ചരിത്രത്തിലാദ്യമായി 2024 ൽ മലയാള സിനിമ 1000 കോടിയുടെ തിളക്കത്തിൽ മുന്നേറുകയാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം എന്നീ ചിത്രങ്ങൾ മോളിവുഡിന്റെ കീർത്തി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും എത്തിച്ചു. നോയിഡയിലെ തിയേറ്ററിൽ നിന്ന് ആവേശം എന്ന ചിത്രം കണ്ട ഒരു പ്രമുഖ ബോളിവുഡ് ഫിലിം ക്രിട്ടിക്ക്, ചിത്രത്തിന് ലഭിച്ച പ്രേക്ഷക പിന്തുണ കണ്ട് അത്ഭുതപ്പെട്ടുവെന്ന് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ മലയാള സിനിമയുടെ ഈ സ്വപ്ന നേട്ടം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതാണോ? ഒരിക്കലുമല്ല. വൻ നഷ്ടങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച്, പല പ്രമുഖ യൂട്യൂബേഴ്സും പരിഹസിച്ച വർഷമായിരുന്നു 2023.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ 2023 മലയാള സിനിമയ്ക്കു കണ്ടകശനിയായിരുന്നുവെങ്കിൽ ബോളിവുഡിന് ശുക്രനായിരുന്നു. ജനുവരി 25 ന് ഷാരൂഖ് ഖാന്റെ പഠാനിൽ തുടങ്ങി അനിമൽ വരെ ഏകദേശം 7000 കോടിയിലധികം ബിസിനസ് ബോളിവുഡ് സൃഷ്ടിച്ചു. നോർത്ത് ഇന്ത്യയിൽ കോവിഡ് സമയത്ത് അടച്ചുപൂട്ടിയ പല സിംഗിൾ സ്ക്രീൻ തീയറ്ററുകളും ബോളിവുഡിന്റെ തിരിച്ചു വരവോടെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. നാളുകൾക്കു ശേഷം തിയേറ്ററുകൾ പൂരപ്പറമ്പായി മാറി. എന്നാൽ 2024 ൽ ബോളിവുഡ് വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.


ALSO READ: ടർബോ ജോസിനെ കാത്ത് ആരാധകർ; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാംസ്ഥാനത്ത്


ഈ വർഷം ഏറ്റവും വലിയ തകർച്ച നേരിട്ട ചിത്രങ്ങളിലൊന്നാണ് ഫൈറ്റർ. പഠാൻ പുറത്തിറങ്ങി കൃത്യം ഒരു വർഷത്തിന് ശേഷം 2024 ജനുവരി 25 നാണ് ഫൈറ്റർ പുറത്തിറങ്ങിയത്. പഠാന്റെ വൻ വിജയത്തിന് ശേഷം ബ്ലോക്ബസ്റ്ററിൽ കുറഞ്ഞതൊന്നും സംവിധായകനായ സിദ്ധാർത്ഥ് ആനന്ദും ഫൈറ്ററിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നു മാത്രം 22 കോടി കളക്ഷൻ സ്വന്തമാക്കി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം ആ വീക്കെന്റ് മികച്ച കളക്ഷൻ നേടിയിരുന്നു.


എന്നാൽ തിങ്കളാഴ്ച ആയപ്പോൾ കളക്ഷനിൽ വൻ ഇടിവാണ് ചിത്രം നേരിട്ടത്. ബോക്സ് ഓഫീസിൽ 500 കോടിക്ക് മുകളിൽ പ്രവചിച്ചിരുന്ന ചിത്രത്തിന്റെ കളക്ഷൻ 337 കോടിയിൽ ഒതുങ്ങി ശരാശരിയായി മാറി. എന്നാൽ ഇതിലും വലിയ അടി കിട്ടിയത് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ ഈദ് റിലീസായി വന്ന ബഡേ മിയാൻ ഛോട്ടേ മിയാനെന്ന ചിത്രമാണ്. അക്ഷയ് കുമാറും ടൈഗർ ഷെറോഫും മലയാളി താരം പൃഥ്വിരാജും ഒന്നിച്ച മൾട്ടിസ്റ്റാർ സിനിമയായിട്ടും ബോക്സ് ഓഫീസിൽ 100 കോടി പോലും കളക്ഷൻ സ്വന്തമാക്കാതെ വലിയ ദുരന്തമായി ബഡേ മിയാൻ ഛോട്ടേ മിയാൻ മാറി.


ഇതിൽ തീർന്നില്ല, കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്തോ സെൻ ഒരുക്കിയ ബസ്തർ ദി നക്സൽ സ്റ്റോറി, സ്വാതന്ത്യ വീർ സവർക്കർ എന്ന ബയോപ്പിക്, അജയ് ദേവ്ഗണിന്റെ ബിഗ് ബജന്റ് ഹിസ്റ്റോറിക്കൽ സ്പോർട്സ് മൂവി മൈദാൻ, ആക്ഷൻ ചിത്രം യോധ, മേരി ക്രിസ്മസ് എന്നീ ചിത്രങ്ങളും വൻ പരാജയങ്ങളായി മാറി. അതേ സമയം ലാപ്പതാ ലേഡീസ്, ശൈത്താൻ, ക്രൂ, തേരി ബാത്തോം മേം ഐസാ ഉൽജാ ജിയാ, എന്നീ ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയങ്ങളും നേടി. എന്നാൽ ഈ വർഷം മൊത്തത്തിലുള്ള ബോളിവുഡിന്റെ കളക്ഷൻ കഴിഞ്ഞ വർഷത്തെ നാലിലൊന്നു പോലും വരില്ല. ഇനി ആകെ ഈ വർഷം ബോളിവുഡിൽ വൻ പ്രതീക്ഷയുള്ള ചിത്രം അജയ് ദേവ്ഗണിന്റെ സിങ്കം 3 മാത്രമാണ്.


ALSO READ: നസ്ലിനും അഭിനവ് സുന്ദർ നായകും ഒന്നിക്കുന്ന ചിത്രം; വീണ്ടുമൊരു ഹിറ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ


2017 ലെ ബാഹുബലി തരംഗത്തിന് ശേഷം സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ഭരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാല്‍ 2023ൽ ബോളിവുഡിനെ വീണ്ടും ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്തെത്തിച്ചത് ഷാരൂഖ് ഖാനായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പഠാനും ജവാനും 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു. ബോളിവുഡിന്റെ കിംഗ് ഖാൻ തിരിച്ചു വന്നപ്പോൾ അത് ബോളിവുഡിന് തന്നെ പുത്തൻ ഉണർവായിരുന്നു.


ഗദ്ദർ 2, അനിമൽ, ഡങ്കി, ടൈഗർ 3, റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങി പല ഹിന്ദി ചിത്രങ്ങളും രാജ്യത്തിനകത്തും പുറത്തും റെക്കോർഡ് കളക്ഷൻ സൃഷ്ടിച്ചു. സൂപ്പർ സ്റ്റാർ യുഗം അവസാനിക്കുന്നുവെന്ന് നിരൂപകർ ആവർത്തിച്ചു പറയുമ്പോഴും ആ വാദത്തെ ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് ബോളിവുഡിൽ ഇന്ന് കാണാൻ കഴിയുന്നത്. ഷാരൂഖ് ഖാന്റെ തിരിച്ചു വരവോടെ രക്ഷപ്പെട്ട ബോളിവുഡ് ഇന്റസ്ട്രി 2024 ൽ ഒരു ബ്ലോക്ബസ്റ്ററിനു വേണ്ടി കൊതിക്കുകയാണ്. തകർച്ച നേരിടുന്ന ബോളിവുഡിനെ കൈപിടിച്ചുയർത്താൻ ഇനി ഒരു കിംഗ് ഖാൻ ചിത്രം തന്നെ വേണ്ടി വരുമോ..? കാത്തിരുന്ന് കാണാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.