അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഫെബ്രുവരി 24ന് ഇറങ്ങിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നുണ്ട്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന ഭാവനയ്ക്ക് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. ഒരു മികച്ച ഫീൽ ​ഗുഡ് സിനിമയാണിതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിത സിനിമയെ കുറിച്ച് സംവിധായകനും നടനുമായ മേജർ രവി ഫേസ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധ നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തില്‍ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തിയിരിക്കുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.


മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 


''ഇന്നലെ ഞാനൊരു സിനിമ കാണുകയുണ്ടായി. 'ൻ്റെ ഇക്കാക്കാക്കൊരു പ്രേമണ്ടാർന്നു'... 


ചെന്നൈയിൽ വെച്ചാണ് ഞാനീ സിനിമ കണ്ടത്. എന്തുകൊണ്ടോ എനിക്കത് വളരെയധികം ഇഷ്ടപ്പെട്ടു. 


കുട്ടിക്കാലത്തെ സ്കൂൾ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രണയകാലം ഓർമ്മിപ്പിക്കുന്ന ഒരു ചിത്രം. ആ കാലത്തുണ്ടാകുന്ന പ്രണയത്തിന് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടതായി വരും. കാരണം അയൽവക്കക്കാർ കണ്ടാലോ മാഷുമാർ കണ്ടാലോ വലിയ പ്രശ്നങ്ങൾ ഉണ്ടാകാം. വീട്ടുകാർ അറിഞ്ഞാൽ പിന്നെ ഉണ്ടാകുന്ന പുകിലുകൾ പറയേണ്ടതില്ലല്ലോ.. ഇതൊക്കെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. സത്യം പറഞ്ഞാൽ ചിത്രം കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ മനസ്സിലൂടെ കടന്നു പോയി. 


ഈ ചിത്രത്തിൽ എന്നെ സ്വാധീനിച്ച മറ്റൊന്ന് ഷറഫു ചെയ്ത കഥാപാത്രമാണ്. സഹോദര ബന്ധത്തിൻ്റെ മൂല്യം വളരെ അധികം കാത്ത് പരിപാലിക്കുന്നുണ്ട് ഈ ചിത്രത്തിൽ.. ഇതുപോലൊരു കുഞ്ഞിപെങ്ങൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചുപോയി ഒരുപാട്. 
ഏതൊരു അച്ഛനും തനിക്ക് പറ്റാതെ പോയ കാര്യങ്ങൾ സ്വന്തം മകനിലൂടെ നേടണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമായിരുന്നു അന്ന്. അതിൽ കൂടി കടന്നു പോകുന്ന ഒരു വ്യക്തിയെ നമുക്ക് ഈ ചിത്രത്തിൽ കാണാം. 


ഒരു ചെറിയ ആശയത്തിൽ നിന്ന് ഉടലെടുത്ത ചിത്രമാണെങ്കിൽ പോലും  ഒരു കൊച്ചു കുട്ടിക്ക് പോലും സന്തോഷത്തോടെ ഇരുന്ന് ഈ ചിത്രം കാണാൻ പറ്റും.. വൃത്തികെട്ട വാക്കുകളോ അസംസ് കാരികമായ  സാഹചര്യങ്ങളും ഈ ചിത്രത്തിൽ കാണാൻ സാധിക്കില്ല. 
ഹിന്ദു - മുസ്ലീം പ്രണയത്തിലൂടെ കടന്നു പോകുമെങ്കിലും ഒരിക്കലും ജാതികളെക്കുറിച്ച് ഈ ചിത്രം പരാമർശിക്കുന്നില്ല. മറിച്ച് മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ഒരു ചിത്രമാണിത്. 


ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്.   കണ്ടു പരിചയിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള പെൺകുട്ടിയെയാണ് ഈ ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. ഷറഫു എന്ന കൊച്ചു പയ്യനായി ഞാനെന്നും മനസ്സിൽ കരുതിയിരുന്ന വ്യക്തി ഇത്രയും പക്വതയോടു കൂടി, ഒരു നല്ല സഹോദരനായി, നല്ല കാമുകനായി, ഏതൊരു വ്യക്തിക്കുമുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സംഭവിക്കുമെങ്കിലും ആ പഴയകാല പ്രണയത്തിന് വില കൊടുക്കുന്നു. അതിനുവേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്ന ഒരു കഥാപാത്രമായി കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.


ഒരിക്കലും അഭിനയമാണെന്ന് തോന്നാത്ത വിധം വളരെ നാച്ചുറൽ ആയിരുന്നു ഷറഫു. അതുപോലെതന്നെ ഷറഫുവിന്റെ കുഞ്ഞു പെങ്ങൾ ഒരു രക്ഷയുമില്ല! ആ കൊച്ചു കുട്ടി മനസ്സിൽ തങ്ങിനിൽക്കുന്നു. ഷറഫുവിന്റെ അച്ഛനായി വന്ന അശോകനെ ഇങ്ങനെ ഒരു അച്ഛനായി കണ്ടതിൽ, കാരണം അശോകനെ എന്നും എനിക്കിഷ്ടമായിരുന്നു. അശോകന്റെ ഈ ഒരു കഥാപാത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇതുപോലൊരു അച്ഛൻ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. ആ മാനസിക സംഘർഷങ്ങളെ ശരിക്കും ഉൾക്കൊണ്ടുപോകുന്ന  ഒരച്ഛൻ.    ഈ കാലഘട്ടത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. 


ഇതിൽ അഭിനയിച്ചിരിക്കുന്ന ഭാവന, ഷറഫു, കൊച്ചു പെൺകുട്ടി, അശോകൻ തുടങ്ങി  എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും especially to the Director and the scriptwriter, അഭിനന്ദനങ്ങൾ.''



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.