Neru Movie: പൂജാ ചടങ്ങുകളോടെ `നേരി`ന് തുടക്കമായി; മോഹൻലാൽ ഉടൻ ജോയിൻ ചെയ്യും
മോഹൻലാൽ നായകനാകുന്ന നേര് ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് ഷൂട്ടിംഗ് തുടങ്ങിയത്.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നേര് ചിത്രീകരണം തുടങ്ങി. ചിങ്ങം 1 ആയ ഇന്ന്, ഓഗസ്റ്റ് 17നാണ് ചിത്രീകരണം തുടങ്ങിയത്. പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ജീത്തു ജോസഫും ഭാര്യയും, ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂരും ഭാര്യയും, ജഗദീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണിത്. ഗണേശ് കുമാർ, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
നീതി തേടുന്നു എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 25ന് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. നേര് അറിയാൻ കാത്തിരിക്കാം എന്നായിരുന്നു ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ച പ്രതികരണം. വീണ്ടും ജീത്തു മോഹൻലാൽ കുട്ടുകെട്ട് ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്.
റാം ആണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ - ഓർഡിനേറ്റർ പീറ്റർ പെഡ്രേറോയാണ്. മിഷൻ ഇമ്പോസ്സിബിൾ എന്ന ചിത്രത്തിൻറെ മുഴുവൻ സ്റ്റണ്ട് കോ - ഓർഡിനേറ്റിങ് ടീമും റാമിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...