധരിക്കാതെ അമ്മയാകാനുള്ള വഴി സറോഗസി
Nayanthara Surrogacy: ഗർഭം ധരിക്കണമോ വേണ്ടയോ, മാതാപിതാക്കൾ ആകണമോ, വാടക ഗർഭത്തിലൂടെ രക്ഷിതാക്കളാകണമോ എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നത് ഈ സമൂഹം ഇതുവരെ മനസ്സിലാക്കിയിട്ടില്ല
2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാരയുടെ വിവാഹം. വളരെ ആഘോഷപൂർവമായിരുന്നു തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം. നയൻതാരയുടെ വിവാഹം ഓരോ ഘട്ടത്തിലും വളരെ വാർത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു. നാല് മാസങ്ങൾക്കിപ്പുറം നയൻതാരയും വിഘ്നേഷ് ശിവനും മാതാപിതാക്കളായ സന്തോഷം പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചു. നയൻതാരയുടെ വിവാഹത്തിന് ശേഷം ഇരുവരെയും സംബന്ധിച്ച് ഇപ്പോൾ ഇതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. നാല് മാസം കൊണ്ട് നയൻതാര എങ്ങനെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. പത്ത് മാസം ചുന്ന് പെറ്റ കണക്ക് എങ്ങനെ പറയുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സദാചാര വാദികളുടെ രോദനം. നാല് മാസം കൊണ്ടാണോ നയൻതാര പ്രസവിച്ചത്? അതോ വിവാഹത്തിന് മുൻപേ ഗർഭം ധരിച്ചോ? വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുന്നത് ശരിയാണോ? അതോ നയൻതാരയ്ക്ക് പകരം വേറെയാരെങ്കിലും ആണോ പ്രസവിച്ചത്? പല തരത്തിലുള്ള ആശങ്കകൾ കൊണ്ട് വശംവദരായിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ സദാചാരവാദികൾ.
നൊന്തുപെറ്റാാലേ അമ്മയാകൂവെന്ന പാരമ്പര്യ മാമൂൽ വാദങ്ങളെ തകർക്കുന്നതായിരുന്നു സറോഗസിയെന്ന വാടക ഗർഭധാരണം. ഇന്നും വാടക ഗർഭധാരണം ശരിയോ തെറ്റോ എന്ന കാര്യത്തിൽ നമ്മുടെ സമൂഹത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഗർഭം ധരിക്കണമോ വേണ്ടയോ, മാതാപിതാക്കൾ ആകണമോ, വാടക ഗർഭത്തിലൂടെ രക്ഷിതാക്കളാകണമോ എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നു പോലും ഈ സമൂഹം ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നത് ഒരേ സമയം വേദനാജനകവും നാണിപ്പിക്കുന്നതുമാണ്. നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ഉണ്ടായ വിവരം പങ്കുവച്ച പോസ്റ്റിനും ഇതേ കുറിച്ചുള്ള വാർത്തകൾക്കും താഴെ വരുന്ന കമന്റുകൾ കണ്ടാൽ സമൂഹം പിറകിലോട്ടാണോ മുന്നിലേക്കാണോ സഞ്ചരിക്കുന്നതെന്ന സംശയം തീർച്ചയായും ഉണ്ടാകും. സോഷ്യൽ മീഡിയ എന്തും വിളിച്ചു പറയാനുള്ള ഇടമാണെന്നും തങ്ങളുടെ സദാചാര വാദങ്ങൾ പഠിപ്പിക്കാനുള്ള ഇടമാണെന്നും ധരിച്ചുവച്ചിരിക്കുന്ന ഒരു കൂട്ടം ആളുകളുടെ വൃത്തികെട്ട ചിന്താഗതികളാണ് ഇത്തരം കമന്റുകളിലൂടെ പുറത്ത് വരുന്നത്.
ബോളിവുഡിന് സറോഗസി എന്ന വാക്ക് പുതുമയല്ല. എന്നിട്ടും ഷാരൂഖ് ഖാൻ മുതൽ പ്രിയങ്ക ചോപ്ര വരെയുള്ള താരങ്ങൾ വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായതിന് സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. ഷാരൂഖ് ഖാൻ - ഗൗരി, ശിൽപാഷെട്ടി-രാജ് കുന്ദ്ര, ആമിർ ഖാൻ-കിരൺ റാവു, പ്രിയങ്ക ചോപ്ര-നിക് ജൊനാസ്, കരൺ ജോഹർ, ലിസ റേ, ഏക്താ കപൂർ തുടങ്ങി നിരവധി താരങ്ങൾ ഇത്തരത്തിൽ മാതാപിതാക്കളായിട്ടുണ്ട്.
എന്താണ് സറോഗസി? സോഷ്യൽമീഡിയയിൽ ഇത്രമാത്രം ചർച്ചയാകാനും സൈബർ ആക്രമണങ്ങൾ അഴിച്ചുവിടാനും മാത്രം എന്താണ് സറോഗസിക്കുള്ള കുഴപ്പം? ഒരു സ്ത്രീ ഗർഭവതിയാകുന്നതിന് പകരം ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി കുഞ്ഞിനെ പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് സറോഗസി അഥവാ വാടക ഗർഭധാരണം. ദമ്പതികളുടെ തന്നെ അണ്ഡവും ബീജവും തമ്മിൽ സങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സിക്താണ്ഡത്തെ മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് കുഞ്ഞിനെ പ്രസവിക്കുന്ന രീതിയുണ്ട്. അല്ലെങ്കിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ തന്നെ അണ്ഡം ദമ്പദികളിൽ ഭർത്താവിന്റെ ബീജവുമായി കൃത്രിമബീജസങ്കലനത്തിനായി നൽകി ആ സിക്താണ്ഡം ഉപയോഗിച്ച് പ്രസവിക്കുന്ന രീതിയുമുണ്ട്.
ദമ്പതികളിൽ ആരുടെയെങ്കിലും ബീജം മറ്റാരുടെയെങ്കിലും ബീജവുമായി സംയോജിപ്പിച്ച് സിക്താണ്ഡം സൃഷ്ടിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് പ്രസവിക്കുന്ന രീതിയുമുണ്ട്. ഇന്ത്യയിൽ വാടക ഗർഭധാരണം നിയമവിധേയമാണ്. എന്നാൽ, ഇതിന് ചില ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്. ദമ്പതികൾക്ക് വന്ധ്യതയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിലാണ് വാടക ഗർഭധാരണം അനുവദിക്കുന്നത്. വിവാഹിതരായി അഞ്ച് വർഷത്തിന് ശേഷമാണ് വാടകഗർഭധാരണത്തിന് അനുമതിയുള്ളത്. ആരോഗ്യകാരണങ്ങൾ വ്യക്തമാക്കുന്ന രേഖങ്ങൾ ഹാജരാക്കണം. സറോഗസിക്ക് തയ്യാറാകുന്ന സ്ത്രീയുടെ ആരോഗ്യവും ഉറപ്പുവരുത്തണം. ഗർഭധാരണത്തിനുള്ള മെഡിക്കൽ മെന്റൽ ഫിറ്റ്നസുകളും ഉറപ്പ് വരുത്തണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...